ടയർ തിരഞ്ഞെടുക്കുമ്പോൾ
റോഡിനെയും വാഹനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ചക്രങ്ങളാണ്. ഓരോ ടയറുകളുടെയും പാറ്റേണും ത്രെഡുമൊക്കെ വ്യത്യസ്തമായിരിക്കും. അഡ്വഞ്ചർ വാഹനങ്ങളുടെ ടയറുകൾ പോലെ ആയിരിക്കില്ല സാധാരണ വാഹനങ്ങളുടേത്. നനഞ്ഞ പ്രതലങ്ങളിലൂടെ സുഗമമായ യാത്ര സാധ്യമാക്കുന്ന തരത്തിലുള്ള ടയറുകളുണ്ട്. ഇന്ത്യയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മഴക്കാലമൊന്നും ഉണ്ടാകാറില്ല. വേനലും മഴയുമൊക്കെ ചേർന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. അതിനാൽ മഴക്കാലത്തേക്കു മാത്രമായി ഉപയോഗിക്കാൻ കഴിയുന്ന ടയറുകൾ വാങ്ങണമെന്നില്ല. പകരം വരണ്ടതും നനഞ്ഞതുമായ കാലാവസ്ഥകളിൽ ഒരുപോലെ ഓടിക്കാൻ കഴിയുന്ന തരത്തിലുള്ള ടയർ തിരഞ്ഞെടുക്കാം. മഴക്കാലത്തേക്കു മാത്രമായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള ടയറുകൾ വേണമെന്നുള്ളവർക്ക് അതു വാങ്ങാം. അത്തരക്കാർ മഴക്കാലം ആരംഭിക്കുമ്പോൾ തന്നെ ടയർ മാറ്റുക. ടയറിലെ വ്യത്യസ്‌ത തരത്തിലുള്ള ട്രെഡുകളും പാറ്റേണുകളും ശ്രദ്ധിക്കുകയും അവയുടെ വ്യത്യാസം മനസിലാക്കി നിങ്ങൾക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും ചെയ്യുക.
advertisement
സുരക്ഷാ സാമഗ്രികൾ വാങ്ങുക. നനയാതിരിക്കാൻ റെയിൻ കോട്ട് ഉപയോഗിക്കുക
നിങ്ങൾ എത്ര നല്ല റൈഡറാണെങ്കിലും നിങ്ങൾക്ക് എത്രത്തോളം നല്ല വാഹനം ഉണ്ടെങ്കിലും സ്വയം സുരക്ഷക്കായി ഹെൽമെറ്റ്, ജാക്കറ്റ്, ഹാൻഡ് ഗ്ലൗസ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവ ഏതു കാലാവസ്ഥയിലും വേണം. എന്നാൽ മഴക്കാലത്ത് റൈഡിങ്ങ് ജാക്കറ്റ് നനയുകയും വെള്ളം കയറുകയും ചെയ്യുന്നത് പലർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല. ഇതു മറികടക്കാൻ മാർക്കറ്റിൽ ലഭ്യമായ മികച്ച വാട്ടർപ്രൂഫ് മഴക്കോട്ടുകൾ വാങ്ങാം.
ഓഫീസാവശ്യങ്ങൾക്കും മറ്റും വീട്ടിൽ നിന്നും സ്ഥിരം യാത്ര ചെയ്യുന്നവരാണെങ്കിൽ ഒരു റെയിൻകോട്ട് ഓഫീസിലും ഒന്ന് വീട്ടിലും സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം പ്രതീക്ഷിക്കാത്ത സമയമായിരിക്കും പലപ്പോഴും മഴ പെയ്യുക. മിക്ക ഇരുചക്ര വാഹനങ്ങളിലും ഇത്തരം സാധനങ്ങളൊക്കെ സൂക്ഷിക്കാൻ സ്ഥലമുണ്ടാകും. അവിടെയും റെയിൻ കോട്ട് വെയ്ക്കാവുന്നതാണ്.
മഴ പെയ്ത് തുടങ്ങുമ്പോൾ കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക
മഴ പെയ്തു തുടങ്ങുമ്പോൾ വെള്ളവും റോഡിലെ ഓയിലും ചേർന്ന് മിക്ക റോഡുകളിലും തെന്നൽ കൂടുതലായിരിക്കും. അതിനാൽ മഴ പെയ്യാനാരംഭിക്കുമ്പോൾ തന്നെ അടുത്തുള്ള ഏതെങ്കിലും കടയിലോ ബസ്‍ സ്റ്റോപ്പിലോ അൽപ സമയത്തേക്ക് കയറി നിൽക്കുക. അൽപനേരം കഴിഞ്ഞ് കുറേ വെള്ളം ഒഴുകിപ്പോയതിനു ശേഷം മാത്രം യാത്ര തുടരുന്നതാണ് നല്ലത്. ചിലപ്പോൾ മഴ പെയ്ത് കുറേ നേരം കഴിഞ്ഞാൽ പോലും റോഡിൽ മഴവിൽ നിറത്തിൽ ഓയിൽ കിടക്കുന്നത് പലരുടെയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. ഇത്തരം സാഹചര്യങ്ങളിൽ പേടിക്കേണ്ടതില്ല. വേഗത കുറച്ച് സാവധാനം വണ്ടി ഓടിക്കുക.