വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഓപ്ഷനുകളാണ് ചുവടെ നൽകുന്നത്. 2022ൽ വാങ്ങാൻ പരിഗണിക്കാവുന്ന മുൻനിര ഇവികൾ ഇതാ..
ഹ്യുണ്ടായ് കോന ഇലക്ട്രിക്
ഓഗസ്റ്റോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന കാറാണ് ഹ്യുണ്ടായ് കോന ഇലക്ട്രിക്. 39.2 kWh ലിഥിയം-അയൺ ബാറ്ററിയാണ് കാർ വാഗ്ദാനം ചെയ്യുന്നത്. നിർമ്മാതാക്കളുടെ അവകാശവാദമനുസരിച്ച്, ഫുൾ ചാർജിൽ 452 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. കാറിൽ ആറ് എയർബാഗുകളും സജ്ജീകരിച്ചിട്ടുണ്ടാകും. ഏകദേശം 24 ലക്ഷം രൂപയാണ് കാറിന്റെ പ്രതീക്ഷിക്കുന്ന വില.
advertisement
ടാറ്റ നെക്‌സോൺ ഇവി
തദ്ദേശീയമായി വികസിപ്പിച്ചെടുന്ന ടാറ്റ നെക്‌സോൺ ഇവി നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവികളിൽ ഒന്നാണ്. 14 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് കാറുകളിൽ ഒന്നാണിത്. ഫുൾ ചാർജിൽ 31 കിലോമീറ്റർ റേഞ്ച് ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.
എംജി ZS EV
MG ZS EVയ്ക്ക് ഏകദേശം 26 ലക്ഷം രൂപയാണ് വില. യാത്രക്കാർക്കും ഡ്രൈവർമാർക്കും സാങ്കേതികവിദ്യ നിറഞ്ഞ ഡ്രൈവിംഗ് അനുഭവമായിരിക്കും കാർ വാഗ്ദാനം ചെയ്യുക. 50.3 kWh ബാറ്ററിയാണ് ഈ കാറിലുള്ളത്. ഫുൾ ചാർജിൽ 461 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഓഡി ഇ-ട്രോൺ
ജർമ്മൻ വാഹന നിർമ്മാതാക്കളായ ഓഡിയും ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കാൻ മുൻനിരയിലുണ്ട്. നിലവിൽ ലഭ്യമായ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ഇവികളിൽ ഒന്നാണിത്. ഫുൾ ചാർജിൽ ഏകദേശം 430 കിലോമീറ്റർ റേഞ്ചാണ് ഓഡി ഇ-ട്രോൺ വാഗ്ദാനം ചെയ്യുന്നത്. ഓഡി ഇ-ട്രോണിന്റെ ഏകദേശ വില 1.1 കോടി രൂപയാണ്.
ജാഗ്വാർ ഐ-പേസ്
ഇന്ത്യൻ വിപണിയിൽ ലഭ്യമായ മറ്റൊരു മുൻനിര ഇവിയാണ് ജാഗ്വാർ ഐ-പേസ്. 100-kW ക്വിക് ചാർജിംഗാണ് കാറിന്റെ ഏറ്റവും വലിയ സവിശേഷത. മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്ന് ഐ പേസിനെ വേറിട്ടു നിർത്തുന്നതും ഇതാണ്. കാറിന്റെ ക്വിക്ക് ചാർജർ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ കാർ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 4.8 സെക്കന്റുകൾ കൊണ്ട് നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും കാറിന് കഴിയും.