ഇലക്ട്രിക് ബസുകൾ എത്തിയതോടെ നഗരം ചുറ്റുന്ന കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് ഹരിതമുഖമാകും. യാത്രക്കാർ കുറവായിരുന്ന ബ്ളൂറൂട്ടിൽ നാലു ബസുകളും മറ്റ് റൂട്ടുകളിൽ രണ്ടുവീതം ബസുകളുമാണ് നിരത്തിലിറങ്ങുന്നത്. 27 പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന താരതമ്യേന ചെറിയ ബസുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിക്കില്ലെന്നതാണ് പ്രത്യേകത. നിലവിലുള്ളതു പോലെ തന്നെ എവിടെപോകാനും പത്തുരൂപയാണ് ടിക്കറ്റ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന സിസിടിവി കാമറകളും ഓട്ടോമാറ്റിക് ഡോറുകളും പ്രത്യേകതയാണ്. അടുത്തമാസം 25 ഇലക്ട്രിക് ബസുകൾ കൂടി സിറ്റി സർക്കുലറിന്റെ ഭാഗമാകും.
advertisement
ഇന്ധനക്ഷമത കുറവുള്ള ലോഫ്ളോർ ബസുകളെ പൂർണമായി മാറ്റുന്നതോടെ പ്രതിമാസം 45 ലക്ഷം രൂപയാണ് മിച്ചംപിടിക്കാനാവുക. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനെയും വിമാനത്താവളത്തെയും ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിച്ചുള്ള 24 മണിക്കൂർ എയർ റെയിൽ സിറ്റി സർക്കിൾ ബസുകൾ ഗതാഗതമന്ത്രി ആന്റണി രാജു നാളെ ഫ്ളാഗ് ഓഫ് ചെയ്യും.
രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 120 കിലോമീറ്റർ സർവീസ് നടത്താൻ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. നിലവിൽ സിറ്റി സർവീസ് നടത്തുന്ന ബസുകൾക്ക് കിലോമീറ്റിന് 37 രൂപയാണ് ചെലവെങ്കിൽ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും. ഇലക്ട്രിക് ബസുകൾ ചാർജ് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്, ഇന്റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ് സ്‌റ്റേഷനും സെൻട്രൽ റെയിൽവേസ്‌റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ- റെയിൽ സർക്കുലർ സർവീസ്.
Also Read- മങ്കിപോക്സ് സംശയം: തൃശൂരിൽ യുവാവ് മരിച്ച സംഭവം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി
അതേസമയം, പുതിയ ബസുകളിൽ സ്വിഫ്റ്റിലെ ജീവനക്കാരെ നിയോഗിച്ചതിൽ യൂണിയനുകൾ പ്രതിഷേധത്തിലാണ്. എന്നാൽ സിറ്റി സർക്കുലറിനായി മറ്റ് ഡിപ്പോകളിൽ നിന്ന് വന്ന കെഎസ്ആർടിസി ജീവനക്കാരെ തിരികെ വിന്യസിക്കാനാകുമെന്നും നയപരമായ തീരുമാനമാണെന്നുമാണ് മാനേജ്മെന്റിന്റെ വാദം. ഇക്കാര്യത്തിൽ യൂണിയനുകളുമായി അനുരഞ്ജനത്തിന് ശ്രമിക്കുകയാണ് മാനേജ്മെന്റ്.