വാഹനത്തിന്റെ മോഡലിനെ ആശ്രയിച്ച് 7,500 മുതൽ 22,500 രൂപ വരെയാണ് വില വർദ്ധിപ്പിച്ചിരിക്കുന്നത്. മാരുതിയുടെ എൻട്രി ലെവൽ മോഡലായ ആൾട്ടോ 800ന്റെ വില 16,100 രൂപ വർദ്ധിച്ചു. എസ്-പ്രസ്സോയ്ക്ക് 7,500 രൂപ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഗൺ ആർ, സ്വിഫ്റ്റ് എന്നിവയുടെ വില യഥാക്രമം 12,500 രൂപയും 13,000 രൂപയും വർദ്ധിപ്പിച്ചു.
മാരുതിയുടെ ഹാച്ച്ബാക്കുകളിലേയ്ക്ക് വരുമ്പോൾ മാരുതി സുസുക്കി ഇഗ്നിസിന്റെ വില 14,680 രൂപയും ബലെനോയുടെ വില 15,200 രൂപയും വർദ്ധിച്ചു. കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ്സയ്ക്ക് 10,000 രൂപയുടെ വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെഡാൻ മോഡലായ മാരുതി സുസുക്കി സിയാസിന്റെ വില 20,500 രൂപ വർദ്ധിച്ചു. വില ഏറ്റവും കൂടുതൽ വർദ്ധിച്ചിരിക്കുന്നത് ഈക്കോയ്ക്കാണ്. 22,500 രൂപയാണ് ഇക്കോയ്ക്ക് വർദ്ധിച്ചിരിക്കുന്നത്.
advertisement
സ്റ്റീലിന്റെയും മറ്റ് വിലയേറിയ ലോഹങ്ങളുടെയും വിവിധ അസംസ്കൃത വസ്തുക്കളുടെയും വില വർദ്ധനവിനെ തുടർന്നാണ് കമ്പനി വിവിധ മോഡലുകളുടെ വില വർദ്ധിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ സ്വാധീനമാണ് നിർമ്മാണ ചെലവ് വർദ്ധിക്കാൻ കാരണം.
മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെയും സുസുക്കി മോട്ടോർ കോർപ്പറേഷന്റെയും ലയനത്തിന് ശേഷം കമ്പനി നടത്തുന്ന മൂന്നാമത്തെ ഔദ്യോഗിക വില വർധനവാണ് സെപ്റ്റംബറിലേത്. "വിതരണ ശൃംഖലയിലും കമ്പനി വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. ചിപ്പ് ക്ഷാമം, ഷിപ്പിംഗ് നിരക്കുകളിലെ വർദ്ധനവ്, അസംസ്കൃത വസ്തുക്കളുടെ വിലകൾ, ലോജിസ്റ്റിക്സിലെ അനിശ്ചിതത്വങ്ങൾ എന്നിവയാണ് വില വർദ്ധനവിലേയ്ക്ക് നയിക്കുന്ന പ്രധാന വെല്ലുവിളികളെന്ന് ”ഓട്ടോമോട്ടീവ് കമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ACMA) പ്രസിഡന്റ് സഞ്ജയ് കപൂർ ഓട്ടോകാറിനോട് പറഞ്ഞു.
ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാറുകളിലൊന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന് ജൂലൈയിൽ കമ്പനി 15,000 രൂപ വരെ വില വർധനവ് പ്രഖ്യാപിച്ചിരുന്നു. ജൂലൈയിൽ സ്വിഫ്റ്റ് വേരിയന്റിനൊപ്പം മുഴുവൻ സിഎൻജി മോഡലുകളുടെയും വില ഉയർത്തിയിരുന്നു. മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നിലവിലെ വില 8.1 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. 2021 ജൂണിൽ മാരുതി സുസുക്കി 1.65 ലക്ഷത്തിലധികം വാഹനങ്ങൾ നിർമ്മിച്ചിരുന്നു. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിനുശേഷം നഷ്ടപ്പെട്ട വിൽപ്പന വീണ്ടെടുക്കാൻ വാഹന വിപണി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കൾ ജൂൺ മാസത്തിൽ വിൽപ്പനയിൽ കുത്തനെ വർധന രേഖപ്പെടുത്തിയിരുന്നു.
