വൈദ്യുത കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ലിഥിയം സെല്ലുകൾ എന്നിവ നിർമിക്കുന്ന ജിഗാ ഫാക്ടറികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സംസ്ഥാന സർക്കാരുമായി കഴിഞ്ഞ ഫെബ്രുവരിയിൽ ഒല ധാരണയിൽ എത്തിയിരുന്നു. 7,614 കോടിയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നാണ് കരാറിൽ ഒല വിശദീകരിച്ചിരിക്കുന്നത്. 115 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നതാണ് ഒലയുടെ തമിഴ്‌നാട്ടിലെ ഏറ്റവും പുതിയ ജിഗാ ഫാക്ടറി. അടുത്ത വർഷം ആദ്യത്തോടെ ഫാക്ടറി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ 5 ജിഗാ വാട്ടായിരിക്കും ഫാക്ടറിയുടെ ശേഷി. വിവിധ ഘട്ടങ്ങളിലായി അത് 100 ജിഗാ വാട്ട് വരെ ഉയർത്തിക്കൊണ്ടു വരുമെന്നും ഒല പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
മുഴുവൻ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയാൽ, ലോകത്തിലെ ഏറ്റവും വലിയ സെൽ നിർമാണ ശാലകളിലൊന്നായി കൃഷ്ണഗിരിയിലെ ഗിഗാ ഫാക്ടറി മാറുമെന്നാണ് ഒലയുടെ അവകാശ വാദം. ‘ഞങ്ങൾക്കിത് അഭിമാന നിമിഷമാണ്. ഞങ്ങളുടെ ജിഗാ ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. വൈദ്യുത വാഹനരംഗത്തേക്കുള്ള ഇന്ത്യയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായിരിക്കുമിത്. ഇന്ത്യയെ ഒരു ആഗോള ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുന്നിൽ നമ്മൾ ഒരു പടി കൂടെ മുന്നോട്ടു വന്നിരിക്കുകയാണ്.’ ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗർവാൾ പറയുന്നു.
സെല്ലുകളും ബാറ്ററികളുമായി ബന്ധപ്പെട്ട ഗവേഷണ രംഗത്തും ഒല നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. സെല്ലുകളെ കുറിച്ചുള്ള ആധുനിക റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്ഥാപനങ്ങളിലൊന്ന് ബംഗളുരുവിൽ ഒല സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായി ഏർപ്പെട്ടിട്ടുള്ള കരാർ പ്രകാരം, ഒല ഒരു വലിയ ഫാക്ടറി സമുച്ചയം തന്നെയാണ് കൃഷ്ണഗിരിയിൽ സ്ഥാപിക്കുക. സെൽ നിർമാണ ശാല, വൈദ്യുത വാഹന നിർമാണ ശാല, വെൻഡർ – സപ്ലൈയർ പാർക്കുകൾ, വൈദ്യുത വാഹനങ്ങൾക്കായുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ സമുച്ചയത്തിന്റെ ഭാഗമായി ഒന്നിച്ച് പ്രവർത്തിക്കും.