രാജ്യത്ത് ഇവി വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കമ്പനിക്കോ, അധികൃതർക്കോ സാധിച്ചിട്ടില്ലെന്നാണ് മുംബൈയിൽനിന്നുള്ള ടാറ്റ നെക്‌സൺ ഇവി കാർ ഉടമ കാർമെലിറ്റ ഫെർണാണ്ടസ് പറയുന്നത്.
നെക്സോൺ ഇവിയുമായുള്ള യാത്രയ്ക്കിടെ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ കാർമെലിറ്റ സോഷ്യൽ മീഡിയയിൽ വിവരിച്ചു. നെക്സോൺ ഇവി കാർ തനിക്ക് ആവശ്യമില്ലെന്നും അത് തിരികെ എടുക്കണമെന്നും കാർമെലിറ്റ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു.
advertisement
ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുംബൈ നിവാസിയായ കാർമെലിറ്റ ഫെർണാണ്ടസ് കഴിഞ്ഞ വർഷം ഡിസംബറിൽ നെക്സോൺ ഇവി പ്രൈം ബുക്ക് ചെയ്യുന്നത്. ഈ വർഷം ആദ്യം ജനുവരിയിൽ കാർ ഡെലിവറിയായി ലഭിച്ചു. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. എന്നാൽ അടുത്തിടെ മുംബൈയിൽനിന്ന് പൂനെയിലേക്ക് അമ്മയ്ക്കൊപ്പം നടത്തിയ യാത്ര ഒരിക്കലും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത ഒന്നായി മാറിയെന്നും അവർ പറയുന്നു.
ബോംബെയിൽ നിന്ന് പൂനെയിലേക്കുള്ള 2 യാത്രകളാണ് കാർമെലിറ്റയെ ബുദ്ധിമുട്ടിലാക്കിയത്. ആദ്യ യാത്രയിൽ ബാറ്ററി തകരാർ കാരണം കാരണം കാർ വഴിയിലായി. പിന്നീട് അത് മാറ്റി. അതിനുശേഷം ചാർജിങ്ങിനുള്ള ZConnect പിന്തുണ നഷ്ടമായതോടെ ഫുഡ് മാളിൽ ചാർജിംഗ് പ്രശ്‌നം നേരിട്ടതോടെ കാർ വഴിയിലായി. ടാറ്റ കമ്പനിയെ ടാഗ് ചെയ്തുകൊണ്ടാണ് കാർമെലിറ്റ സോഷ്യൽ മീഡിയയിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. തനിക്ക് ഇനി കാർ ആവശ്യമില്ലെന്നും അത് കാർ തിരികെ എടുക്കണമെന്നും അവർ കമ്പനിയോട് ആവശ്യപ്പെട്ടു. പലതവണ ഇക്കാര്യം കസ്റ്റമർകെയറിൽ വിളിച്ചുപറയാൻ നോക്കിയെങ്കിലും ടാറ്റ നൽകിയ ടോൾഫ്രീ നമ്പർ പ്രവർത്തനരഹിതമായിരുന്നുവെന്നും കാർമെലിറ്റ പറയുന്നു.
കാർമെലിറ്റയുടെ പോസ്റ്റ് വളരെ വേഗം വൈറലായി. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിച്ചിരുന്ന പലരും ഇതിന് പരിഹാരം കാണാത്തതിന് കമ്പനിയെ രൂക്ഷമായി വിമർശിച്ചു. പെട്രോൾ-ഡീസൽ കാറുകളിലേക്ക് മാറുന്നതാണ് നല്ലതെന്നും പലരും പോസ്റ്റിനടിയിൽ കമന്‍റ് ചെയ്തു.