ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമ്മാതാക്കളാണ് ടാറ്റ മോട്ടോർസ്. വാഹന വിപണിയിൽ ഏകദേശം 14 ശതമാനം മേൽക്കൈ ടാറ്റയ്ക്കുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോർസുമായി (Hyundai Motors) കനത്ത മത്സരമാണ് ടാറ്റ മോട്ടോർസ് നടത്തുന്നത്. ഇത് കൂടാതെ നെക്സൺ ഇവിയുടെ വിജയത്തോടെ ഇലക്ട്രിക് കാർ വിപണിയുടെ 96 ശതമാനവും കയ്യടക്കിയിരിക്കുന്നത് ടാറ്റ മോട്ടോർസ് തന്നെയാണ്.
ഇന്ത്യയിൽ ഇലക്ട്രിക് വാഹനവിപണി അതിൻെറ ശൈശവദശയിലാണ്. അമേരിക്കൻ, ചൈനീസ് ഭീമൻമാർ വിപണി പിടിക്കും മുമ്പ് പറ്റാവുന്ന മേൽക്കൈ നേടാൻ പ്രാദേശിക കാർ കമ്പനിയായ ടാറ്റ മോട്ടോർസ് ശ്രമം നടത്തുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ മൊത്തം വാഹനങ്ങളുടെ വെറും 1 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുള്ളത്.
advertisement
മെയ് 11ന് പുതിയ ഇലക്ട്രിക് കാറായ ടാറ്റ നെക്സൺ മാക്സ് പുറത്തിറക്കിയപ്പോൾ ടാറ്റ ലക്ഷ്യമിട്ടത് ഇത് തന്നെയാണ്. ഇലക്ട്രിക് കാർ വിപണിയിലെ ആഗോള ഭീമനായ ഇലോൺ മസ്കിൻെറ ടെസ‍്‍ലയുടെ കാറുകളോട് കിടപിടിക്കുന്ന തരത്തിൽ അവിന്യയെന്ന (Avinya) മൂന്നാം ജനറേഷൻ ഇലക്ട്രിക് കാറും ടാറ്റയുടെ പദ്ധതിയിലുണ്ട്. 500 കിലോമീറ്റർ വരെയായിരിക്കും ഇതിൻെറ റെയ്ഞ്ച്. നെക്സൺ ഇവി മാക്സിൻെറ റെയ്ഞ്ച് 437 കിലോമീറ്ററാണ്. നിലവിലുള്ള നെക്സൺ ഇലക്ട്രിക് കാറിനേക്കാൾ 120 കിലോമീറ്റർ കൂടുതലാണിത്.
പുതിയ നെക്സൺ ഇവി മാക്സിന് 40.5kWh ലിഥിയം ബാറ്ററിയാണുള്ളത്. ബാറ്ററി കപ്പാസിറ്റി 33 ശതമാനം വരെ ഇതിന് കൂടുതലാണെന്ന് കമ്പനി അവകാശപ്പെടുന്നു. വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കുമെന്നതും ഇതിൻെറ പ്രത്യേകതയാണ്. 56 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാനാവുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. നെക്സൺ ഇവി മാക്സിൻെറ വില 17,74,000 രൂപ മുതൽ 19,24,000 രൂപ വരെയാണ്. നെക്സൺ ഇവിയുടെ വില 14,50,000 രൂപ മുതൽ 17,15,000 രൂപ വരെയാണ്. ഇന്ത്യയുടെ ഇലക്ട്രിക് കാർ വിപണിയിൽ ടാറ്റ നെക്സൺ ഇവി മാക്സ് ഒരു ഗെയിം ചെയ്ഞ്ചർ തന്നെയായി മാറുമെന്ന് വാഹന വിദഗ്ദനും എസ്ആൻറ്പി ഗ്ലോബ്ലൽ മൊബിലിറ്റി ഡയറക്ടറുമായ പുനീത് ഗുപ്ത പറഞ്ഞു. ഇലക്ട്രിക് കാർ വിപണിയിൽ എംജി മോട്ടോർസും ഹ്യുണ്ടായ് മോട്ടോർസുമാണ് ടാറ്റയ്ക്ക് വെല്ലുവിളിയാവുന്നത്. എന്നാൽ നിലവിൽ ഇവയുടെ ഇലക്ട്രിക് കാറുകൾക്ക് 24 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ വിലയുണ്ട്. അത് കൊണ്ട് ഉപഭോക്താക്കളുടെ ഫസ്റ്റ് ചോയ്സ് ടാറ്റയുടെ ഇലക്ട്രിക് കാറുകൾ തന്നെയാണ്.