കാർ പ്രേമിയും യൂട്യൂബറുമായ ഷിമ ബേസ് പോസ്റ്റുചെയ്‌ത കരാറിന്റെ ഫോട്ടോയും വെബ്‌സൈറ്റ് പങ്കിട്ടു. ഓർഡർ ചെയ്ത വാഹനം കയറ്റുമതി ചെയ്യുകയോ വിൽക്കുകയോ ചെയ്യില്ലെന്നുള്ള സമ്മതപത്രമാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്. കരാറിലെ നിബന്ധനകൾ പാലിക്കാതിരുന്നാൽ ടൊയോട്ടയുടെ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ വിലക്കും.
ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ചില പ്രശ്‌നങ്ങളും വിദേശനാണ്യ നിയമ ലംഘനങ്ങളുടെ അപകടസാധ്യതകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി നിബന്ധനകൾ വിശദീകരിച്ചിരിക്കുന്നത്. തീവ്രവാദികളുടെ ടൊയോട്ട വാഹന ഉപയോഗം കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. കഠിനമായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കാനാകുമെന്നതിനാൽ തീവ്രവാദികളും മറ്റും ധാരാളമായി ഉപയോഗിക്കുന്ന വാഹനമാണ് ടൊയോട്ട ലാൻഡ് ക്രൂയിസർ.
advertisement
തീവ്രവാദ ഗ്രൂപ്പുകൾ ഇത്രയധികം ടൊയോട്ട വാഹനങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടെന്ന് അമേരിക്കൻ സർക്കാർ ജാപ്പനീസ് വാഹന നിർമാതാക്കളോട് ചോദിച്ചതിന് ശേഷമാണ് ഈ നീക്കം. ഇതിന് കമ്പനി അറിയില്ലെന്ന മറുപടിയാണ് നൽകിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ സമീപകാല പ്രചാരണ വീഡിയോകളിലും ടൊയോട്ട വാഹനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം.
പുതിയ ലാൻഡ് ക്രൂയിസർ സമാനമായ കുപ്രസിദ്ധി നേടുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ടൊയോട്ട പുതിയ കരാർ നയവുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ കമ്പനി ഡീലർമാർക്കും ഉപഭോക്താക്കൾക്കും പിഴ നൽകേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ടൊയോട്ടയുടെ ഏറ്റവും പുതിയ വാഹന മോഡലാണ് ലാൻഡ് ക്രൂയിസർ 300. ലാൻഡ് ക്രൂയിസർ സീരീസ് ഉൽപാദനത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന രണ്ടാമത്തെ എസ്‌യുവി കൂടിയാണ്.
ദുബായ് പൊലീസ് സേനയ്ക്കായി പുതിയ മോഡൽ 2022 ടൊയോട്ട ലാൻഡ് ക്രൂയിസർ LC300 അടുത്തിടെ തിരഞ്ഞെടുത്തിരുന്നു. ദുബായ് പൊലീസ് ഇപ്പോൾ ഉപയോഗിക്കുന്ന ഇതിന്റെ മുൻഗാമിയായ LC200 നേക്കാൾ ഭാരം കുറവും കൂടുതൽ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു എന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകത. രണ്ട് എസ്‌യുവികളുടെയും വലിപ്പത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും പുതിയ തലമുറയിൽപ്പെട്ട വാഹനം പുതിയ ജിഎ-എഫ് ബോഡി-ഓൺ-ഫ്രെയിം ചേസിസിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡിസൈനിലും ഘടനയിലും മാറ്റം വരുത്തി കരുത്ത് വർധിപ്പിച്ചെങ്കിലും ഇതിന്റെ ഭാരം 200 കിലോഗ്രാം കുറച്ചിട്ടുണ്ട്. ലാൻഡ് ക്രൂയിസർ എൽസി 300ന്റെ ഇന്റീരിയർ കൂടുതൽ ലക്ഷ്വറി ഭാവം നൽകും വിധം പരിഷ്‌ക്കരിച്ചിട്ടുമുണ്ട്.
