ഗുവാഹത്തി-ഹൗറ റൂട്ടിൽ രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി മോദി അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യും. നിലവിലുള്ള എക്‌സ്പ്രസ് ട്രെയിൻ സർവീസുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രാ സമയത്തിൽ മൂന്ന് മണിക്കൂർ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 കിലോമീറ്റർ അടിസ്ഥാനമാക്കിയായിരിക്കും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ മിനിമം ടിക്കറ്റ് നിരക്ക് നിശ്ചയിക്കുക. ''കൺഫേം ആയ ടിക്കറ്റുകൾ മാത്രമെ ഇതിൽ അനുവദിക്കൂ. വെയിറ്റിംഗ് ലിസ്റ്റ് സംവിധാനമില്ലാത്തതിനാൽ കൺഫേം ആകാത്ത ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി കാൻസലാകും. അഡ്‌വാൻസ് റിസർവേഷൻ പിരീഡ്(എആർപി) മുതൽ എല്ലാ ബെർത്തുകളും ലഭ്യമാകും,'' ജനുവരി 9ന് ഇന്ത്യൻ റെയിൽവേ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
advertisement
ടിക്കറ്റ് കൺഫേം അല്ലാത്ത സാഹചര്യത്തിൽ ആർഎസി ടിക്കറ്റുകൾ പതിവ് പോലെ നൽകും. ആർഎസി പ്രകാരം രണ്ട് യാത്രക്കാർക്ക് സൈഡിലെ ഒരു ലോവർബെർത്ത് പങ്കിടാൻ അനുമതിയുണ്ട്.
മറ്റ് ട്രെയിനുകളെപ്പോലെ വന്ദേ ഭാരത് സ്ലീപ്പറിലും ജീവനക്കാർക്ക് ഡ്യൂട്ടി പാസ് ക്വാട്ടയ്ക്ക് പുറമെ സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്കും മുതിർന്ന പൗരന്മാർക്കും ക്വോട്ട അനുവദിക്കും.
3 ACയ്ക്ക് കിലോമീറ്ററിന് 2.4 രൂപയും 2ACയ്ക്ക് കിലോമീറ്ററിന് 3.1 രൂപയും ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയുമാണ് യാത്രക്കാരിൽനിന്ന് ഈടാക്കുക. അതിനാൽ 400 കിലോമീറ്റർ വരെയുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 3ACൽ 960 രൂപയും 2ACയ്ക്ക് 1240 രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമായിരിക്കും. ജിഎസ്ടിയും പ്രത്യേകമായി ഈടാക്കും.
അതുപോലെ, ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലുള്ള 1,000 കിലോമീറ്റർ ദൂരത്തിന്, 3AC-ക്ക് 2,400 രൂപയും, 2AC-ക്ക് 3,100 രൂപയും, ഫസ്റ്റ് എസിക്ക് 3,800 രൂപയുമാണ് നിരക്ക്. 2,000 കിലോമീറ്റർ ദൂരത്തിന്, 3AC-ക്ക് 4,800 രൂപയും 2AC-ക്ക് 6,200 രൂപയും 3AC-ക്ക് 7,600 രൂപയുമാണ് നിരക്ക്.
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന പ്രീമിയം ട്രെയിനുകളെ അപേക്ഷിച്ച് നിരക്കുകൾ അൽപം കൂടുതലാണ്. ഹൗറയ്ക്കും ഗുവാഹത്തിയ്ക്കും ഇടയ്ക്ക് രാജധാനി എക്‌സ്പ്രസ് സർവീസ് നടത്തുന്നില്ലെങ്കിലും ഡൽഹിക്കും മുംബൈക്കും ഇടയിലുള്ള സിഎസ്എംടി രാജധാനി ട്രെയിനിന് കിലോമീറ്ററിന് 2.10 രൂപ (3AC), 2.85 രൂപ (2AC), 3.53 രൂപ (1AC) എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്.
ആഢംബരവും ഒപ്പം സുരക്ഷയും സുഖകരമായ യാത്രയുമാണ് വന്ദേഭാരത് സ്ലീപ്പർ ടെയ്‌നുകൾ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ പശ്ചിമബംഗാളിലെ ഏഴ് ജില്ലകളിലൂടെ കടന്നുപോകും. പത്ത് സ്‌റ്റോപ്പുകളായിരിക്കും ഇതിനുണ്ടാകുക. വൈകുന്നേരം ആരംഭിച്ച് രാവിലെ അവസാനിക്കുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. 16 കോച്ചുകളാണ് ട്രെയിനിന് ഉണ്ടാകുക.
