2019 ഫെബ്രുവരി 15നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഡല്‍ഹി-വാരണാസി വരെയായിരുന്നു ഈ ട്രെയിനിന്റെ സഞ്ചാരം. ചെന്നെയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മ്മാണം നടന്നത്. 2019 ജനുവരിയിലാണ് ഈ ട്രെയിനുകളുടെ പേര് വന്ദേഭാരത് എന്നാക്കി മാറ്റിയത്. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ സ്ഥാപനമായ മെട്രോവാഗണ്‍മാഷ് (എംഡബ്യുഎം), ലോക്കോമോട്ടീവ് ഇലക്ട്രോണിക് സിസ്റ്റംസ് (എല്‍ഇഎസ്) എന്നിവയുടെ സംയുക്ത സംരംഭമായ കിനെറ്റ് റെയില്‍വെ സൊലൂഷന്‍സുമായി ഇന്ത്യന്‍ റെയില്‍വേ വിതരണക്കരാര്‍ ഒപ്പുവെച്ചു.
advertisement
ഇന്ത്യന്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഈ സംയുക്ത സംരംഭത്തിന്റെ ഭാഗമായ പ്രധാന റഷ്യന്‍ സ്ഥാപനങ്ങള്‍ക്കെതിരേ യുഎസ് അടുത്തിടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ സംയുക്തസംരംഭത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ചുറ്റിപ്പറ്റി ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ നീക്കം ഏറെ പ്രധാന്യമര്‍ഹിക്കുന്നുണ്ട്. വിവിധ റഷ്യന്‍ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ വ്യാവസായിക മേഖല, സാമ്പത്തിക സ്ഥാപനങ്ങള്‍, സാങ്കേതിവിദ്യ കൈമാറുന്ന സ്ഥാപനങ്ങള്‍ എന്നിവയെ ഉന്നമിട്ട് സെപ്റ്റംബര്‍ 14-നാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ദ ട്രെഷറീസ് ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്സ് കണ്‍ട്രോള്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
റഷ്യന്‍ പ്രഭു ആന്‍ഡ്രെ റമോവിച്ച് ബോക്കറേവ്, ഭാര്യ ഒല്‍ഗ വ്ളാദിമിറോവ്ന സിരോവത്സക്യ എന്നിവര്‍ക്കെതിരേയും ഇവരുടെ സ്ഥാപനമായ ട്രാന്‍സ്മാഷിനെതിരേയും യുഎസ് ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാന്‍സ്മാഷിന്റെ പ്രസിഡന്റാണ് ആന്‍ഡ്രെ റമോവിച്ച്. എംഡബ്ല്യുഎമ്മിന്റെ മാതൃസ്ഥാപനമാണ് ട്രാന്‍സ്മാഷ്. ട്രെയിൻ എഞ്ചിനുകളുടെയും ട്രെയില്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളാണ് ട്രാന്‍സ്മാഷ്.
ഇത് കൂടാതെ, റഷ്യയിലെ ട്രെയ്ന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളുമായും ആന്‍ഡ്രെക്ക് ബന്ധമുണ്ട്. ഈ ഉപരോധങ്ങളൊക്കെ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ വന്ദേ ഭാരത് പദ്ധതികള്‍ യാഥാര്‍ത്ഥമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കിനറ്റ് റെയില്‍വെ സൊലൂഷന്‍സ്. മൂന്നാമതൊരു രാജ്യമേര്‍പ്പെടുത്തിയ ഉപരോധം വന്ദേ ഭാരത് ട്രെയ്ന് പദ്ധതിയെ ബാധിക്കില്ലെന്ന് കിനറ്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കരാറിലെ നിബന്ധനകള്‍ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.