രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, കാലാവസ്ഥ, ഊര്‍ജ്ജം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കുറിച്ച് സ്റ്റാര്‍മര്‍ ചര്‍ച്ച നടത്തും. അടുത്തിടെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ (സിഇടിഎ) പുതിയ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബിസിനസ് നേതൃത്വങ്ങളുമായും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തി എന്നതിനൊപ്പം തന്നെ ചര്‍ച്ചയാകുകയാണ് അദ്ദേഹത്തിന്റെ യാത്രാ വിമാനവും. ഔദ്യോഗിക അന്താരാഷ്ട്ര യാത്രകള്‍ക്കായി സാധാരണ അദ്ദേഹം ഉപയോഗിക്കുന്നത് വെസ്പിന എന്നറിയപ്പെടുന്ന ആര്‍എഎഫ് വോയേജര്‍ ആണ്. എന്നാല്‍ ഇന്ത്യയിലേക്ക് പറക്കാന്‍ അതിനുപകരമായി ഉപയോഗിച്ചത് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബിഎ9100 വിമാനമാണ്. അദ്ദേഹത്തിന്റെ യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വാണിജ്യ വിമാനമാണിത്. വിപുലമായതും അതീവരഹസ്യവുമായ സുരക്ഷാ സംവിധാനങ്ങളും സുഖസൗകര്യങ്ങളുമാണ് പ്രധാനമന്ത്രിക്കായി വിമാനത്തില്‍ ഒരുക്കിയിരുന്നത്.
advertisement
യുകെ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് എത്തിച്ച വിമാനത്തിന്റെ സവിശേഷതകളും സുരക്ഷാ വിശദാംശങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
യൂറോപ്യന്‍ കമ്പനിയായ എയര്‍ബസ് ഇന്‍ഡസ്ട്രി നിര്‍മ്മിക്കുന്ന ഇരട്ട എഞ്ചിനുകളുള്ള സിംഗിള്‍ ഐസില്‍ ജെറ്റാണ് ബിഎ9100. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വിമാന ശ്രേണിയായ എയര്‍ബസ് എ320 കുടുംബത്തിലാണ് ഇതും വരുന്നത്. ഈ മോഡല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പറക്കല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കൂടാതെ എ320യുടെ ചെറിയൊരു പതിപ്പാണിത്. ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രൂപകല്പനയിലും സവിശേഷതകളിലും ഏതാണ്ട് സമാനമാണ്.
ബ്രിട്ടീഷ് എയര്‍വേയ്‌സിന് 25 എയര്‍ബസ് എ319 വിമാനങ്ങളുണ്ട്. ഓരോ വിമാനത്തിനും 144 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും. ഇതിന് 33.8 മീറ്റര്‍ നീളവും 11.8 മീറ്റര്‍ ഉയരവുമുണ്ട്. മണിക്കൂറില്‍ 828 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനും 6,700 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും ഇതിന് കഴിയും. ബ്രിട്ടീഷ് എയര്‍വേയ്‌സ് കുടുംബത്തില്‍ ബേബിബസ് എന്നറിയപ്പെടുന്ന എ319 സുഗമമായ പ്രകടനം, രൂപകല്പന, ഇന്ധനക്ഷമത എന്നിവയുടെ കാര്യത്തില്‍ പേരുക്കേട്ടതാണ്.
സഹയാത്രികര്‍ക്ക് കെയ്ര്‍ സ്റ്റാര്‍മറിന്റെ സന്ദേശം
ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ് യാത്രികരെ അഭിസംബോധന കെയ്ർ സ്റ്റാര്‍മര്‍ സംസാരിച്ചു. "ഇത് കോക്പിറ്റിലുള്ള പ്രധാനമന്ത്രിയാണ്. മുംബൈയിലേക്കുള്ള ബിഎ9100 വിമാനത്തിലേക്ക് ഊഷ്മളമായ സ്വാഗതം. ഇത് ഇന്ത്യയിലേക്കുള്ള യുകെയുടെ ഏറ്റവും വലിയ വ്യാപാര ദൗത്യമാണ്. നിങ്ങളെല്ലാവരും ഇതിലുണ്ടാകുന്നത് അത്യന്തം മനോഹരമാണ്. പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ ലഭ്യമായ അവസരങ്ങള്‍ പരിശോധിക്കാനും മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നു. യാത്ര ആസ്വദിക്കൂ. ഞാന്‍ പറന്നുയര്‍ന്നതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ നല്‍കാം", സ്റ്റാര്‍മര്‍ സഹയാത്രികരോട് പറഞ്ഞു.
യുകെ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയിലേക്ക് വന്ന സഹയാത്രികരുടെ വിവരങ്ങള്‍ സുരക്ഷാ, സ്വകാര്യതാ കാരണങ്ങളാല്‍ ലഭ്യമല്ല.
എല്ലാ വാണിജ്യ വിമാനങ്ങളെയും പോലെ കര്‍ശനമായ സുരക്ഷാ നടപടിക്രമങ്ങള്‍ ബിഎ9100 ഉം പാലിക്കുന്നു. യാത്രക്കാരെയും ബാഗേജുകളെയും എക്‌സ്-റേ സ്‌കാനിങ്ങിന് വിധേയമാക്കുന്നു. കൂടാതെ മൂര്‍ച്ചയുള്ളതോ തീപിടിക്കാന്‍ സാധ്യതയുള്ളതോ മറ്റ് നിരോധിത വസ്തുക്കളോ വിമാനത്തില്‍ കയറ്റാന്‍ സാധിക്കില്ല. വിമാനം പറന്നുയരുന്നതിന് മുമ്പ് എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എയര്‍ലൈന്‍ ജീവനക്കാരും ഉറപ്പാക്കും.
യുകെ പ്രധാനമന്ത്രിയെ പോലെ വിഐപികള്‍ യാത്ര ചെയ്യുമ്പോള്‍ അധിക സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടാകും. എന്നാല്‍ ഈ പ്രത്യേക വിമാനത്തിനായി ഒരുക്കിയ സുരക്ഷാ പ്രോട്ടോക്കോളുകളും ക്രമീകരണങ്ങളും രഹസ്യമാണ്.