പലർക്കും ഇതൊരു വിചിത്രമായ ചോദ്യമായി തോന്നിയേക്കാം. എന്നാൽ, വാഹനത്തിന് അനുയോജ്യമല്ലാത്ത ഇന്ധനങ്ങൾ നിറയ്ക്കുന്ന സംഭവങ്ങൾ നമുക്കിടയിൽ സർവസാധാരണമായി നടക്കാറുണ്ട് എന്നതാണ് വസ്തുത. പലപ്പോഴും ഏത് ഇന്ധനമാണ് നിറയ്‌ക്കേണ്ടത് എന്ന് പെട്രോൾ പമ്പിലെ ജീവനക്കാരോട് പറയാൻ പലരും മറന്നുപോകും. തൽഫലം പെട്രോൾ വാഹനത്തിൽ അബദ്ധവശാൽ ഡീസലാകും നിറയ്ക്കുക!
ആധുനിക വാഹനങ്ങളുടെ ഇന്ധന സംവിധാനം വളരെ കൃത്യതയേറിയതും സെൻസിറ്റീവുമാണ്. അതിനാൽ, തെറ്റായ ഇന്ധനം നിറച്ചാൽ അത് എഞ്ചിന്റെ തകരാറിന് വരെ കാരണമായേക്കാം. എന്നാൽ, അബദ്ധം പിണഞ്ഞെന്ന് വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞാൽ തെറ്റായ ഇന്ധനം നിറച്ചത് മൂലം വാഹനത്തിനുണ്ടാകുന്ന കേടുപാടുകൾ ഒഴിവാക്കാൻ കഴിയുമെന്ന് കാർട്ടോക് റിപ്പോർട്ട് പറയുന്നു.
advertisement
പെട്രോൾ വാഹനത്തിൽ ഡീസൽ നിറച്ചാൽ അത് വാഹനത്തിന്റെ ഇന്ധന ഫിൽറ്ററിനെ ബാധിക്കും. ഡീസൽ പെട്രോളിനേക്കാൾ ഘനമേറിയതാണ് എന്നതാണ് അതിന് കാരണം. അതിനാൽ വളരെ പെട്ടെന്ന് തന്നെ ഇന്ധന ഫിൽറ്ററിൽ തടസം രൂപപ്പെടുകയും വാഹനം പ്രവർത്തനരഹിതമാവുകയും ചെയ്യും. അതോടൊപ്പം ഇന്ധന ടാങ്കിൽ ഇതിനകം ഉണ്ടായിരുന്ന പെട്രോളും പുതുതായി നിറച്ച ഡീസലും കൂടിക്കലർന്നാൽ അത് സ്പാർക്ക് പ്ലഗ് പ്രോബ്ലം എന്ന തകരാറിന് കാരണമാകും. അതിന്റെ ഫലമായി വാഹനം ധാരാളമായി വെളുത്ത പുക പുറത്തുവിടുകയും ചെയ്യും.
തെറ്റായ ഇന്ധനം നിറയ്ക്കുന്നത് മൂലമുള്ള തകരാറുകൾ കൂടുതൽ ബാധിക്കുക ഡീസൽ വാഹനങ്ങളെ ആയിരിക്കും. ഡീസലിന്റെ ലൂബ്രിക്കേഷൻ മൂലം പ്രവർത്തിക്കുന്ന ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ തകരാറിലാവുന്നതാണ് അതിന് കാരണം. അതിനാൽ, ഡീസൽ വാഹനത്തിൽ പെട്രോൾ നിറച്ചാൽ ഇന്ധനം മുഴുവനായി കത്തിത്തീരാതെ വാഹനം കറുത്ത പുക പുറത്തേക്ക് വിടും. ഒരു പരിധി കഴിഞ്ഞാൽ വാഹനം പ്രവർത്തനരഹിതമാകും. പിന്നെ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല.
വാഹനത്തിൽ തെറ്റായ ഇന്ധനം നിറച്ചാൽ എന്ത് ചെയ്യണം?
വാഹനം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് തെറ്റായ ഇന്ധനമാണ് നിറച്ചതെന്ന് നിങ്ങൾ തിരിച്ചറിഞ്ഞാൽ ഇന്ധന ടാങ്കും എഞ്ചിനും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഇന്ധന ലൈൻ വിച്ഛേദിക്കുക. വാഹനം സ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ അബദ്ധം ബോധ്യപ്പെട്ട ഉടൻ വാഹനം നിർത്തി എഞ്ചിൻ ഓഫാക്കുക.
അതിനുശേഷം, ഒരു ഹോസ് ഉപയോഗിച്ച് വാഹനത്തിലെ ഇന്ധനം മുഴുവൻ പുറത്തേക്കെടുക്കുക. നിങ്ങൾക്ക് ഒറ്റയ്ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മെക്കാനിക്കിന്റെ സഹായം തേടുക. ഇന്ധനം മുഴുവൻ പുറത്തേക്കെടുത്താൽ എഞ്ചിൻ പ്രവർത്തിപ്പിച്ച് അവശേഷിക്കുന്ന ഇന്ധനം കൂടി തീർക്കുക. അതിനുശേഷം 2 ലിറ്ററെങ്കിലും ശരിയായ ഇന്ധനം നിറയ്ക്കുക. വാഹനത്തിൽ തെറ്റായ ഇന്ധനം ഒട്ടുമില്ലെന്ന് ഉറപ്പു വരുത്തിയാൽ ഇന്ധന ടാങ്കും എഞ്ചിനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാം.
