ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ ആന്റ് സ്പിതി ജില്ലയിലെ കാസയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് സുസ്ഥിരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
'കാസയിലെ 500 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണിത്. ഇവിടെയുള്ള ആദ്യത്തെ സ്റ്റേഷനാണിത്. സ്റ്റേഷനു നല്ല പ്രതികരണം ലഭിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.' വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് കാസ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (SDM) മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. വാഹന മലിനീകരണം പരിശോധിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വൃത്തിയുള്ള അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മണാലിയില്‍ നിന്ന് കാസയിലേക്ക് രണ്ട് സ്ത്രീകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഓടിച്ചതായും മജിസ്‌ട്രേറ്റ് പറഞ്ഞു.
'മലിനീകരണമില്ലാത്ത അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് രണ്ട് സ്ത്രീകള്‍ ഇലക്ട്രിക് വാഹനത്തില്‍ മണാലിയില്‍ നിന്ന് കാസയിലേക്ക് എത്തിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതിനാല്‍ കാലാവസ്ഥ പെട്ടെന്ന് മാറുകയാണ്, വാഹനങ്ങളില്‍ നിന്നുള്ള വാതകങ്ങളുടെ പുറന്തള്ളലും ഈ മലിനീകരണത്തിന്റെ ഒരു പ്രധാന കാരണമാണ്, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സ്റ്റേഷനിലെ ചാര്‍ജറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് മണാലിയില്‍ നിന്ന് കാസയിലേക്ക് ഇലക്ട്രിക് വാഹനത്തിലെത്തിയ വനിതകളില്‍ ഒരാള്‍ പറഞ്ഞു.
'ഞങ്ങള്‍ മണാലിയില്‍ നിന്ന് കാസയിലേക്ക് യാത്ര ചെയ്തു. ഇലക്ട്രിക് വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ കഴിയില്ലെന്ന ഒരു മിഥ്യാധാരണയുണ്ട്. അതിനാല്‍, അത് തെറ്റാണെന്ന് തെളിയിക്കാന്‍ ഞങ്ങള്‍ രണ്ടുപേരും ആഗ്രഹിച്ചിരുന്നു. ഇന്ന് മണാലിയില്‍ നിന്ന് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓടിച്ച് ആ ധാരണ ഞങ്ങള്‍ തിരുത്തി. ഞങ്ങള്‍ക്ക് വളരെ സുഖപ്രദമായ യാത്രയായിരുന്നു, ''യുവതി പറഞ്ഞു.
അതേസമയം, ഇലക്ട്രിക് വാഹനത്തിന് (ഇവി) പ്രതീക്ഷിച്ചതുപോലെ ഇന്ത്യയില്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ബുധനാഴ്ച വ്യവസായ സ്ഥാപനമായ സിഐഐയുടെ ഒരു വെര്‍ച്വല്‍ ഇവന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
'ഇ - സ്‌കൂട്ടര്‍, ഇലക്ട്രിക് ത്രീ വീലറുകള്‍, ഇ - റിക്ഷകള്‍, ഇ - കാര്‍ട്ടുകള്‍, ഇ - ബൈക്കുകള്‍ തുടങ്ങിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രാജ്യത്തുടനീളം നല്ല പ്രതികരണമാണ് ലഭിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ ഹൈഡ്രജനില്‍ റെയില്‍വേ, മെട്രോ, ദീര്‍ഘകാല ഇന്റര്‍സിറ്റി ബസുകള്‍ എന്നിവ സാധ്യമാക്കിയെടുക്കാന്‍ റോഡ് മന്ത്രാലയം പദ്ധതിയിടുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
