ഫോക്‌സ്‌വാഗൺ പോളോ (Volkswagen Polo)
വളരെക്കാലമായി ഈ പട്ടികയിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള മികച്ച കാറാണ് ഫോക്‌സ്‌വാഗൺ പോളോ. ഇന്നും പോളോയുടെ ഡിമാൻഡിന് കുറവില്ല. വില സ്ഥിരതയും ഗുണ നിലവാരവും തന്നെയാണ് ഇതിന് പ്രധാന കാരണം. 2014ൽ, ഗ്ലോബൽ എൻസിഎപി (NCAP) പോളോയെ ടെസ്റ്റ് ചെയ്തിരുന്നു. അഞ്ചിൽ നാല് റേറ്റിംഗാണ് കാറിന് ലഭിച്ചത്. മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു ഹാച്ച്ബാക്കാണ് പോളോ. വലുപ്പവും വിലയും കൂടുതലുള്ള മറ്റ് വാഹനങ്ങളിൽ ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഈ കാറിലും ലഭ്യമാണ്.
advertisement
ടാറ്റ ആൾട്രോസ്
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കാണ് 10 ലക്ഷം രൂപ (എക്സ്-ഷോറൂം) വില പരിധിയ്ക്കുള്ളിൽ വരുന്ന ടാറ്റാ ആൾട്രോസ്. ഒരു ഓൾറൗണ്ടർ കാർ വാങ്ങാൻ താത്പര്യപ്പെടുന്നവർക്ക് ഇത് ലാഭകരമായ ഒരു ഓപ്ഷനായിരിക്കും. ഗ്ലോബൽ എൻസിഎപി റേറ്റിംഗിൽ അഞ്ചിൽ അഞ്ച് റേറ്റിംഗും ലഭിച്ച കാറാണ് ആൾട്രോസ്. കാറിന്റെ മുൻവശത്തും പിന്നിലും ധാരാളം സ്ഥലമുണ്ട്. കൂടാതെ വളരെ സ്റ്റൈലിഷ് ലുക്കാണ് കാറിന്റെ മറ്റൊരു പ്രത്യേകത. 2021ന്റെ തുടക്കത്തിലാണ് ആൾട്രോസിൻറെ ടർബോ എഞ്ചിൻ പതിപ്പ് പുറത്തിറക്കിയത്. 7.73 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ആൾട്രോസ് നിരയിലെ ZX+ വേരിയന്റ് റെഗുലർ പെട്രോൾ ഡീസൽ എൻജിനുകളിലും വിപണിയിൽ എത്തുന്നുണ്ട്. ഇതിന് യഥാക്രമം 8.25 ലക്ഷം, 9.45 ലക്ഷം രൂപയുമാണ് വില. ഹ്യുണ്ടായി ഐ20 ടർബോ, ഫോക്സ് വാഗൺ പോളോ എന്നിവയാണ് അൽട്രോസ് ടർബോയുടെ പ്രധാന എതിരാളികൾ
മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ
മികച്ച പെർഫോമൻസും മിതത്വവും ഇടകലർന്ന മികച്ച ഒരു പെട്രോൾ എഞ്ചിൻ വാഹനമാണ് നിങ്ങൾ തിരയുന്നതെങ്കിൽ മാരുതി സുസുക്കി ബലേനോ ഒരു മികച്ച ഓപ്ഷനാണ്. എന്നാൽ ഇതുവരെ ഈ കാർ ഗ്ലോബൽ എൻസിഎപി റേറ്റുചെയ്‌തിട്ടില്ല. എന്നാൽ രണ്ട് സ്റ്റാൻഡേർഡ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ എന്നിവ ഈ കാറിന്റെ സവിശേഷതകളാണ്. ബലെനോയ്ക്ക് സമാനമായ ഫീച്ചറുകളാണ് ടൊയോട്ട ഗ്ലാൻസയും വാഗ്ദാനം ചെയ്യുന്നത്. ഈ വില നിലവാരത്തിൽ ഉൾപ്പെടുകയും ചെയ്യും.
ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്
വർഷങ്ങളായി ഐ10ന്റെ നിരവധി മോഡലുകൾ പുറത്തിറങ്ങി. ഏറ്റവും ഉയരമുള്ള കുട്ടി ഹാച്ച്ബാക്ക് പുറത്തിറക്കിയാണ് ഐ10 ആദ്യം വിപണിയിലെത്തിയത്. ഇപ്പോൾ ഗ്രാൻഡ് ഐ10 നിയോസിൽ എത്തി നിൽക്കുന്നു ഹ്യൂണ്ടായിയുടെ ഹാച്ച്ബാക്ക് വിഭാഗം. വിശാലമായ ഇന്റീരിയറും മികച്ച എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകളുമാണ് ഈ കാറിന്റെ പ്രധാന സവിശേഷത. കാറിന്റെ വില 4.99 ലക്ഷം മുതൽ 7.99 ലക്ഷം രൂപ വരെയാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിയോസ് മോഡലുകൾ ലഭ്യമാണ്.
ഹോണ്ട ജാസ്
പോളോയെ പോലെ തന്നെ ഹോണ്ട ജാസിനും മുന്നിൽ അൽപ്പം നീളം കൂടുതലുണ്ട്. എന്നാൽ സ്റ്റൈൽ, സ്പേസ്, എഞ്ചിൻ, ഗിയർബോക്സ് എന്നിവയുടെ കാര്യത്തിൽ മികച്ച ഓപ്ഷനാണ് ജാസ്. ലോകമെമ്പാടും ജനപ്രിയമായ ഒരു ആഗോള ഉൽപ്പന്നമാണിത്.
10 ലക്ഷം രൂപയിൽ താഴെ വില വരുന്ന നിരവധി മികച്ച വാഹനങ്ങൾ വിപണിയിൽ നിലവിലുള്ളതിനാൽ മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഐ20, ടാറ്റ ടിയാഗോ എന്നീ ഓപ്ഷനുകളും തള്ളിക്കളയാനാകില്ല. ഹ്യുണ്ടായ് സാൻട്രോയും താങ്ങാനാവുന്ന വിലയും സ്റ്റൈലിഷുമായ റെനോ ക്വിഡുമൊക്കെ ഈ വിഭാഗത്തിൽ തന്നെ വരുന്നു. അപ്പോൾ പുതുവർഷം ഏത് കാർ തിരഞ്ഞെടുക്കാനാണ് നിങ്ങളുടെ പ്ലാൻ?
ഇന്ത്യയിൽ നിലവിൽ യൂസ്‌ഡ് കാർ വിൽപ്പനയിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന് ശേഷം യൂസ്ഡ് കാർ വിപണിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. യാത്രക്കായി ആളുകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാൻ മടിക്കുന്നതാണ് ഉപയോഗിച്ച കാറുകളുടെ വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണമെന്ന് കരുതപ്പെടുന്നു. രാജ്യത്ത് യൂസ്ഡ് കാറുകളുടെ വിൽപ്പന 2026 ഓടെ 8 ദശലക്ഷം യൂണിറ്റുകൾക്ക് മുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2021ൽ ഇന്ത്യയിലെ കാർ വിപണിയിൽ വിൽപ്പനയിൽ ഒന്നാം സ്ഥാനത്തെത്തിയത് മാരുതി സുസുകി തന്നെയാണ്. പതിറ്റാണ്ടുകളായി കാർ വിൽപ്പനയിൽ ആധിപത്യം പുലർത്തിക്കൊണ്ടിരുന്ന കമ്പനി ഈ വർഷവും ആ പതിവ് ആവർത്തിച്ചു. 2021 നവംബറിൽ മാരുതിയുടെ ഏഴ് കാറുകളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വാഗൺ ആർ, സ്വിഫ്റ്റ്, ഈകോ, ബലേനോ, എർട്ടിഗ, വിതാര ബ്രെസ്സ, ആൾട്ടോ എന്നിവയാണ് അവ. ഹുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ നെക്‌സൺ എന്നിവയാണ് മറ്റ് മൂന്ന് കാറുകൾ. മാരുതി സുസുകിയുടെ മിക്ക കാറുകളും 10 ലക്ഷം രൂപയിൽതാഴെ വിലയുള്ളവയാണ്.