സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് ഗ്രീൻറെക്സ്. ഉൽപന്നം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നത് സ്വകാര്യ കമ്പനിയായ എമിനിയോടെക്കാണ്. കടൽപായലിലെ ഗുണകരമായ ബയോആക്ടീവ് ഘടകങ്ങൾ ഉപയോഗിച്ചാണ് ഉൽപന്നം വികസിപ്പിച്ചിരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഈ ഉൽപന്നം സഹായകരമാണ്. പോഷക സുരക്ഷക്കൊപ്പം, പല ആന്തരിക അവയവങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനും കടൽപായൽ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ ഫലപ്രദമാണെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് പറഞ്ഞു.
പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമിച്ച ഈ ഉൽപന്നത്തിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കാജൽ ചക്രവർത്തി പറഞ്ഞു. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമ്മർദം, തൈറോയിഡ് എന്നിവയെ പ്രതിരോധിക്കാനായി സിഎംഎഫ്ആർഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ സ്വകാര്യ കമ്പനികൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്. ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവയിൽ നിന്ന് ഓൺലൈനായും പ്രധാന മരുന്നുവിൽപനശാലകളിലും ഉൽപന്നം ലഭ്യമാണെന്ന് എമിനിയോടെക് മാനേജിംഗ് ഡയറക്ടർ ഇവാൻജലിസ്റ്റ് പത്രോസ് പറഞ്ഞു.
advertisement
രാജ്യത്ത് 342 നിർദിഷ്ട സ്ഥലങ്ങൾ കടൽപായൽകൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആർഐ അടയാളപ്പെടുത്തിയിട്ടുണ്ട്. സിഎംഎഫ്ആർഐയുടെ പഠനപ്രകാരം, ഈ സ്ഥലങ്ങളിൽ 24167 ഹെക്ടറിലായി പ്രതിവർഷം 97 ലക്ഷം ടൺ കടൽപായൽ ഉൽപാദനം സാധ്യമാണ്. ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ അനിൽകുമാർ, എമിനോടെക് ഡയറക്ടർ അനിൽകുമാർ രാജേന്ദ്രൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.