അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ് ദിനത്തിന് തൊട്ടടുത്ത ദിവസമാണ് ബ്ലാക്ക് ഫ്രൈഡെയായി ആചരിക്കുന്നത്. ഒരു വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് ദിവസം കൂടിയാണ് ബ്ലാക്ക് ഫ്രൈഡെ. ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി നിലവിലെ സ്റ്റോക്കുകള്‍ വ്യാപാരികള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡെ. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന് മുമ്പ് നിലവിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വ്യാപാരികള്‍ തെരഞ്ഞെടുത്ത ദിവസമാണ് പില്‍ക്കാലത്ത് ബ്ലാക്ക് ഫ്രൈഡെ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്.
വമ്പന്‍ ഡിസ്‌കൗണ്ട് ഓഫറുകളാണ് വ്യാപാരികള്‍ ബ്ലാക്ക് ഫ്രൈഡെയോട് അനുബന്ധിച്ച് പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച (സൈബര്‍ മണ്‍ഡേ) വരെ വില്‍പ്പന തകൃതിയായി നടക്കും. റീടെയ്ല്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന സമയമാണിത്.
advertisement
2024 ലെ ബ്ലാക്ക് ഫ്രൈഡെ എന്നാണ്?
നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്‌സ് ഗിവിംഗ് ദിനമായി ആചരിക്കുന്നത്. താങ്ക്‌സ് ഗിവിംഗ് ദിനത്തിന്റെ തൊട്ടടുത്ത ദിനമാണ് ബ്ലാക്ക് ഫ്രൈഡെ. ഈ വര്‍ഷം നവംബര്‍ 28നാണ് യുഎസില്‍ താങ്ക്‌സ് ഗിവിംഗ് ദിനം ആചരിച്ചത്. നവംബര്‍ 29നാണ് ഈ വര്‍ഷത്തെ ബ്ലാക്ക് ഫ്രൈഡെ. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് ബ്ലാക്ക് ഫ്രൈഡെയില്‍ വ്യാപാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്ലാക്ക് ഫ്രൈഡെയുടെ ഉദയം?
അമേരിക്കയിലെ ഫിലാഡല്‍ഫിയയിലാണ് ബ്ലാക്ക് ഫ്രൈഡെ എന്ന പേര് ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഷോപ്പിംഗ് സെന്ററുകള്‍ക്ക് സമീപമുള്ള ഗതാഗതക്കുരുക്കിനെയും ജനത്തിരക്കിനെയും സൂചിപ്പിക്കാനാണ് ബ്ലാക്ക് ഫ്രൈഡെ എന്ന പദം ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. താങ്ക്‌സ് ഗിവിംഗ് ദിനത്തിന്റെ പിറ്റേദിവസമായതിനാല്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനായി നഗരത്തിലെ കടകളില്‍ തടിച്ചുകൂടുമായിരുന്നു. പിന്നീട് വ്യാപാരികള്‍ ഫെസ്റ്റിവല്‍ സീസണിന് മുന്നോടിയായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കുന്ന ദിനമായി ബ്ലാക്ക് ഫ്രൈഡെയെ മാറ്റി.
അതേസമയം 1869ല്‍ യുഎസിലെ സ്വര്‍ണ്ണ വിപണിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായും ബ്ലാക്ക് ഫ്രൈഡെയ്ക്ക് ബന്ധമുണ്ടെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.
ബ്ലാക്ക് ഫ്രൈഡെ- പ്രാധാന്യം
നിലവില്‍ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ബ്ലാക്ക് ഫ്രൈഡെ വില്‍പ്പനയ്ക്ക് സ്വീകാര്യതയേറി വരികയാണ്. റീടെയ്ല്‍ വ്യാപാരികളുടെ സുവര്‍ണ്ണദിനങ്ങളിലൊന്നുകൂടിയാണ് ബ്ലാക്ക് ഫ്രൈഡെ. വ്യാപാരികളുടെ വാര്‍ഷിക വില്‍പ്പനയില്‍ ബ്ലാക്ക് ഫ്രൈഡെ കാര്യമായ സ്വാധീനം ചെലുത്തുന്നു. ടെക്‌നോളജി, വസ്ത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ലഭിക്കുന്ന ഓഫറുകളും ഡിസ്‌കൗണ്ടുകളും പരമാവധി പ്രയോജനപ്പെടുത്താന്‍ ആളുകള്‍ ശ്രമിക്കുന്ന ദിവസം കൂടിയാണിത്. മുമ്പ് കടകളില്‍ നേരിട്ട് പോയി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ തുറന്ന് ഓണ്‍ലൈന്‍ വിപണിയും രംഗത്തെത്തിയതോടെ കച്ചവടം പൊടിപൊടിക്കുകയാണ്. നിരവധി ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികളും ബ്ലാക്ക് ഫ്രൈഡെ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്.