ജീവനക്കാർക്കുള്ള പെർഫോമൻസ് ബോണസ് (EPB - Employee Performance Bonus) ഇനി പ്രതിമാസ അടിസ്ഥാനത്തില്‍ മുന്‍കൂറായി നല്‍കുമെന്ന് 2021 നവംബറില്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ജീവനക്കാരന്‍ രാജിവെയ്ക്കുകയും അവരുടെ അവസാന പ്രവൃത്തി ദിവസം 2021 സെപ്റ്റംബര്‍ 1നും 2022 മാര്‍ച്ച് 31നും ഇടയിൽ വരികയും ചെയ്താൽ 2021 ഏപ്രില്‍ മുതല്‍ അവസാന പ്രവൃത്തി ദിവസം വരെയുള്ള ബോണസ് തുക പൂര്‍ണമായും വീണ്ടെടുക്കുമെന്നും കമ്പനി അറിയിച്ചു.
advertisement
എച്ച്‌സിഎല്‍ന്റെ നയം 'നീതിരഹിതവും ഏകപക്ഷീയവും അസംബന്ധവും' ആണെന്ന് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി/ ഐടിഇഎസ് യൂണിയന്‍ 'നൈറ്റ്സി'ന്റെ അധ്യക്ഷൻ ഹര്‍പ്രീത് സലൂജ പ്രതികരിച്ചു. ഇന്ത്യയിലുടനീളമുള്ള എച്ച്‌സിഎല്‍ ജീവനക്കാരുടെ പരാതികൾ ബോധ്യപ്പെടുത്തിക്കൊണ്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദ്ര യാദവിന് ഹര്‍പ്രീത് സലൂജ കത്ത് നൽകിയിട്ടുണ്ട്. ഈ തുക തിരികെ നല്‍കിയില്ലെങ്കിൽ ജീവനക്കാരുടെ എക്‌സ്പീരിയന്‍സ് ലെറ്ററും റിലീവിംഗ് ലെറ്ററും മറ്റ് രേഖകളും ആനുകൂല്യങ്ങളും എച്ച്സിഎൽ തടഞ്ഞുവയ്ക്കുമെന്നും സലൂജ പറഞ്ഞു.
നിയമപരമായ അംഗീകാരമില്ലാതെയുള്ള ബോണസ് വീണ്ടെടുക്കല്‍ നയം ജീവനക്കാർക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും സലൂജ കൂട്ടിച്ചേര്‍ത്തു. അതേസമയം, കമ്പനിയുടെ എച്ച്ആർ നയങ്ങൾ മികച്ചതാണെന്നും ബോണസ് വീണ്ടെടുക്കലിന്റെ ചില വശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു എന്നും എച്ച്‌സിഎല്‍ വക്താവ് പ്രതികരിച്ചു.
എച്ച്‌സിഎല്‍ ടെക്‌നോളജീസ് യുഎസിലെ ജീവനക്കാര്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുതെന്നും ഒരു ആരോപണമുണ്ട്. എച്ച്‌സിഎല്‍ ടെക്‌നോളജീസ് യുഎസിലെ തങ്ങളുടെ എച്ച്-1 ബി വിസ തൊഴിലാളികള്‍ക്ക് നൽകുന്ന വേതനത്തിൽ, യുഎസിലെ സമാനമായ മറ്റു ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ 95 മില്യണ്‍ ഡോളറിന്റെ കുറവുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപിഐ), 2021 ഡിസംബറില്‍ ആരോപിക്കുകയുണ്ടായി.
ഈ 'വേതന മോഷണ'ത്തിന്റെ ഇരകൾ എച്ച്-1 ബി വിസ ഉടമകള്‍ മാത്രമല്ല. മറിച്ച് വിദഗ്ധ കുടിയേറ്റ തൊഴിലാളികള്‍ക്ക് കമ്പനി കുറഞ്ഞ വേതനം നല്‍കുന്നതിന്റെ ഫലമായി തൊഴില്‍ സാഹചര്യങ്ങളും വേതനവും ഇടിഞ്ഞ യുഎസ് തൊഴിലാളികളും ഇതിന്റെ ഇരകളാണെന്ന് ഇപിഐ ആരോപിക്കുന്നു. എച്ച്‌സിഎല്ലിന്റെ ഇന്റേണല്‍ ഡോക്യുമെന്റ് സൂചിപ്പിക്കുന്നത് കമ്പനി തങ്ങളുടെ ബിസിനസ്സ് ലൈനിലുടനീളം ജോലി ചെയ്യുന്ന എച്ച്-1 ബി തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നല്‍കുന്നു എന്നാണെന്നും ഇപിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.
