ഓണ്‍ലൈന്‍ അപേക്ഷ:
വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ഏറ്റവും എളുപ്പവും സൗകര്യപ്രദവുമായ ഒരു മാര്‍ഗമാണിത്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് രണ്ട് വഴികളുണ്ട്. ആദ്യത്തേത് നിങ്ങള്‍ അപേക്ഷാ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അറ്റാച്ച് ചെയ്ത് ഫോം സമര്‍പ്പിക്കുന്ന രീതിയാണ്.
ചോദിച്ചിരിക്കുന്ന എല്ലാ വിശദാംശങ്ങളും നേരിട്ട് നല്‍കിക്കൊണ്ട് നിങ്ങള്‍ അപേക്ഷിക്കുന്നതാണ് രണ്ടാമത്തേത്. അപേക്ഷ നടപടിക്രമങ്ങള്‍ മുന്നോട്ട് പോകുന്നതിനായി വായ്പയുടെ നിബന്ധനകള്‍ ചര്‍ച്ച ചെയ്യാന്‍ ബാങ്ക് പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.
advertisement
ഓഫ് ലൈൻ അപേക്ഷ:
ഇതിനായി ഒരു ബാങ്ക് ശാഖ സന്ദര്‍ശിക്കുക. ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള ശാഖ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം. അതിനായി ബാങ്ക് പ്രതിനിധിയുമായി ലോണിന്റെ നിബന്ധനകള്‍ ചര്‍ച്ച ചെയ്തിന് ശേഷം ഫോം പൂരിപ്പിച്ച് നേരിട്ട് അപേക്ഷിക്കുക.
വായ്പ നല്‍കുന്ന ബാങ്കിനെ വിളിക്കുക: നിങ്ങള്‍ക്ക് വായ്പ ആവശ്യമുള്ള ബാങ്കിലെ പ്രതിനിധിയെ വിളിക്കാം അല്ലെങ്കില്‍ നിങ്ങളുടെ താല്‍പ്പര്യം പ്രകടിപ്പിച്ചുകൊണ്ട് അവരോട് തിരികെ വിളിക്കാന്‍ അഭ്യര്‍ത്ഥിക്കാം. തുടര്‍ന്ന് നിങ്ങള്‍ക്ക് ലോണ്‍ നിബന്ധനകള്‍ ചര്‍ച്ച ചെയ്ത് വായ്പയ്ക്ക് അപേക്ഷിക്കാം.
വെര്‍ച്വല്‍ അസിസ്റ്റന്റ്:
ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഇപ്പോള്‍ ഡിജിറ്റല്‍ രീതികള്‍ സ്വീകരിക്കുന്നുണ്ട്. നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും അപേക്ഷാ നടപടിക്രമങ്ങളില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനും ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് ഉപയോഗിക്കുന്നതാണ് ഇത്തരത്തിലുള്ള രീതികൊണ്ട് ഉദ്ദേശിക്കുന്നത്.
മാതാപിതാക്കളുടെ/ രക്ഷിതാക്കളുടെ സ്ഥിരതാമ സസ്ഥലത്തിന്റെയോ അല്ലെങ്കില്‍ പഠനം നടത്തുന്ന സ്ഥാപനത്തിന്റെയോ ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖയിലാണ് വായ്പ അപേക്ഷ നല്‍കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിനടുത്ത ശാഖയില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍, പഠനം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ രക്ഷിതാക്കളുടെ സ്ഥിരതാമസസ്ഥലത്തെ ശാഖയിലേക്ക് ഇടപാടുകള്‍ മാറ്റേണ്ടതാണ്. സാധാരണ ഇന്ത്യയിലെ പഠനത്തിന് പരമാവധി 10 ലക്ഷം രൂപ വരെയും, വിദേശപഠനത്തിന് 20 ലക്ഷം രൂപ വരെയുമാണ് വായ്പ ലഭിക്കുക. വായ്പയായി അപേക്ഷിക്കുന്ന തുകയുടെ നിശ്ചിത ശതമാനം തുക മാര്‍ജിനായി വിദ്യാര്‍ഥികള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും. 4 ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് മാര്‍ജിന്‍ തുക ആവശ്യമില്ല. അതിനുമുകളില്‍, ഇന്ത്യയിലെ പഠനത്തിന് വായ്പാ തുകയുടെ 5 ശതമാനവും വിദേശപഠനത്തിന് 15 ശതമാനം വരെയും മാര്‍ജിന്‍ മണിയായി വിദ്യാര്‍ഥിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടി വരും.
വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കാനുള്ള യോഗ്യത
ഇന്ത്യന്‍ പൗരന്മാര്‍, നോണ്‍-ഇന്ത്യന്‍ റെസിഡന്റ്സ് (NRI), ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (OCI), ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ (PIO) ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കൊക്കെ ഇന്ത്യയില്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് അര്‍ഹതയുണ്ട്.
വിദ്യാഭ്യാസ വായ്പകള്‍ക്കായി നല്‍കേണ്ട രേഖകള്‍
സ്വദേശത്തും വിദേശത്തും പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്ക്ക് ആവശ്യമായി ചില രേഖകളും ആവശ്യമുണ്ട്. ആവശ്യമുള്ള പൊതുവായ ചില രേഖകള്‍ ഇതാണ്: പൂര്‍ണമായി ശരിയായ പൂരിപ്പിച്ച അപേക്ഷാ ഫോം, വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള ഔദ്യോഗികമായ പ്രവേശന കത്ത്, മുന്‍ വിദ്യാഭ്യാസത്തിന്റെ (സ്‌കൂള്‍ / കോളേജ്) സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക്ഷീറ്റും, പ്രായം തെളിക്കുന്നതിനുള്ള രേഖ, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ രേഖ, ഒപ്പ് രേഖ, സമീപകാല അക്കൗണ്ട് ഇടപാടുകള്‍ (മാതാപിതാക്കള്‍/ രക്ഷിതാക്കള്‍), മാതാപിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. വിദേശ പഠനത്തിനാണെങ്കില്‍ ഈ രേഖകളോടൊപ്പം- സര്‍വകലാശാലയിലേക്കും കോഴ്സിലേക്കും അഡ്മിഷന്‍ ലഭിച്ചതിന്റെ രേഖകള്‍, കോഴ്സ് ചെലവുകളുടെ ഷെഡ്യൂള്‍, സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കില്‍, സ്‌കോളര്‍ഷിപ്പ് ലെറ്ററിന്റെ പകര്‍പ്പ്, വിദേശ വിനിമയ അനുമതിയുടെ പകര്‍പ്പ്, ഈടോടെയുള്ള വായ്പകള്‍ക്ക് - വാഗ്ദാനം ചെയ്യുന്ന സുരക്ഷയുടെ വിശദാംശങ്ങള്‍ നല്‍കണം, മാര്‍ജിന്‍ ഉറവിടത്തിന്റെ തെളിവുകള്‍, വിസ ഉള്‍പ്പടെയുള്ള രേഖകള്‍ എന്നിവ വേണം.
വിദ്യാഭ്യാസ വായ്പയ്ക്ക് അര്‍ഹമായ കോഴ്സുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍
മൂന്നുതരത്തിലാണ് ബാങ്കുകള്‍ പഠന വായ്പകള്‍ അര്‍ഹമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരിച്ചിരിക്കുന്നത്. ഒന്ന്, ഇന്ത്യയില്‍ തന്നെയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്; രണ്ട്, ഇന്ത്യയിലെത്തന്നെ വിദേശ കോളേജുകളിലെ/ സ്ഥാപനത്തിലെ പഠനത്തിന്; മൂന്ന്, ഇന്ത്യയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിന്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബാങ്കുകള്‍ നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി വിദ്യാഭ്യാസ വായ്പ ലഭിക്കും. ഏതൊക്കെ സര്‍വകലാശാലകളും കോഴ്സുകളും വായ്പയ്ക്ക് യോഗ്യമാണ്? ഇന്ത്യയില്‍ യുജിസി, സര്‍ക്കാര്‍, എഐസിടിഇ, എഐബിഎംഎസ്, ഐഎംസിആര്‍ എന്നിവ അംഗീകരിക്കുന്ന സര്‍വകലാശാലകളോ കോളേജുകളോ, അംഗീകൃത പോളിടെക്നിക് സ്ഥാപനങ്ങള്‍, ഇന്ത്യയിലെ പ്രശസ്തമായ വിദേശ സ്‌കൂളുകള്‍ - സര്‍വകലാശാലകള്‍, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പഠനം നടത്താന്‍ വായ്പ ലഭിക്കും. നിങ്ങള്‍ പഠിക്കാന്‍ വിദേശത്തേക്ക് പോവുകയാണെങ്കില്‍, ബാങ്ക് ആ സ്ഥാപനത്തിന്റെ നിലവാരവും അംഗീകാരവും പ്രശസ്തിയും പരിശോധിച്ച് നിങ്ങള്‍ക്ക് അവിടെ പഠിക്കാന്‍ വായ്പ ലഭിക്കുമോ എന്ന് വിലയിരുത്തും. അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ ഏത് കോഴ്സും വായ്പാ സഹായത്തോടെ പഠിക്കാന്‍ കഴിയും. സാധാരണയായി ബിരുദാനന്തര ബിരുദങ്ങള്‍, ഡിപ്ലോമകള്‍, പിഎച്ച്ഡി, ഡോക്ടറല്‍ പ്രോഗ്രാമുകള്‍ തുടങ്ങിയവ വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള കോഴ്സുകളാണ്.
വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കാന്‍ ഈട് ആവശ്യമുണ്ടോ?
വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്കില്‍ നിന്ന് 7.5 ലക്ഷം രൂപ വരെ ഈടില്ലാത്ത വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത വായ്പക്കാരില്‍ നിന്ന് തിരഞ്ഞെടുത്ത കോഴ്സുകള്‍ / സ്ഥാപനങ്ങള്‍ക്കായി 40 ലക്ഷം രൂപ വരെയുള്ള ഈടില്ലാത്ത വായ്പകളും ലഭിക്കും. ഒരു കോടി രൂപ വരെ ഈടോട് കൂടി വായ്പ ലഭിക്കും. വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും കൂട്ടുത്തരവാദിത്വത്തിലാണ് സാധാരണ വായ്പ ലഭിക്കുക. 4 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സാധാരണയായി ജാമ്യം നല്‍കേണ്ടി വരാറില്ല. നാല് ലക്ഷത്തിനും ഏഴര ലക്ഷത്തിന് ഇടയിലുള്ള വായ്പകള്‍ക്ക് ഒരാളുടെ ജാമ്യം വേണം. ഏഴര ലക്ഷത്തിന് മുകളിലും വിദേശ പഠനത്തിനുമുള്ള വായ്പകള്‍ക്ക് അതിന് തുല്യമായ ഈട് നല്‍കേണ്ടി വരും. വീട്/കെട്ടിടം അല്ലെങ്കില്‍ വാണിജ്യ മൂല്യമുള്ള ആസ്തി അല്ലെങ്കില്‍ സ്ഥലം, സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവയാണ് സ്വീകാര്യമായ ഈടുകള്‍.
വിദ്യാഭ്യാസ വായ്പ തിരിച്ചടവ്
വായ്പ തിരിച്ചടവ് കാലാവധി സാധാരണയായി നിങ്ങളുടെ പഠനം പൂര്‍ത്തിയാക്കി 6 മുതല്‍ 12 മാസങ്ങള്‍ക്ക് ശേഷമോ നിങ്ങള്‍ക്ക് ജോലി ലഭിക്കുമ്പോഴോ ആരംഭിക്കുന്നു. ഏതാണ് ആദ്യം സംഭവിക്കുന്നതെന്ന് അടിസ്ഥാനമാക്കിയാണ് തിരിച്ചടവ് നിശ്ചയിക്കുന്നത്. വിവിധ ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് വ്യത്യസ്ത മൊറട്ടോറിയം കാലയളവാണുള്ളത്. എടുത്ത വായ്പ തുക അനുസരിച്ച് 7 വര്‍ഷം മുതല്‍ 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും. ഓരോ ബാങ്കിന്റെയും വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. ചില ബാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കും പലിശ കൃത്യമായി അടയ്ക്കുന്നവര്‍ക്കും ഇളവുകള്‍ നല്‍കാറുണ്ട്. വിദ്യാഭ്യാസ വായ്പയ്ക്ക് അടച്ച പലിശയ്ക്ക് നികുതി ആനുകൂല്യങ്ങളും നേടാന്‍ കഴിയും. ആദായ നികുതി വകുപ്പിന്റെ നിയമം അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിനായി എടുത്ത വ്യക്തിഗത വായ്പക്കാര്‍ക്ക് മാത്രമാണ് നികുതി ആനുകൂല്യം ലഭിക്കുക. സ്വദേശത്തെയും വിദേശ പഠന വായ്പകള്‍ക്കും ഈ നികുതിയിളവ് ലഭിക്കും.
