ആളുകളിൽ നിന്ന് ആളുകളിലേക്ക് കൈമാറ്റപ്പെടുമ്പോൾ കറൻസി നോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കേടുപാട് സംഭവിച്ച നോട്ടുകൾ എങ്ങനെ ബാങ്കിൽ നിന്ന് മാറാം?
കേടുപാട് സംഭവിച്ച നോട്ടുകൾ
അഴുക്ക് പറ്റിയ നോട്ടുകളും കീറിയ നോട്ടുകളുമാണ് ഈ ഗണത്തിൽ വരുന്നത്. രണ്ട് കഷ്ണമായിപ്പോയെങ്കിലും നമ്പറുകൾ കൃത്യമായി കാണുന്ന നോട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
advertisement
എങ്ങനെ മാറ്റിയെടുക്കാം?
ഈ നോട്ടുകളെല്ലാം ഏതെങ്കിലും പൊതുമേഖലാ ബാങ്ക് ശാഖയിലോ, സ്വകാര്യ ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ശാഖയിലോ അല്ലെങ്കിൽ ആർബിഐയുടെ ഇഷ്യൂ ഓഫീസിലോ പോയി മാറ്റി വാങ്ങാവുന്നതാണ്. ഇതിന് പ്രത്യേകമായി ഒരു ഫോമും പൂരിപ്പിക്കേണ്ടതില്ല. നമ്പർ പാനലുകൾ മുറിഞ്ഞ് പോയിട്ടില്ലെന്നത് മാത്രം ശ്രദ്ധിക്കണം.
വികൃതമായിപ്പോയ നോട്ടുകൾ
നോട്ടിൻെറ പ്രധാനഭാഗങ്ങളെല്ലാം നഷ്ടമായി ആകെ കീറി വികൃതമായിപ്പോയ നോട്ടുകളും മാറ്റിയെടുക്കാവുന്നതാണ്. ഇഷ്യൂ ചെയ്യുന്ന അതോറിറ്റിയുടെ പേര്, ഗ്യാരണ്ടി, വാഗ്ദാന വ്യവസ്ഥ, ഒപ്പ്, അശോക സ്തംഭത്തിൻ്റെ ചിഹ്നം/മഹാത്മാഗാന്ധിയുടെ ഛായാചിത്രം, വാട്ടർമാർക്ക് എന്നിവയാണ് ഒരു കറൻസി നോട്ടിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ.
ഇത്തരത്തിൽ വികൃതമായിപ്പോയ കറൻസി നോട്ടുകളുടെ റീഫണ്ട് മൂല്യം ആർബിഐ നോട്ട് റീഫണ്ട് നിയമങ്ങൾ അനുസരിച്ചാണ് നൽകുന്നത്. പൊതുമേഖലാ ബാങ്ക് ശാഖയിലോ, സ്വകാര്യ ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ശാഖയിലോ അല്ലെങ്കിൽ ആർബിഐയുടെ ഇഷ്യൂ ഓഫീസിലോ ഉള്ള കൗണ്ടറുകളിൽ യാതൊരുവിധ അപേക്ഷയും നൽകാതെ തന്നെ ഈ നോട്ടുകൾ മാറ്റി എടുക്കാവുന്നതാണ്.
മറ്റ് വഴികൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ കവറുകൾ വഴിയും നോട്ടുകൾ മാറാവുന്നതാണ്. റിസർവ് ബാങ്കിൻ്റെ എൻക്വയറി കൗണ്ടറിൽ നിന്ന് ഈ കവറുകൾ ലഭിക്കും. ആർബിഐ ഓഫീസുകളിലേക്ക് രജിസ്റ്റേർഡ് തപാലിൽ അയച്ചും മാറ്റിയെടുക്കാം.
കത്തിയതോ, കൂടുതൽ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത നോട്ടുകൾ ആർബിഐയുടെ ഇഷ്യൂവിംഗ് ഓഫീസിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. മനഃപൂർവം മുറിച്ചതോ, കീറിയതോ, മാറ്റം വരുത്തിയതോ അല്ലെങ്കിൽ കൃത്രിമം കാണിച്ചതോ ആയ നോട്ടുകൾ മാറ്റിയെടുക്കാൻ ബാങ്കുകൾ അനുവദിക്കില്ല.
5000 രൂപ വരുന്ന 20 നോട്ടുകൾ വരെ ബാങ്കുകളിൽ നിന്ന് ഒരൊറ്റ ദിവസം സൌജ്യന്യമായി മാറ്റിയെടുക്കാം. അതിൽ കൂടുതൽ നോട്ടുകളുണ്ടെങ്കിൽ സർവീസ് ചാർജ് ഈടാക്കുന്നതാണ്.