രത്തന്‍ ടാറ്റയുടെ കീഴില്‍ ടാറ്റാ ഗ്രൂപ്പിന്റെ വരുമാനം 18,000 കോടി രൂപയില്‍ ന്ന് 5.5 ലക്ഷം കോടി രൂപയായി വളര്‍ന്നു. 2012 ഡിസംബറില്‍ ഐഐഎം ബാംഗ്ലൂര്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ടാറ്റാ ഗ്രൂപ്പിന്റെ വിപണി മൂല്യം 30,000 കോടി രൂപയില്‍ നിന്ന് അഞ്ച് ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രത്തന്‍ ടാറ്റയുടെ ആദ്യദിനങ്ങള്‍
രത്തന്‍ ടാറ്റ കമ്പനിയുടെ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തപ്പോള്‍ 95ല്‍ പരം ബിസിനസുകളുടെ ചുമതല അദ്ദേഹത്തിന് ലഭിച്ചു. രാസവസ്തുക്കള്‍, ഹോട്ടലുകള്‍, ഉപ്പ്, സോഫ്റ്റ് വെയര്‍, സ്റ്റീല്‍, സോപ്പുകള്‍, വാച്ചുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ബിസിനസുകളില്‍ ഗ്രൂപ്പ് അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു.
advertisement
ഗ്രൂപ്പിനെ പുനഃക്രമീകരിക്കുക, ഏകീകരിക്കുക, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക എന്നിവയെല്ലാമായിരുന്നു ടാറ്റയുടെ ആദ്യ മുന്‍ഗണനകള്‍. ''ഗ്രൂപ്പിനുള്ളില്‍ ഒരു യോജിപ്പ് ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ജെആര്‍ഡി ടാറ്റയ്ക്ക് ശേഷം അത് ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ ആശങ്കപ്പെട്ടിരുന്നത്,'' ചെയര്‍മാനായി ചുമതലയേറ്റതിനെക്കുറിച്ച് രത്തന്‍ ടാറ്റ പറഞ്ഞു.
പതിയെ ടാറ്റ ഗ്രൂപ്പ് ആഗോളവിപണിയിലും ശ്രദ്ധ നേടി തുടങ്ങി. അതിന്റെ ആകെ വരുമാനത്തിന്റെ 60 ശതമാനവും ആഗോളവിപണികളില്‍ നിന്ന് ലഭ്യമായി തുടങ്ങിയെന്ന് ഐഐഎം ബാംഗ്ലൂരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
1991ലാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉദാവത്കരണം നടപ്പിലാക്കിയത്. ഇത് രാജ്യത്തിന്റെ വ്യാവസായിക ഭൂപ്രകൃതിയെ ആകെ മാറ്റി മറിച്ചു. വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ ഇത് തുറന്നു നല്‍കി. ഈ നയം ടാറ്റാ ഗ്രൂപ്പിനും ഗുണകരമായി മാറി. ഇക്കാലയളവിലായിരുന്നു രത്തന്‍ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തത്. രണ്ടുംകൂടി ചേര്‍ന്നപ്പോള്‍ ടാറ്റാ ഗ്രൂപ്പിന് വലിയ നേട്ടമുണ്ടാക്കി കൊടുത്തു. ഇന്ത്യയില്‍ എയര്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. ടെലികോം മേഖലയിലും എണ്ണ-വാതക രംഗത്തും വിദേശകമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.
പുതിയ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി, ടാറ്റ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 20 ശതമാനം ഓഹരികള്‍ ഹോങ്കോംഗ് ആസ്ഥാനമായുള്ള ജാര്‍ഡിന്‍ മാതസണ്‍ ഗ്രൂപ്പിന് 35 മില്യണ്‍ ഡോളറിന് വിറ്റതായി ഐഐഎം റിപ്പോര്‍ട്ടില്‍ പറയുന്നു.
ടാറ്റ ഗ്രൂപ്പിനെ രത്തന്‍ ടാറ്റ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ക്കുന്ന സ്ഥാപനത്തില്‍ നിന്ന് ആഗോള കമ്പനിയാക്കി മാറ്റി. 2008ല്‍ ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡുകളായ ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവ ഏറ്റെടുത്തതിലൂടെ ടാറ്റാ മോട്ടോഴ്‌സ് ആഗോള വാഹന വിപണിയില്‍ സുപ്രധാന ഇടം നേടി. 2000-ത്തില്‍ ടെറ്റ്ലിയുടെ ഏറ്റെടുക്കലിലൂടെ ബ്രാന്‍ഡിന്റെ അന്തര്‍ദേശീയ ആകര്‍ഷണം വര്‍ധിപ്പിച്ചുകൊണ്ട് ആഗോള തേയില വിപണിയിലെ ഒരു പ്രധാന സ്ഥാപനമായി ടാറ്റയെ ഉയര്‍ത്തി.
ടിസിഎസ്: ടാറ്റാ ഗ്രൂപ്പിന്റെ കിരീടം
ടാറ്റാ ഗ്രൂപ്പിന്റെ ഐടി സര്‍വീസ് വിഭാഗമായ ടിസിഎസ്(ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസ്) ആണ് കമ്പനിയുടെ വിപണി മൂല്യം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. 1968ല്‍ ടിസിഎസ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ രത്തന്‍ ടാറ്റയുടെ തന്ത്രപരമായ നേതൃത്വത്തിന് കീഴില്‍ ടിസിഎസ് അതിന്റെ ചിറകുകള്‍ വിരിയിച്ചു. 2004ല്‍ ടിസിഎസ് ഐപിഒയിലൂടെ 4713 കോടി സമാഹരിച്ചു.