ബാങ്ക് അക്കൗണ്ട് ഉടമകൾ മരിക്കുമ്പോൾ അക്കൗണ്ടിലെ തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത് നിർബന്ധമാണ്. നോമിനികൾ ഇല്ലാതെ നിക്ഷേപിച്ച പണം ലഭിക്കുന്നതിന് കുടുംബാംഗങ്ങളും മറ്റും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതിനെ തുടർന്നാണ് ആർബിഐയുടെ നടപടി.
ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുമാണ് റിസർവ്ബാങ്ക് നിർദേശം നൽകിയത്. സ്ഥിര നിക്ഷേപം ചെയ്യുന്നവരോട് ബാങ്കുകൾ നോമിനുകളെ നിർദ്ദേശിക്കാൻ ആവശ്യപ്പെടണമെന്നും പുതിയ നിക്ഷേപം നടത്തുന്നവരും നോമിനികളെ നിർദേശിക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ആർബിഐ നിർദേശത്തിൽ പറയുന്നു.
നിലവിൽ ധാരാളം അക്കൗണ്ടുകളിൽ നോമിനികളില്ല. നോമിനിയുണ്ടാവേണ്ടതിന്റെ ഗുണങ്ങൾ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളെ ധരിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. നോമിനികൾ ഇല്ലാത്ത ബാങ്ക് അക്കൌണ്ടുകൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. നോമിനികളെ ചേർക്കുന്നതിന്റെ പുരോഗതി ദക്ഷ് പോർട്ടലിൽ എല്ലാ മൂന്നുമാസം കൂടുമ്പോഴും അപ്‌ലോഡ് ചെയ്യുന്നതിനും റിസർവ് ബാങ്ക് നിർദേശം നൽകി. നോമിനികളെ ചേർക്കുന്ന രീതിയിൽ അക്കൗണ്ട് തുറക്കാൻ ഫോമുകളിൽ മാറ്റങ്ങൾ വരുത്താനും പുതിയ ഫോമുകളിൽ ഉപഭോക്താക്കൾക്ക് നോമിനി ഓപ്ഷൻ നിർബന്ധമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
advertisement
ബാങ്ക് അക്കൗണ്ട് ഉടമയുടെ മരണശേഷം ആ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയുടെ നിയമപരമായ അവകാശി ആയിരിക്കും നോമിനി. അക്കൗണ്ടിലെ പണം നോമിനിക്ക് എളുപ്പത്തിൽ കൈമാറാനാകും. കുടുംബാംഗങ്ങൾക്ക് പുറമേ നോമിനിയായി സുഹൃത്തിനെയാ മറ്റേതെങ്കിലും ബന്ധുവിനേയോ നിർദ്ദേശിക്കാവുന്നതാണ്.