ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, ഡൽഹി, കൊൽക്കത്ത നഗരങ്ങളിലാണ് സേവനങ്ങൾ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
കൊച്ചി നഗരത്തിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയർ 1, ടയർ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്.
advertisement
5ജി സേവനങ്ങൾ ആരംഭിച്ച 50 നഗരങ്ങളിൽ 33 എണ്ണവും ഗുജറാത്തിലായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും പശ്ചിമ ബംഗാളിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും രണ്ട് വീതം നഗരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഓരോ നഗരങ്ങളിൽ മാത്രമാണ് 5ജി എത്തിയത്.