''മൊബൈൽ ഡാറ്റാ സേവനങ്ങളുടെ ആവശ്യം അതിവേഗം വളരുന്നതിനിടയിലും ഇന്ത്യയിലെ മൊബൈൽ ഡാറ്റ ചാർജുകൾ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. ടെലികോം മേഖലയിലെ കടുത്ത സാമ്പത്തിക ഞെരുക്കം എല്ലാ കമ്പനികളും അംഗീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ആശ്വാസകരമായ തീരുമാനം എടുക്കുന്നതിന് കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെക്രട്ടറിമാരുടെ സമിതി ശ്രമിക്കുകയാണ്.''- പ്രസ്താവനയിൽ പറയുന്നു.
അതേസമയം, താരിഫുകളിൽ എത്ര ശതമാനം വർധനവുണ്ടാകുമെന്ന് കമ്പനി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
advertisement
മൊബൈൽ കോളുകൾക്കും ഡാറ്റയ്ക്കും കുറഞ്ഞ നിരക്ക് നിശ്ചയിക്കാൻ സെക്രട്ടറിമാരുടെ സമിതി ആലോചിക്കുന്നതായി നവംബർ 15 ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തിരുന്നു. ടെലികോം കമ്പനികൾക്ക് എല്ലാ താരിഫുകൾക്കും മിനിമം നിരക്ക് ഈടാക്കുന്നതിനും ടെലികോം ഓപ്പറേറ്റർമാരിൽ അത് ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിനും കമ്മിറ്റി ടെലികോം വകുപ്പിൽ നിന്ന് ശുപാർശ തേടിയിട്ടുമുണ്ട്.
വൊഡഫോൺ -ഐഡിയ 2019 സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 50,921 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. സമീപകാലത്ത് ഒരു ഇന്ത്യൻ കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ത്രൈമാസ നഷ്ടമാണിത്. അടുത്തിടെ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയർടെൽ, വൊഡഫോൺ- ഐഡിയ തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാർ സർക്കാരിന് 1.4 ലക്ഷം കോടി രൂപ നൽകണം. ഇത് ഈ മേഖലയിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.
ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 62,187 കോടി രൂപയുടെ ബാധ്യത ഭാരതി എയർടെല്ലിനുണ്ട് (ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയും ടെലിനോർ ഇന്ത്യയുടെയും പങ്ക് ഉൾപ്പെടെ), വൊഡഫോൺ- ഐഡിയയ്ക്ക് 54,184 കോടി രൂപ നൽകേണ്ടിവരും. ബാക്കിയുള്ള ബാധ്യത സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎൽ / എംടിഎൻഎല്ലും അടച്ചുപൂട്ടിയ മറ്റു ചില ടെലികോം കമ്പനികൾക്കുമാണ്.