നവംബര്‍ 11ന് ശേഷം വിസ്താര ബുക്കിംഗിന് എന്ത് സംഭവിക്കും?
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 3ന് വിസ്താര തങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു. നവംബര്‍ 11 വരെയാണ് വിസ്താര ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യാന്‍ കഴിയുക. നവംബര്‍ 12നോ അതിന് ശേഷമോ ഉള്ള യാത്രയ്ക്കായി നേരത്തെ വിസ്താര ടിക്കറ്റ് ചെയ്തവരുടെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ വിമാനങ്ങളിലേക്ക് മാറ്റും.
ഇതോടൊപ്പം 2024 നവംബര്‍ 12ന് 'ക്ലബ് വിസ്താര' എയര്‍ ഇന്ത്യയുടെ 'ഫ്ളൈയിംഗ് റിട്ടേണ്‍സുമായി' ലയിക്കും. ഇനിമുതല്‍ ഇത് 'മഹാരാജ ക്ലബ്' എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുക.
advertisement
അതേസമയം, എയര്‍ ഇന്ത്യ- വിസ്താര ലയനത്തിന് പിന്നാലെ ബുക്കിംഗ് സമയത്ത് ഫ്ളൈറ്റുകള്‍ തിരിച്ചറിയാന്‍ ഇനി പ്രത്യേക കോഡുകള്‍ യാത്രക്കാരെ സഹായിക്കും. ഫ്ളൈറ്റ് നമ്പറുകള്‍ എയര്‍ ഇന്ത്യയ്ക്ക് അനുസൃതമായി മാറുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിസ്താരയുടെ ഫ്ളൈറ്റുകളെല്ലാം 'എഐ 2' (AI 2) എന്ന ഫ്ളൈറ്റ് കോഡിലായിരിക്കും 2024 നവംബര്‍ 12 മുതല്‍ അറിയപ്പെടുക.
ഉദാഹരണത്തിന് UK 955 (വിസ്താര ഫ്ളൈറ്റുകളുടെ നിലവിലെ എയര്‍ലൈന്‍ ഐഡന്റിഫയര്‍ കോഡ് UK -യാണ് ) എന്ന ഫ്ളൈറ്റിന്റെ പുതിയ കോഡ് 'AI 2955' എന്നായിരിക്കും. ഈ പുതിയ കോഡുകള്‍ നല്‍കുന്നത് ബുക്കിംഗ് സമയത്ത് ഫ്ളൈറ്റുകള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ ഇന്ത്യയിലേക്ക് ലയിച്ചുവെങ്കിലും വിസ്താര നടത്തുന്ന റൂട്ടുകളും ഷെഡ്യൂളും നിലനിര്‍ത്തുമെന്നും വിസ്താരയുടെ തന്നെ ക്രൂ അംഗങ്ങളായിരിക്കും ഈ വിമാനങ്ങളിലുണ്ടാവുക എന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
വിസ്താര- എയര്‍ ഇന്ത്യ ലയനം: നാള്‍വഴികള്‍
1932: ടാറ്റാ എയര്‍ലൈന്‍സ് സ്ഥാപിതമായി
- ഇന്ത്യയുടെ ആദ്യ എയര്‍ലൈനായ ടാറ്റാ എയര്‍ലൈന്‍സ് ജെആര്‍ഡി ടാറ്റ സ്ഥാപിച്ചു.
1946: ടാറ്റാ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയായി മാറി
- ടാറ്റാ എയര്‍ലൈന്‍സിന്റെ പേര് എയര്‍ ഇന്ത്യ എന്നാക്കി മാറ്റി. 1953ല്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 49 ശതമാനം ഓഹരി സ്വന്തമാക്കി എയര്‍ ഇന്ത്യയെ ദേശസാല്‍ക്കരിച്ചു.
2001: എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ടാറ്റാ ഗ്രൂപ്പ്
- ടാറ്റാ ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടു.
2013: ടാറ്റാ ഗ്രൂപ്പ് വ്യോമയാന രംഗത്തേക്ക് തിരിച്ചെത്തി
- എയര്‍ ഏഷ്യ ബെര്‍ഹാദ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയുമായി സഹകരിച്ച് ടാറ്റാ ഗ്രൂപ്പ് ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയിലേക്ക് പ്രവേശിച്ചു.
-എയര്‍ ഏഷ്യ: നിരക്കുകുറഞ്ഞ വിമാന സര്‍വ്വീസ് സ്ഥാപിതമായി.
- വിസ്താര: ടാറ്റാ ഗ്രൂപ്പ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് സ്ഥാപിച്ച വിമാനസര്‍വീസ്.
2020: എയര്‍ ഇന്ത്യയ്ക്കായി ടാറ്റാ ഗ്രൂപ്പ് വീണ്ടും ലേലത്തില്‍ പങ്കെടുക്കുന്നു.
- എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന്റെ രംഗപ്രവേശം.
ഒക്ടോബര്‍ 2021: ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുത്തു.
- ലേലത്തില്‍ എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി.
- 2022 നവംബറില്‍ എയര്‍ ഏഷ്യ ഇന്ത്യയേയും ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി.
2022 ജനുവരി: ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമക്കി.
- കേന്ദ്രസര്‍ക്കാരില്‍ നിന്നും 18000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കി.
- എയര്‍ ഇന്ത്യ എക്‌സ്പ്രസ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതിയും ടാറ്റാ ഗ്രൂപ്പ് നേടിയെടുത്തു.
നവംബര്‍ 2023: എയര്‍ ഇന്ത്യ- വിസ്താര ലയന പ്രഖ്യാപനം.
- 2024 മെയ് മാസത്തോടെ എയര്‍ഇന്ത്യ-വിസ്താര ലയനം ആരംഭിച്ചു.
- 2024 ആഗസ്റ്റില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിക്ഷേപത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.