ഐഫോൺ 14 പ്രോയും 14 പ്രോ മാക്‌സും ഉപഭോക്താക്കൾക്ക് എത്ര രൂപക്ക് ലഭിക്കുമെന്നറിയാൻ ന്യൂസ് 18ൻ്റെ ടെക് വിഭാഗം രാജ്യത്തുടനീളമുള്ള റീട്ടെയിലർമാരുമായി ബന്ധപ്പെട്ടിരുന്നു. ആപ്പിളിന്റെ വിതരണ പ്രശ്‌നങ്ങളാൽ ഇപ്പോൾ ഫോണിന്റെ ലഭ്യത ഭാഗികമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉൽപാദനം വർദ്ധിപ്പിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. 10,000 രൂപ മുതൽ 22,000 രൂപ വരെ പ്രീമിയം വില ചോദിക്കുന്ന ചില്ലറ വ്യാപാരികളെ മെരുക്കുന്നതിനായാണ് സ്റ്റോക്ക് ക്ഷാമത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് വിവരം.
ചില ചില്ലറ വ്യാപാരികൾ ഔദ്യോഗികമായി അനുവദിച്ച വിലയിൽ ഫോണുകൾ വിൽക്കുന്നുണ്ട്. രാജസ്ഥാനിലെ ജയ്പൂർ ആസ്ഥാനമായുള്ള ഫ്രീലാൻസ് ഫോട്ടോഗ്രാഫർ വിദിത് ഷെഖാവത്ത് ജയ്പൂരിലെ ഒരു പ്രാദേശിക റീട്ടെയിലറിൽ 256 GBയുടെ ഐഫോൺ 14 പ്രോ മാക്സ് മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. 10,000 രൂപ മുൻകൂട്ടി നൽകുകയും ചെയ്തു. എന്നാൽ നേരത്തെ കടയുടമ വാഗ്ദാനം ചെയ്തതുപോലെ ഫോൺ പുറത്തിറങ്ങിയപ്പോൾ അദ്ദേഹത്തിന് ഫോൺ ലഭിച്ചില്ല.
advertisement
കുറച്ച് ദിവസങ്ങൾക്ക് ശേഷം, കടയുടമ പറഞ്ഞ വിലയേക്കാൾ 12,000 രൂപ കൂടുതൽ ആവശ്യപ്പെട്ടു. 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കാനായി തൻ്റെ എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും വിദിത് ഷെഖാവത്ത് പറഞ്ഞു.
താനെ ആസ്ഥാനമായുള്ള ഒരു സ്റ്റോർ ഉടമയിൽ നിന്ന് “14 പ്രോ മാക്‌സ് ഇന്ത്യൻ യൂണിറ്റ് സീൽഡ് ഹാർഡ് ക്യാഷ് ഡീൽ” എന്ന് പറയുന്ന ഒരു പരസ്യത്തിൽ 128 ജിബി ഐഫോൺ 14 പ്രോ മാക്‌സിന് 1,62,000 രൂപയും 256 ജിബി ഐഫോൺ 14 പ്രോ മാക്‌സിന് 1,72,000 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇത് എംആർപിയേക്കാൾ ഏകദേശം 22,000 രൂപ കൂടുതലാണ്. ഇത്തരത്തിലുള്ള ചില്ലറ വ്യാപാരികൾക്ക് സ്റ്റോക്ക് അനുവദിച്ചതാണ് നിലവിലെ ക്ഷാമത്തിന്റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പലയിടങ്ങളിലും ചില്ലറ വ്യാപാരികൾ 20,000 രൂപയ്ക്ക് മുകളിലാണ് അമിതമായി ആവശ്യപ്പെടുന്നത്.
ഐഫോൺ പ്രോ മോഡലുകൾക്ക് ഇന്ത്യയെ അപേക്ഷിച്ച് യുഎസ് പോലുള്ള രാജ്യങ്ങളിൽ ഏകദേശം 40,000 രൂപയുടെ വിലക്കുറവുണ്ട്. ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് ആപ്പിൾ കൂടുതൽ തുക ഈടാക്കുന്നുണ്ടെങ്കിലും ആപ്പിളിന്റെ പ്രീമിയം ഐഫോണിന് ആവശ്യക്കാർ നിരവധിയാണ്. ആപ്പിൾ ഉപഭോക്താക്കൾ വില നോക്കാതെ പ്രീമിയം ഐഫോണുകൾ വാങ്ങുന്നതിനാൽ ചില്ലറ വ്യാപാരികൾ കൂടുതൽ തുക ഈടാക്കാറുണ്ട്.
യുഎസ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഐഫോണുകൾ ഇറക്കുമതി ചെയ്യുന്ന കടയുടമകളും ഫോണിന് റെഡിക്യാഷ് മാത്രം വാങ്ങി കുറഞ്ഞ വിലയിൽ വിൽക്കുന്നുണ്ട്. എന്നാൽ ഇത്തരക്കാർ ചെയ്യുന്നത് നികുതി വെട്ടിക്കലാണ്.
ഡൽഹിയിലെ റീട്ടെയിലറായ ആഷിഷ് പറയുന്നത് ഐഫോൺ 14 പ്രോയുടെ സ്റ്റോക്കുകൾ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ ഐഫോൺ 14 പ്രോ മാക്‌സിന്റെ സ്റ്റോക്കുകൾ വളരെ കുറവാണ്. എന്നാലും ഇപ്പോൾ ഞങ്ങൾക്ക് ആവശ്യമുള്ള സ്റ്റോക്ക് ലഭിച്ചിട്ടുണ്ട്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ആവശ്യത്തിന് ഫോൺ നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ഐഫോണുകളുടെ ഉൽപ്പാദനം കുറച്ചുകൊണ്ട് ഐഫോൺ 14 പ്രോയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ആപ്പിൾ ഫോക്‌സ്‌കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോൺ 14, ഐഫോൺ 14 പ്രോ മോഡലുകൾക്കായി ഫോക്‌സ്‌കോൺ ഉത്പാദനത്തിൽ മാറ്റം വരുത്തണമെന്ന് ആപ്പിൾ ട്രേഡ് അനലിസ്റ്റായ മിംഗ്-ചി കുവോ അഭിപ്രായപ്പെട്ടു.
ജെപി മോർഗനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് ഐഫോൺ 14 പ്രോയ്ക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ഇതിന് ശരാശരി 35 ദിവസത്തെ ഡെലിവറി സമയവും ഐഫോൺ 14 പ്രോ മാക്‌സിന് 41 ദിവസത്തെ ഡെലിവറി സമയവുമെടുക്കുന്നുണ്ടെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.