കർക്കടകവാവ് കഴിഞ്ഞു വരുന്ന ശ്രാവണ മാസത്തിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ചൂടി പൂജ. കുളിച്ച് ശുദ്ധിയായി മധുര നിവേദ്യം തയ്യാറാക്കുന്നതോടെയാണ് പൂജാ കർമ്മങ്ങൾക്ക് തുടക്കമാകുന്നത്.
കറുക, മുക്കുറ്റി, ഹനുമാൻകിരീടം, മീശ പൂവ്, ശീപോതിപൂവ് തുടങ്ങി വീട്ടുമുറ്റത്തെ സുലഭമായ പൂക്കളും ഔഷധസസ്യങ്ങളും ലഭ്യമായ മറ്റു പൂക്കളും ചേർത്തു പൂച്ചെണ്ട് ഉണ്ടാക്കിയാണ് പൂജ ചെയ്യുന്നത്. മറ്റെല്ലാ പൂജകളിലും പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും ചൂടി പൂജ നടത്തുന്നത് സ്ത്രീകൾ മാത്രമാണെന്നതു പ്രത്യേകതയാണ്.
advertisement
വീടിന്റെ പ്രധാന വാതിൽ പടിയിലും പൂജാമുറിയിലും പ്രത്യേക ആരാധനയുണ്ട്. രണ്ട് ഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായാണ് വാതിൽപടി കയറി വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്.
പൂജകൾക്കുശേഷം മുതിർന്ന സുമംഗലികളായ സ്ത്രീകൾക്ക് ചൂടി കൈമാറി കാൽ തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരും പൂജയിൽ പങ്കെടുക്കുന്നു.