കേരളത്തിൽ നിരവധി ശുദ്ധജല തടാകങ്ങൾ ഉണ്ട്. എന്നാൽ ,ഏറ്റവും വലിയ ശുദ്ധജല തടാകം കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ് .കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ഈ തടാകവും സമീപപ്രദേശങ്ങളും ജൈവവൈവിധ്യസമ്പന്നമാണ്. ശരാശരി 6 മീറ്ററിൽ അധികം വീതിയും പരമാവധി 15 മീറ്ററിൽ അധികം ആഴവും തടാകത്തിനുണ്ട്. മറ്റ് ജലാശയങ്ങളുമായൊന്നും ബന്ധമില്ലാത്തതിനാൽ ഇതിലെ ജലത്തിന് ഉപ്പ് രസമില്ല, അപൂർവയിനം മത്സ്യങ്ങളും, സസ്യങ്ങളും ശലഭങ്ങളും എല്ലാം ശാസ്താംകോട്ട കായലിനെയും സമീപപ്രദേശങ്ങളെയും ആശ്രയിച്ച് ജീവിക്കുന്നുണ്ട്.
advertisement
കുമ്പളത്ത് ശങ്കുപ്പുള്ള സ്മാരക ദേവസ്വം കോളേജ് ഈ തടാകത്തിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മൂന്നുവശങ്ങളും ശാസ്താംകോട്ട കായലിനാൽ ചുറ്റപ്പെട്ട് ഒരു ഉപദ്വീപിന്റെ സൗന്ദര്യമാണ് ഈ ക്യാമ്പസിന് ഉള്ളത്. ക്യാമ്പസിന് പുറത്തുള്ള ഇടതൂർന്ന മുളങ്കാടും ഈ പ്രകൃതി മനോഹാരിതയെ വേറിട്ടതാക്കുന്നു.
കൊല്ലം നഗരത്തിനുപുറമെ സമീപത്തെ പഞ്ചായത്തുകളിലേക്കും ആവശ്യമായ ജലത്തിന്റെ മുഖ്യ ഉറവിടം ആണ് ശാസ്താംകോട്ട തടാകം. അതുകൊണ്ടുതന്നെ സമീപ പഞ്ചായത്തുകൾ ആയ മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്,പടിഞ്ഞാറേ കല്ലട, പോരുവഴി, കുന്നത്തൂർ തുടങ്ങി പഞ്ചായത്തുകളിലെ ജനങ്ങളെല്ലാം ഈ കായലിനോട് കടപ്പെട്ടിരിക്കുന്നു