പയ്യന്നൂർ എടാട്ട് വെച്ചാണ് നാല് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാടക സംഘത്തിന് നേരെ സദാചാര ആക്രമണമുണ്ടായത്. കുട്ടികൾ ഒരു സന്നദ്ധ സംഘടനയുടെ ഓഫീസിൽ നാടക പരിശീലനത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് മദ്യപിച്ചെത്തിയ ഒരുസംഘം ആക്രമണത്തിന് മുതിർന്നത്. കുട്ടികൾ അനാശാസ്യത്തിൽ ഏർപ്പെടുന്നു എന്നായിരുന്നു മദ്യപിച്ചെത്തിയ സംഘത്തിന്റെ അധിക്ഷേപം.
ആൺകുട്ടികൾക്ക് നേരെയായിരുന്നു ആദ്യം കൈയ്യേറ്റം. അതു തടയാനെത്തിയ പെൺകുട്ടികളെയും ആക്രമിച്ചു. " ഈ പരിപാടി ഇവിടെ നടക്കില്ല , കുറച്ചുകാലമായി നിങ്ങൾ ആൺകുട്ടികളുടെ കൂടെ നടക്കുന്നത് ഞങ്ങൾ കാണുന്നു. എന്നൊക്കെ പറഞ്ഞായിരുന്നു ഞങ്ങൾക്ക് നേരെയുള്ള ആക്രമണം " , ജന്തുശാസ്ത്ര വിഭാഗം അവസാന വർഷ ഡിഗ്രി വിദ്യാർഥിയായ പി പി അതുല്യ പറയുന്നു.
advertisement
അതുല്യയെ കൂട്ടാൻ എത്തിയ അഭിജിത്തിന് ആക്രമണത്തിൽ കാര്യമായി പരിക്കേറ്റു. വിറകും മറ്റും ഉപയോഗിച്ചാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായത് എന്ന് ധനതത്വശാസ്ത്ര വിദ്യാർഥിയായ എം അഭിജിത്ത് ന്യൂസ് 18 നോട് പറഞ്ഞു.
ആക്രമണം സഹിക്കാൻ പറ്റാതായതോടെ കുട്ടികൾ പോലീസിനെ വിവരമറിയിച്ചു. എന്നാൽ സംഭവസ്ഥലത്തെത്തിയ പോലീസ് സദാചാര ഉപദേശത്തിനാണ് പ്രാധാന്യം നൽകിയത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ട നടപടികൾ ആദ്യ ഘട്ടത്തിൽ സ്വീകരിച്ചതുമില്ല.
സംഭവസ്ഥലത്തെത്തിയ നാട്ടുകാരും സദാചാര സംഘത്തിന് അനുകൂല നിലപാടാണ് എടുത്തത്. പ്രദേശത്ത് താമസിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി മോശം ഭാഷയിൽ ആക്ഷേപിക്കുകയും ചെയ്തു.
അശ്ലീല ചുവയുള്ള ഭാഷയിലാണ് പെൺകുട്ടികളെയും അവരുടെ മാതാപിതാക്കളെയും അധിക്ഷേപിച്ചതെന്ന് പയ്യന്നൂർ കോളേജിലെ മലയാള വിഭാഗം വിദ്യാർഥിനി നന്ദന ഗോവിന്ദ് പറഞ്ഞു .
നാടകത്തിന് പിന്തുണ നൽകുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകനും മർദ്ദനമേറ്റു. വിദ്യാർത്ഥികൾ പരാതിയിൽ ഉറച്ച് നിന്നതോടെ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
