വനം വകുപ്പ് കാസർഗോഡ് റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ ആശയമാണ് ഷെഡ്യൂൾ ഒന്ന് ഇനത്തിൽപ്പെട്ട ഇന്ത്യൻ റോക്ക് പൈത്തൺ കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയത്.പൈവളിക കൊമ്മങ്കളയിലെ സൗരോർജ്ജ പദ്ധതി പ്രദേശത്താണ് മനുഷ്യ കാരുണ്യത്തിൽ പെരുമ്പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങിയത്.
advertisement
50 മെഗാവാട്ട് ശേഷിയുള്ള സൗരപദ്ധതിയുടെ നിർമ്മാണത്തിനിടെയാണ് പ്രദേശത്തെ പൊത്തിനകത്ത് പെരുമ്പാമ്പ് അടയിരിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് കാസർഗോഡ് റേഞ്ച് ഓഫീസർ അനിൽകുമാറ് നിർമ്മാണം നിർത്തിവെക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു.
272 കോടിയുടെ പദ്ധതി നിർമ്മാണം ഒന്നരയാഴ്ചത്തേക്ക് നിർത്തിവെക്കാനായിരുന്നു ആവശ്യം. നിർദ്ദേശം അംഗീകരിച്ചതോടൊപ്പം പെരുമ്പാമ്പിൻ മുട്ടകളുടെ സംരക്ഷണത്തിനുള്ള സൗകര്യവും അധികൃതർ തന്നെ ഒരുക്കി.
മെയ് 27-ന് വൈകീട്ടോടെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുമ്പോൾ നിർമ്മാണം നിലച്ചിട്ട് 9 ദിവസം പിന്നിട്ടിരുന്നു.വിരിഞ്ഞു തുടങ്ങിയതോടെ പൊത്തിൽ നിന്നും മുട്ടകൾ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി.
ഷെഡ്യൂൾ ഒന്ന് ഇനത്തിൽപ്പെട്ട ഇന്ത്യൻ റോക്ക് പൈത്തൺ കുഞ്ഞുങ്ങൾ പിന്നിട്ട് സ്വാഭാവിക വാസകേന്ദ്രത്തിലേക്ക് തുറന്നുവിട്ടു.
