സഹപ്രവർത്തകർ ലാൽ സലാം ചൊല്ലി മുദ്രാവാക്യം നിർത്തി. ഒരു നിമിഷത്തെ മൗനം. ചിതയിൽ തീ പടരുന്നു.
പൊടുന്നനെ തൊണ്ട പൊട്ടുമാറുച്ചത്തിൽ ആ മകൻ ഉറക്കെ വിളിച്ചു.
''ഇങ്ക്വിലാബ് സിന്ദാബാദ്,
റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമറേഡ്...
ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു.
സഖാവായ അച്ഛന് മകന്റെ അന്ത്യയാത്രാമൊഴി.
ഏതു മുദ്രാവാക്യത്തിന്റെയും അവസാനമെന്ന പോൽ
advertisement
മൂന്നു തവണ അവൻ ഇങ്ക്വിലാബ് വിളിച്ചു.
ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്.
അതുവരെ ഇടറാത്ത ആ സ്വരം അപ്പോഴിടറി.
ഏറ്റുവിളിച്ചവരുടെ മനസും ശബ്ദവും ഇടറി. മകൻെറ യാത്രാമൊഴിക്ക് പ്രത്യാഭിവാദ്യമായി ആ ചിതയിൽ നിന്നൊരു ഈങ്ക്വിലാബ് മുഴങ്ങിയിട്ടുണ്ടാവണം.
കായംകുളം: കുഴഞ്ഞുവീണ കൗണ്‍സിലര്‍ മരിച്ചു
അച്ഛൻ കായംകുളം നഗരസഭ പന്ത്രണ്ടാം വാര്‍ഡംഗവും സി പി എം പെരിങ്ങാല ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എരുവ വല്ലാറ്റൂരില്‍ വി എസ് അജയൻ (52). കായംകുളം സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ് ചികിത്സയിലിക്കെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് മരിച്ചു. ഇന്ന് വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു അജയന്‍റെ മൃതദേഹം സംസ്ക്കരിച്ചത്. മകൻ അഭിജിത് എസ് എഫ് ഐ പ്രവർത്തകൻ. ആലപ്പുഴ കാർമൽ പോളിടെക്നിക്കിൽ നിന്നും കഴിഞ്ഞ വർഷം ഡിപ്ളോമാ പാസായി.
