തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിംഗ് നടത്തുന്നത് താല്‍ക്കാലിതമായി നിരോധിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞദിവസം കൊളുക്കുമലയില്‍ അപകടത്തില്‍പ്പെട്ട സംഘം വനംവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് ട്രക്കിങ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതാണ്, ഇത്തരമൊരു തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതും ഇതിന് കാരണമായി.
സഞ്ചാരികളെ ഭ്രമിപ്പിക്കുന്ന മീശപ്പുലിമല
പശ്ചിമഘട്ട മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ് ഇത്. കടല്‍നിരപ്പില്‍ നിന്ന് 2634 മീറ്റര്‍ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അപൂര്‍വം ചിലര്‍ മാത്രം കടന്നുവന്നിരുന്ന മീശപ്പുലിമലയിലേക്ക് സഞ്ചാരികള്‍ ഒഴുകി. കേരള വനം വികസന കോര്‍പറേഷന്‍റെ (കെ എഫ് ഡി സി) നിയന്ത്രണത്തിലാണ് മീശപ്പുലിമല. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ നിയമപരമായ ഔദ്യോഗികമായ രീതികളുണ്ട്. ട്രക്കിംഗ്, താമസം, ഭക്ഷണം, ഗൈഡിന്‍റെ സേവനം എന്നിവ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 3500 രൂപയുടെ പാക്കേജ് ആണ് കെ എഫ് ഡി സി നല്‍കുന്നത്. പാസുകള്‍ കെ എഫ് സി ഡിയുടെ മൂന്നാറിലെ ഓഫീസില്‍ നിന്നാണ് വാങ്ങേണ്ടത്. എന്നാല്‍, മീശപ്പുലിമലയിലേക്ക് എത്തുന്നവരില്‍ മിക്കവരും നിയമാനുസൃതമായ ഈ വഴികളിലൂടെയല്ല എത്തുന്നത്.
advertisement
നിയമം ലംഘിച്ചുള്ള വഴികള്‍ ഇതിലേയാണ്
തമിഴ്നാട്ടില്‍ നിന്ന് തേനി ബോഡിനായ്ക്കന്നൂര്‍ വഴി കൊളുക്കുമലയിലെത്തി അവിടെ നിന്ന് മീശപ്പുലിമലയിലേക്ക്. നിയമവിരുദ്ധമായ വഴിയാണ് ഇത്. ഇവിടെയെത്തുന്നവര്‍ കബളിപ്പിക്കപ്പെടാറുമുണ്ട്. കൊളുക്കുമലയിലെ തേയിലതോട്ടങ്ങള്‍ കാണാന്‍ 100 രൂപ ടിക്കറ്റ് എടുക്കണം. ഇത് മീശപ്പുലിമലയിലേക്കുള്ള പ്രവേശനപാസ് അല്ലെന്ന് ടിക്കറ്റില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യം സഞ്ചാരികളോട് തോട്ടം അധകൃതര്‍ വ്യക്തമാക്കാറില്ല. സന്ദര്‍ശകരെ ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജന്‍സികളും ടാക്സി ഡ്രൈവര്‍മാരും കൊളുക്കുമല വഴി മീശപ്പുലിമല എത്തിക്കാമെന്ന് സഞ്ചാരികളെ വിശ്വസിപ്പിക്കുന്നു. അപകടത്തിലേക്കുള്ള യാത്ര ഇവിടെ തുടങ്ങുന്നു.
മീശപ്പുലിമലയില്‍ എത്തുന്നവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടുകൂടുമ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം സഞ്ചാരികള്‍ അറിയുന്നത്. കൊളുക്കുമലയിലൂടെ മീശപ്പുലിമലയിലേക്ക് എളുപ്പത്തില്‍ എത്താമെന്ന് പറഞ്ഞാണ് സഞ്ചാരികളെ പറ്റിക്കുന്നത്. ഏതായാലും ഇത്തരം വഴികളിലൂടെ മീശപ്പുലിമലയില്‍ എത്തുന്നവര്‍ വനപാലകരുടെ കൈയില്‍ പെടുകയാണ് പതിവ്. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റ് സാധനസാമഗ്രികളും അധികൃതര്‍ പിടിച്ചുവെയ്ക്കും. ഇതോടെ, പിഴയടയ്ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകും.
കഴിഞ്ഞദിവസം മീശപ്പുലിമലയിലേക്ക് യാത്ര പോയവര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളും എടുത്തിരുന്നില്ല. തേനി കാട്ടുതീ അപകടം സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ്.