അറസ്റ്റ് എന്തിനായിരുന്നു? സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന് കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദം കോടതി തള്ളിക്കളഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തി അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘത്തിന് (SIT) കോടതിയിൽ കനത്ത തിരിച്ചടി. എസ്‌ഐടിയുടെ ആരോപണങ്ങൾ ഒന്നൊന്നായി കോടതിയിൽ പൊളിഞ്ഞു. ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ തന്ത്രിയുടെ പങ്കു വ്യക്തമാക്കുന്ന തരത്തിൽ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാൻ എസ്‌ഐടിക്കു കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലൻസ് കോടതി ചൂണ്ടിക്കാട്ടി.
- ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്താനുള്ള ഉത്തരവാദിത്തം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കാണെന്നും പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും തന്ത്രിയുടെ ജാമ്യ ഉത്തരവിൽ കോടതി.
- സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്‌ഐടിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.
- 2019 ജൂലൈ 20ലെയും 2019 മേയ് 18ലെയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് വ്യാഖ്യാനിക്കാൻ പാകത്തിലുള്ളതല്ലെന്ന് കോടതി.
- ബോർഡിന്റെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് മഹസർ തയാറാക്കിയിരിക്കുന്നത്. ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ തന്ത്രി രണ്ടു മഹസറുകളിലും ഉറപ്പായും ഒപ്പിടുമായിരുന്നു. ദേവസ്വം ബോർഡ് മുൻപ് എടുത്ത തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു.
- അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ബോർഡ് എടുത്ത തീരുമാനങ്ങൾ ക്ഷേത്രത്തിലെ പൂജകളുമായോ ആചാരങ്ങളുമായോ മതപരമായ ചടങ്ങുകളുമായോ ബന്ധപ്പെട്ടതല്ലെന്നും ഉത്തരവിൽ പറയുന്നു.
- ബോർഡ് ആവശ്യപ്പെടുമ്പോൾ മാത്രം അനുജ്ഞ നൽകുകയാണ് തന്ത്രിയുടെ ചുമതല എന്നാണ് ബോർഡ് മാന്വലിൽ പറയുന്നത്. ക്ഷേത്രത്തിലെ പൂജകളുമായും താന്ത്രികചടങ്ങുകളുമായും ബന്ധപ്പെട്ട് മാത്രമാണ് തന്ത്രിയുടെ ചുമതല. ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളുമായോ തിരുവാഭരണം സൂക്ഷിപ്പിലോ തന്ത്രിക്കു ഒരു പങ്കു വഹിക്കാനില്ല. ഇതിനായി ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥവൃന്ദമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
എസ്ഐടിയുടെ വാദം
ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്‌ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും എസ്‌ഐടി ആരോപിച്ചിരുന്നു. പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും എസ്ഐടി വാദിച്ചിരുന്നു.
എന്നാൽ ഈ വാദങ്ങൾ എല്ലാം തള്ളിയാണ് തന്ത്രി കണ്ഠരര് രാജീവർക്ക് കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. അറസ്റ്റിലായി 41 ദിവസം കഴിഞ്ഞാണ് തന്ത്രിക്കു ജാമ്യം കിട്ടിയത്. തന്ത്രി കട്ടിളപ്പാളി കേസിൽ 13ാംപ്രതിയും ദ്വാരപാലകപാളി കേസിൽ 16-ാം പ്രതിയുമാണ്. ജനുവരി 9നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിക്കു വേണ്ടി ബി രാമൻപിള്ള, സി ഡി അനിൽ, സുജീഷ് ബാബു എന്നിവർ ഹാജരായി.
advertisement
Summary: The Special Investigation Team (SIT) suffered a major legal setback in the Sabarimala Gold Theft case as the Kollam Vigilance Court observed that there is "not even an iota of evidence" against the temple's head priest (Thantri), Kandararu Rajeevaru. The court pointed out that the SIT failed to produce any evidence linking the Thantri to the alleged irregularities or the conspiracy behind the gold theft.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
Feb 20, 2026 10:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറസ്റ്റ് എന്തിനായിരുന്നു? സ്വർണക്കൊള്ളയിൽ തന്ത്രിക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്ന് കോടതി










