ജനാധിപത്യ ഇന്ത്യയുടെ ഏറ്റവും കരാളകാലമായി വിശേഷിപ്പിക്കുന്നത് അടിയന്തിരാവസ്ഥയെയാണ്. ചരിത്രത്തില്‍ ആദ്യമായി മൗലികാവശങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. എതിര്‍ ശബ്ദങ്ങളും, പ്രതിഷേധങ്ങളും കേള്‍ക്കാന്‍ ഇഷ്ടപ്പെടാതെ ഭരണകൂടം തടഞ്ഞു. പട്ടിക തയ്യാറാക്കി പ്രതിപക്ഷനേതാക്കളെയും, മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. അതിനു അന്നുവരെ കണ്ടിട്ടില്ലാത്ത മിസ ഓര്‍ഡിനസ് ഇറക്കി. പൗരാവകാശങ്ങളില്‍ ഇടപെടുന്നതിനു കോടതിയേപ്പോലും വിലക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ സ്വീകരിക്കാന്‍ പോലും കോടതികള്‍ക്ക് കഴിയാത്ത സ്ഥിതിയുണ്ടായി. മക്കളെ നേര്‍വഴിക്കു നടത്തുന്നതിനു രക്ഷകര്‍ത്താക്കള്‍ക്കു അവകാശമുള്ളതുപോലെ രാഷ്ട്രത്തിനു പൗരന്മാരെ ശാസിക്കാനും, നിയന്ത്രിക്കാനും, ശിക്ഷിക്കാനുമവകാശമുണ്ടെന്നു കോടതിക്കു പോലും നിരീക്ഷിക്കേണ്ടി വന്നു.
advertisement
അടിയന്തിരാവസ്ഥയുടെ ഇരുമ്പുമറയില്‍ നിന്നു കൊണ്ട് സഞ്ജയ് ഗാന്ധിയും സംഘവും ചെയ്തത് രാജഭരണത്തിലോ, ബ്രിട്ടീഷ് രാജ് കാലഘട്ടത്തിലോ പോലും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ രാജാവ്. ഞാനാണ് നിയമം എന്നതില്‍പ്പോലും പരലോകഭയമോ, ജനപഥശാപമോ രാജാക്കന്മാര്‍ പേടിച്ചിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്ത് പാസാക്കിയിരുന്ന നിയമങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയില്‍ ഭീകര നിയമങ്ങള്‍ നടപ്പാക്കിയത്. അതിലും പേരിനാണെങ്കില്‍ക്കൂടി എതിരാളിയെ കേള്‍ക്കാനുള്ള സന്മനസ് കാണിക്കുന്ന വകുപ്പുണ്ടായിരുന്നു. ഇതൊന്നുമില്ലാത്തതായിരുന്നു അടിയന്തിരാവസ്ഥയിലെ കരിനിയമങ്ങള്‍. എക്‌സിക്യൂട്ടീവിനു മനോധര്‍മ്മം പോലെ ദുരുപയോഗം ചെയ്യാന്‍ കഴിയുന്ന ഭീകര നിയമങ്ങള്‍. അതിനു ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം. ഓര്‍ക്കുക ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലാണ് അത് സംഭവിച്ചത്. അതായത് ജനപ്രതിനിധികള്‍ ഒന്നിച്ചുകൂടി ചര്‍ച്ചചെയ്ത്, ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച്, സമര്‍പ്പിച്ച ഭരണഘടനയുള്ള ഒരു രാജ്യത്ത്.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തകര്‍ന്നത് ആ ഭരണഘടനയുടെ അന്തസത്തയായിരുന്നു. അതിന്റെ മറവില്‍ നടന്നത് പൗരനിരാസവും മനുഷ്യാവകാശ ലംഘനങ്ങളുമായിരുന്നു. മനുഷ്യന്റെ നൈസര്‍ഗികമായ രതിയേപ്പോലും ഭീഷണിപ്പെടുത്തുന്ന രീതിയിലേക്കു അത് വളര്‍ന്നു. ദില്ലിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച സഞ്ജയ് ഗാന്ധിയും വൈതാളികരും ഇന്ദിരാഗാന്ധിയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബന്ധിയാക്കി. അലഹബാദ് ഹൈക്കോടതി വിധിയുടെ അപ്പീലുള്ള ആശങ്കയും മകനോടുള്ള അതിവൈകാരികതയും അവരിലെ ജനാധിപത്യബോധത്തേയും സമദര്‍ശിത്വത്തേയും കെടുത്തിക്കളഞ്ഞു.
ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം ആലപ്പുഴയില്‍ നേതൃത്വത്തിനെതിരേ പോസ്റ്ററെഴുതി ഒട്ടിച്ചതിനു മൂന്നു സി.പി.ഐക്കാരേ അറസ്റ്റ് ചെയ്ത വാര്‍ത്തയാണ്. സി.പി.ഐല്‍നിന്നു അടിയന്തിരാവസ്ഥയുടെ പ്രേതം പുറത്തുചാടി. അതിപ്പോഴും സി.പി.ഐയെ വിട്ടൊഴിഞ്ഞിട്ടില്ല. പോസ്റ്ററൊട്ടിക്കുന്നത് കുറ്റമാണെന്നു നിരൂപിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് സി.പി.ഐയെ നയിക്കുന്നത്? അടിയന്തിരാവസ്ഥയില്‍ കാനം രാജേന്ദ്രനായിരുന്നു AIYF സെക്രട്ടറി. അതേ കാനമാണ് ഇന്നു സി.പി.ഐയുടെ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി. ഇനി എന്തുകൊണ്ട് എന്ന ചോദ്യത്തിനു പ്രസക്തിയില്ല.
Also Read ശാസ്ത്രലോകം സാക്ഷാത്കരിച്ചത് അന്ന് ചന്ദ്രശേഖർ അർദ്ധോക്തിയിൽ നിർത്തിയ സ്വപ്നം
കോണ്‍ഗ്രസിലേയും, സി.പി.ഐയിലേയും യുവജന നേതൃത്വമായിരുന്നു അടിയന്തിരാവസ്ഥയില്‍ സോഷ്യലിസ്റ്റുകളേയും, മാര്‍ക്‌സിസ്റ്റുകളേയും ഒറ്റുകൊടുത്ത് തുറങ്കലില്‍ അടപ്പിക്കുന്നതില്‍ ഏറ്റവും ഉത്സാഹിച്ചിരുന്നത്. ഇപ്പോഴത്തെ അറസ്റ്റിലും പ്രതിഫലിക്കുന്നത് ആ മനോഭാവമാണ്. അന്നു അതിന്റെ കുറ്റമെല്ലാം കരുണാകരന്റെ തലയില്‍ കെട്ടിവച്ച് കൈകഴുകി. ഇനിയത്തെ ഊഴത്തില്‍ ആ പാപഭാരം ഏറ്റെടുക്കാന്‍ വിധിക്കപ്പെടുന്നത് അന്നത്തെ ഇരകളായിരുന്ന സി.പി.എം ആയിരിക്കും. പോസ്റ്റര്‍ ഒട്ടിക്കുന്നതു പോലും അസഹിഷ്ണുതയുളവാക്കുന്ന ഒരു കാലത്തിലാണല്ലോ നാം ജീവിക്കുന്നത് എന്നു ജനത്തെക്കൊണ്ടു പറയിക്കും. ജനാധിപത്യവാദികളും, വിശാലമനസ്‌കരമെന്നു പൊതുധാരണ പരത്തുന്ന സി.പി.ഐക്കാരുടെ പ്രേരണയാലാണ് അത് ചെയ്തതെന്നു പിന്നീട് ആരും ഓര്‍മ്മിക്കില്ല. ചരിത്രത്തില്‍ അത് രേഖപ്പെടുത്തുന്നത് ആഭ്യന്തര വകുപ്പ് കയ്യാളിയ സി.പി.എമ്മിന്റെ പേരില്‍ മാത്രമായിരിക്കും. അതിനു അവര്‍ വലിയ വില കൊടുക്കേണ്ടി വരും. ഇതു വഴി എന്‍.ഐ.എ, യു.എ.പി.എ നിയമഭേദഗതികളില്‍ പ്രതിഷേധവും എതിര്‍പ്പുമുയര്‍ത്താനുള്ള ധാര്‍മ്മിക ഇടതുകക്ഷികള്‍ നഷ്ടപ്പെടുത്തി. ജനാധിപത്യ അവകാശങ്ങള്‍ക്കു എതിരെപോലും എക്‌സിക്യൂട്ടീവിനെ ഉപയോഗിച്ച് പ്രതികാര നടപടികള്‍ എടുക്കാന്‍ തുനിയുമെങ്കില്‍ ഇനി വരാനിരിക്കുന്ന കരിനിയമങ്ങളും ദുരുപയോഗപ്പെടുത്തില്ലെന്നു ജനം കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ?
ഇതെന്ത് കെട്ട കാലമാണ്!
(അഭിപ്രായം വ്യക്തിപരം)