ശാസ്ത്രലോകം സാക്ഷാത്കരിച്ചത് അന്ന് ചന്ദ്രശേഖർ അർദ്ധോക്തിയിൽ നിർത്തിയ സ്വപ്നം
Last Updated:
'തമോഗർത്തം എങ്ങനെയിരിക്കുമെന്നു എനിക്കറിയില്ല. ഒരു ദിവസം നമ്മുടെ കണ്ണുകൾക്ക് ബോദ്ധ്യമാകുന്ന ചിത്രം നമ്മളെടുക്കും'- വിഖ്യാത ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യം ചന്ദ്രശേഖർ 35 കൊല്ലം മുമ്പ് തമോഗർത്തത്തെ കുറിച്ച് തിരുവനന്തപുരത്തു നടത്തിയ പ്രഭാഷണം...
അശോക് കുമാർ കർത്ത
5.5 കോടി പഴക്കമുള്ള ഒരു തമോഗർത്തത്തിന്റെ ചിത്രം ഇന്നു നമുക്കു കിട്ടിയിരിക്കുന്നു.
'The image looks a little like an out-of-focus campfire, but the data that went into creating it is actually equal to the amount of selfies 40,000 people might take in their lifetimes...' എന്നാണ് അരിസോണ യൂണിവേഴ്സിറ്റിയിലെ അസ്ട്രോണമി പ്രൊഫസർ Dan Marrone പറഞ്ഞത്.
1984 ലെ ഒരു പകൽ .
advertisement
നോബേൽ ജേതാവ് ഡോ. സുബ്രഹ്മണ്യം ചന്ദ്രശേഖർ ശാസ്ത്രകുതുകിളായ കുറേ കുട്ടികൾക്കു മുൻപിൽ തമോഗർത്തത്തെക്കുറിച്ച് സംസാരിക്കുന്നു. വേദി,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിശാലമായ ഗാലറി ക്ലാസ്.
അന്താരാഷ്ട്ര പ്രശസ്തനായ ശാസ്ത്രജ്ഞൻ. സി.വി.രാമന്റെ അനന്തരവൻ. ഗണിതയുക്തികളിലൂടെ തമോഗർത്തത്തെ പിടിച്ചുകെട്ടിയവൻ.
പൊട്ടൻ ആട്ടം കാണുന്നതുപോലെ പകച്ചിരിക്കേണ്ടി വരുമെന്നു കരുതിയാണ് പ്രഭാഷണം കേൾക്കാൻ ചെന്നത്. അതിവിദഗ്ധർക്കു പോലും വഴങ്ങാത്ത സബ്ജക്റ്റ്.
എത്ര വാത്സല്യത്തോടെയാണ് അദ്ദേഹം പ്രഭാഷണം തുടങ്ങിയത്!
ലളിതമായ ഭാഷ. ഗണിത യുക്തികൾക്ക് ഭാവനാത്മകമായ വാങ്മയ ചിത്രങ്ങൾ. ഇടയ്ക്കിടെ ചില തമിഴ് മലയാളം വാക്കുകൾ! ഒരാശയം പൂർത്തിയാക്കുമ്പോൾ നിശബ്ദത. ആ ഇടവേളയിൽ മുന്നിലിരിക്കുന്നവരുടെ കണ്ണുകളിലൂടെ കണ്ണുകൊണ്ടൊരു സ്കാനിങ്.
advertisement
മനസിലാകുന്നുണ്ടോ (?) എന്നതിനർത്ഥം.
അപൂർവ്വം ചില അദ്ധ്യാപകരിൽ മാത്രം കാണുന്ന കരുതലും വാത്സല്യവും. അത് അറിവിന്റെ പ്രകാശമാണ്.
ചന്ദ്രശേഖർ ശാസ്ത്രം പ്രസംഗിക്കുകയായിരുന്നില്ല. തന്‍റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയുടെയും സ്വപ്നത്തിൽ അതെഴുതുകയായിരുന്നു.
ഇങ്ങനെയുള്ളവരുടെ ക്ലാസുകൾ കേൾക്കുമ്പോഴാണ് നമ്മുടെ ഭൂരിഭാഗം UGC അദ്ധ്യാപകരേയുമെടുത്ത് തമോഗർത്തത്തിലിടാൻ തോന്നുന്നത്. കുട്ടികളുടെ സമയവും പൊതുജനത്തിന്റെ പണവും എന്തിനു ഇങ്ങനെ അവർ നശിപ്പിക്കുന്നു?
9 മണിക്ക് തുടങ്ങിയ പ്രഭാഷണം ഒന്നര മണിക്കൂർ കടന്നു പോയത് ആരുമറിഞ്ഞില്ല. അപ്പോഴേക്കും രാജ്ഭവനിൽ നിന്നു ഒരു ഉദ്യോഗസ്ഥൻ എത്തി ഒരു കുറിപ്പ് അദ്ദേഹത്തിനു കൈമാറി.
advertisement
ഡോ.ചന്ദ്രശേഖർ ഒരു നിമിഷം നിശബ്ദനായി നിന്നു.
Dear students, am concluding this session....
അതിനു ശേഷം അദ്ദേഹം പറഞ്ഞു. തമോഗർത്തം എങ്ങനെയിരിക്കുമെന്നു എനിക്കറിയില്ല. ഇപ്പോഴതിനു ചിത്രകാരന്റെ ഭാവനയിലുള്ള രൂപമാണ്. ഒരു ദിവസം നമ്മുടെ കണ്ണുകൾക്ക് ബോദ്ധ്യമാകുന്ന ചിത്രം നമ്മളെടുക്കും. തമോഗർത്തങ്ങൾ വളരെ ദൂരെയാണ്. നമ്മുടെ സങ്കല്പങ്ങൾക്കുമപ്പുറമുള്ള ദൂരത്ത്.
അദ്ദേഹം പുറത്തേക്കു നടന്നു. ചുറ്റും കനത്ത പോലീസ് ബന്തവസ്.
യൂണിവേഴ്സിറ്റി കോളേജിനു മുന്നിലുള്ള റോഡിൽ വാഹനങ്ങൾ തീരെക്കുറവ്. ആളുകളുടെ മുഖത്തൊക്കെ എന്തോ ഒരാശങ്കപോലെ...
advertisement
ചന്ദ്രശേഖറേയും കൊണ്ടുള്ള കോൺവോയി സൈറൺ മുഴക്കി മുന്നോട്ടു നീങ്ങി. അടുത്തു നിന്ന ഒരു പോലീസുകാരനെ ഞാൻ നോക്കി. അയാൾ അടക്കത്തിൽ കാതിൽപ്പറഞ്ഞു :
'ഇന്ദിരാഗാന്ധിക്കു വെടിയേറ്റു. പെട്ടെന്നു സ്ഥലം വിട്ടോ.' ഒക്ടോബർ 31 ആയിരുന്നു അന്ന്.
അന്ന് സുബ്രഹ്മണ്യം ചന്ദ്രശേഖർ അർദ്ധോക്തിയിൽ നിർത്തിയ സ്വപ്നം ശാസ്ത്രലോകം ഇന്നു സാക്ഷാത്കരിച്ചു. അഞ്ചരക്കോടി പ്രകാശവർഷം മുൻപുള്ള ഒരു തമോഗർത്തത്തിന്റെ ചിത്രമെടുത്തു. M87 ഇന്നെങ്ങനെയിരിക്കും? മനസിനോളം വേഗതയുള്ള കാമറ കണ്ടുപിടിക്കപ്പെടട്ടെ. അന്നു നമുക്കത് കാണാം.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 11, 2019 2:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ശാസ്ത്രലോകം സാക്ഷാത്കരിച്ചത് അന്ന് ചന്ദ്രശേഖർ അർദ്ധോക്തിയിൽ നിർത്തിയ സ്വപ്നം