1982 ഒക്ടോബർ, നവംബർ മാസങ്ങളിലെപ്പോഴോ ആണെന്നാണ് ഓർമ്മ, കാര്യവട്ടത്തെ ജേർണലിസം ഡിപ്പാർട്ട് മെന്റിൽ ഞങ്ങൾ മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോൾ , ഈപ്പൻ സാറിനു ശേഷമുള്ള പുതിയ വകുപ്പദ്ധ്യക്ഷൻ ചാർജ്ജെടുക്കാനായി എത്തി. കുറച്ചു കഴിഞ്ഞ് ക്ലാസ്സിലേക്ക് വന്ന അദ്ദേഹം എത്ര സൗഹൃദപൂർവമാണ് ഞങ്ങളോട് ഇടപെട്ടതെന്ന് ഓർമ്മിക്കുന്നു. അന്നു തുടങ്ങിയ ആ സമ ഭാവവും സൗഹാർദ്ദവും തുടിക്കുന്ന പെരുമാറ്റം അവസാന കാലം വരെയും ഡോ.ജെ വി വിളനിലം സാർ നിലനിറുത്തിപ്പോന്നിരുന്നു. തന്റെ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ,ഉന്നത സ്ഥാനത്ത് എത്തിച്ചേർന്നവരോടും സാഹചര്യങ്ങൾ മൂലം ഒന്നുമാകാൻ കഴിയാതെ പോയ വരോടും ഒരേ സമീപനം തന്നെയായിരുന്നു എന്നും വിളനിലം സാറിന്റേത് എന്ന് ഒരു സംശയവും കൂടാതെ പറയാൻ കഴിയും.പിന്നീട് വിളനിലം സാറിനെതിരെ ക്രൂരമായ വേട്ടയാടൽ ഉണ്ടായപ്പോൾ, അതിൽ അദ്ദേഹത്തിന്റെ ചില വിദ്യാർത്ഥികൾക്കും പങ്കുണ്ടായിരുന്നുവെന്നറിഞ്ഞപ്പോൾ, ദുഃഖ ത്തോടൊപ്പം അത്ഭുതവും തോന്നി. ഇപ്പോഴും അവിശ്വസനീയമായി അനുഭവപ്പെടുന്ന ഒരു കാര്യമാണ് അത്.
advertisement
ഞങ്ങളെ പഠിപ്പിച്ചിരുന്ന എല്ലാ അദ്ധ്യാപകരോടും ഉള്ള ബഹുമാനം നിലനിറുത്തിക്കൊണ്ട് തന്നെ പറയട്ടെ, തീർത്തും വ്യത്യസ്തമായ ഒരു അദ്ധ്യാപന രീതിയായിരുന്നു വിളനിലം സാറിന്റേത്.ഡെവലപ്പ്മെന്റ് കമ്മ്യൂണിക്കേഷനും റിസേർച്ച് മെത്തഡോളജിയും പഠിപ്പിക്കുന്നതിൽ അതുല്യനായിരുന്നു അദ്ദേഹം. ഞങ്ങളുടെ കോഴ്സിന്റെ ഭാഗമായി dissertation തയ്യാറാക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ guidance എനിക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് പറഞ്ഞറിയിക്കാൻ പ്രയാസം. അന്ന് ഞാൻ തെരഞ്ഞെടുത്ത topic കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികളുടെ മുഖപത്രങ്ങളുടെ ചരിത്രമായിരുന്നു. ദേശാഭിമാനി, ജനയുഗം, ചന്ദ്രിക, വീക്ഷണം എന്നീ പത്രങ്ങളുടെ തുടക്കവും തുടർന്നുള്ള നാൾ വഴികളും അന്വേഷിച്ച്,അത്രയൊന്നും സുഗമമല്ലാത്ത ഒരു യാത്ര നടത്തി, ആ ചരിത്രം തയ്യാറാക്കുന്ന ഘട്ടങ്ങളിൽ വിളനിലം സാർ അക്ഷരാർത്ഥത്തിൽ തന്നെ ഒരു വഴികാട്ടി യായിരുന്നു. Content analysis അല്ലാതെ മറ്റൊന്നിനെയും റിസർച്ച് വർക്ക് ആയി അംഗീകരിക്കാത്ത എന്റെ ഏറ്റവുമടുത്ത സുഹൃത്തും ക്ലാസ്സിലെ ഒന്നാം റാങ്കു കാരനുമായ സന്തോഷ് (അകാലത്തിൽ മരണമടഞ്ഞ ആർ ഡി ഓ സന്തോഷ് )ഉൾപ്പെടെയുള്ളവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞത് പ്രധാനമായും സാറിന്റെ പിന്തുണ കൊണ്ടായിരുന്നു.മാധ്യമപഠനത്തിൽ ചരിത്ര ഗവേഷണത്തിന് എത്ര മാത്രം പ്രാധാന്യമുണ്ടെന്ന കാര്യവും വസ്തുതകൾ ശേഖരിക്കുന്ന വിധങ്ങളെ കുറിച്ചും അവ കൃത്യതയോടെ ഉപയോഗിക്കുന്നതിനെ കുറിച്ചുമൊക്കെ ഏറ്റവും നന്നായി പറഞ്ഞുതന്നതിന് വിളനിലം സാറിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ കോഴ്സ് അവസാനിച്ച്, പലരും പല വഴിക്ക് പോയതിനു ശേഷമാണ് അടുത്ത സംഭവം.1984 ൽ ഡി സി ബുക്സ് തയ്യാറാക്കിയ' നാം ജീവിക്കുന്ന ലോകം ' എന്ന വൈജ്ഞാനിക പരമ്പരയിൽ കമ്മ്യൂണിക്കേഷൻ എന്ന പുസ്തകം തയ്യാറാക്കിയത് വിളനിലം സാറാണ്. അതിൽ മലയാളപത്രങ്ങളെ സംബന്ധിയ്ക്കുന്ന അദ്ധ്യായത്തിൽ രാഷ്ട്രീയമുഖപത്രങ്ങളെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഇങ്ങനെ ഒരു അടിക്കുറിപ്പ് കൂടി ചേർത്തു. "കൂടുതൽ വിശദവിവരങ്ങൾക്ക്, ബൈജു ചന്ദ്രൻ തയ്യാറാക്കിയ' Party Press in Kerala ' എന്ന എം ജെ ഡെസ്സർട്ടേഷൻ വായിക്കുക."
ഇക്കാര്യം സാർ എന്നോട് പറഞ്ഞിരുന്നില്ല. വളരെ യാദൃഛിക മായി ആ പുസ്തകം കാണാനിടയായ പ്പോഴാണ് ഞാനീ വിവരമറിയുന്നത്. സാറി നെ വിളിച്ചു ഞാൻ നന്ദിയറിയിക്കുമ്പോൾ, "You deserved it " എന്നായിരുന്നു ഉറക്കെയുള്ള ചിരിയോടെ സാറിന്റെ പ്രതികരണം. ഒരു വിദ്യാർത്ഥിയ്ക്ക് ഗുരുവിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമായി ഞാനിതിനെ കണക്കാക്കുന്നു.
പിന്നീട് സാറിനോടൊപ്പം പല സർവകലാശാല കമ്മിറ്റികളിലും മാധ്യമ പുരസ്‌കാര സമിതികളി ലുമൊക്കെ ഒരുമിച്ചിരിക്കാൻ ഭാഗ്യമുണ്ടായി.ദൂർദർശന്റെ നിരവധി പരിപാടികളിൽ മോഡറേറ്റർ ആയും പാനലിസ്റ്റ് ആയും അദ്ദേഹം ഉത്സാഹത്തോടെ പങ്കെടുത്തു.ഞങ്ങളുടെ Party political telecast ന്റെ vetting committee യിൽ ഏതാണ്ട് സ്ഥിരാംഗമായിരുന്നു.എന്നെപ്പോലെ ബീനയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു.ലോക്ക് ഡൌൺ കാലത്ത് ഫോണിൽ സംസാരിച്ചെങ്കിലും അവസാനകാലത്ത് നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖമവശേഷിക്കുകയാണ്.
സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ സാഷ്‌ടാംഗം പ്രണമിക്കുന്നു.
(മുതിർന്ന മാധ്യമപ്രവർത്തകനും പ്രൊഫ: ജെ.വി. വിളനിലത്തിന്റെ ശിഷ്യനുമാണ് ബൈജു ചന്ദ്രൻ)