സിനിമാ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏതാനും കാര്യങ്ങൾ പങ്കു വെക്കട്ടെ. കേരളത്തിന് ഒരു സിനിമാ നയം രൂപീകരിക്കണം എന്ന് വർഷങ്ങൾക്കു മുൻപേ പല ലേഖനങ്ങളിലും ഞാൻ എഴുതിയിട്ടുള്ളതാണ്. ഈ വിഷയത്തിൽ ദീർഘമായ ഒരു ലേഖനം ആണ് അഭികാമ്യവും . അത് പിന്നാലെ ഏതെങ്കിലും മാധ്യമത്തിൽ എഴുതാം എന്ന് കരുതുന്നു. ചില കാതലായ വിഷയങ്ങൾ മാത്രം ഇവിടെ സൂചിപ്പിക്കാം.
സിനിമാ നയവുമായി ബന്ധപ്പെട്ടു ഇപ്പോൾ ഉയർന്നു വന്ന പ്രധാന പ്രശ്നം ആ ഉത്തരവിൽ സിനിമാ നയം രൂപീകരിക്കുന്നതിനായി ഉള്ള കമ്മിറ്റി ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ശുപാർശ കൂടി പരിശോധിച്ച് ഉചിതമായ നിർദേശങ്ങൾ നൽകണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നതാണ് .
advertisement
വളരെ വിചിത്രവും അസംബന്ധവുമായ ഒരു നിർദേശം ആണിത്. ഇത് സൂചിപ്പിക്കുന്നത് സിനിമാ നയം എന്നതിനെപ്പറ്റി സർക്കാരിന് തന്നെ വ്യക്തമായ ഒരു ധാരണയെ കാഴ്ചപ്പാടോ ഇല്ല എന്നതാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് കൃത്യമായ ചില വിഷയങ്ങളെ ആസ്പദമാക്കി ഉള്ളതാണ്. വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് ആണത്.
അത് പരിശോധിച്ച് അതിൽ ആവശ്യമായ നടപടികളും നിയമ നിർമാണവും നടത്തേണ്ടത് ഇനി സർക്കാരാണ്. സർക്കാർ അതിനുള്ള ആർജ്ജവം കാണിക്കുക ആണ് വേണ്ടത്. അല്ലാതെ അത് പരിശോധിക്കുവാൻ ഇനി മറ്റു കമ്മിറ്റികളെ നിയോഗിക്കുക അല്ല വേണ്ടത്.
ഇനി സിനിമാ നയത്തിലേക്ക് വരാം. സിനിമാ നയവും സിനിമാ റെഗുലേഷനും രണ്ടായി ആണ് കാണേണ്ടത്. സിനിമാ റെഗുലേഷൻ എന്നത് സിനിമാ രംഗത്തെ ഒരു ഇൻഡസ്ട്രി എന്ന നിലയിൽ കണക്കാക്കി സിനിമാ നിർമാണ , വിതരണ മേഖലകളിൽ ആവശ്യമായ നിയമ നിർമാണങ്ങൾ നടത്തുക എന്നതാണ്. ഇതിനായി സിനിമാ മേഖലയിൽ ഉള്ള എല്ലാ സംഘടനകളുമായും ചർച്ച ചെയ്തു അവരുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ആവശ്യമായ നിയമ പരിഷ്കാരങ്ങളും ഭേദഗതികളും വരുത്തുക എന്നതാണ് വേണ്ടത്. എന്നാൽ സിനിമാ നയം എന്നത് ഒരു സർക്കാർ, സിനിമയുമായി ബന്ധപ്പെട്ടു അതിന്റെ പ്രോത്സാഹനത്തിനും കലാപരവും വാണിജ്യപരവുമായ വികസനങ്ങൾക്കും എന്തൊക്കെ സഹായങ്ങൾ ചെയ്തു കൊടുക്കാൻ സാധിക്കും എന്ന ഒരു കാഴ്ചപ്പാട് മുന്നോട്ട് വെക്കൽ ആണ്.
സർക്കാരിന്റെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട നയപരമായ ഒരു ഡോക്കുമെന്റ്റ് ആണത്. അതിൽ സിനിമാ ചിത്രീകരണ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക , സിനിമാ നിർമാണം എളുപ്പമാക്കുന്ന തരത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വിവിധ സാമ്പത്തിക സബ്‌സിഡി മാനദണ്ഡങ്ങൾ രൂപീകരിക്കുക, കലാമൂല്യ സിനിമകൾക്ക് അന്താരാഷ്‌ട്ര അംഗീകാരങ്ങൾ ലഭിക്കുമ്പോൾ അത്തരം സിനിമകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമാ നിർമാണങ്ങൾ കൂടുതലായി ആകർഷിക്കാനും അതുവഴി സംസ്ഥാന സർക്കാരിന്റെ റവന്യൂ വർധിപ്പിക്കാനും സാധ്യമായ സാഹചര്യം സൃഷ്ടിക്കുക, ടൂറിസവുമായി ബന്ധപ്പെടുത്തി സിനിമാ ചിത്രീകരണ സാധ്യതകൾ കൂട്ടുകയും അത് വഴി സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തെ കൂടി ഉൾപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് സിനിമാ നയത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ.
ഇന്ത്യയിൽ തന്നെ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം സിനിമാ നയം രൂപീകരിച്ചിട്ടുണ്ട്. ഡൽഹി, ജമ്മു ആൻഡ് കാശ്മീർ, ഉത്തർ പ്രദേശ്, ഗുജറാത്ത്, ആസ്സാം, ഒഡീഷ, ഹരിയാന, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാ പ്രദേശ്, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങൾ ഫിലിം പോളിസി രൂപീകരിച്ചിട്ടുണ്ട്. അവയൊക്കെ വിശദമായി ഒന്ന് പരിശോധിച്ചാൽ തന്നെ സിനിമാ നയം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകും. ഉദാഹരണമായി ഒന്ന് രണ്ടു സംസ്ഥാനങ്ങളുടെ ഫിലിം പോളിസിയിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ചില ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്താണെന്ന് നോക്കാം.
ഡൽഹി
കലാപരമായ സർഗ്ഗാത്മകവും സാംസ്കാരികവുമായ ആവിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുക
ഡൽഹിയെ വൈബ്രന്റ് ആയ ഒരു ഫിലിം ഷൂട്ടിങ് ഡെസ്റ്റിനേഷൻ ആയി മാറ്റുക.
ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ ഡൽഹിയിൽ ചിത്രീകരിച്ച സിനിമകൾക്ക് പ്രേക്ഷകരെ സൃഷ്ടിക്കുക.
പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കാനും പിന്തുണയ്ക്കാനും ഡൽഹിയിൽ വൈദഗ്ധ്യമുള്ള എക്കോസിസ്റ്റം സൃഷ്ടിക്കാനും സഹായിക്കുക
ജമ്മു കശ്മീരിൽ പുതിയ സിനിമാ നയം പുറത്തിറക്കിയപ്പോൾ (ഫയൽ ചിത്രം)
ജമ്മു ആൻഡ് കാശ്മീർ
ചലച്ചിത്ര നിർമ്മാതാക്കൾക്ക് പ്രയോജനകരമായ പ്രോത്സാഹനങ്ങൾ നൽകിക്കൊണ്ട്, സിനിമാ നിർമാണത്തിൽ ഒരു പ്രധാന ഡെസ്റ്റിനേഷൻ ആയി ജമ്മു കാശ്മീരിനെ മാറ്റിയെടുക്കുക .
സിനിമാ നിർമാണ മേഖലയിലൂടെ കൂടുതൽ ഇൻവെസ്റ്റ്‌മെന്റ് ജമ്മു കാശ്മീരിലേക്ക് എത്തിക്കുക.
ഗുജറാത്ത്
സിനിമാറ്റിക് ടൂർ എന്ന സങ്കല്പത്തിലൂടെ ഗുജറാത്തിനെ ദേശീയ അന്തർദേശീയ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ സഹായിക്കുക .
ഗുജറാത്തിന്റെ കലാസംസ്കാരവും പൈതൃകവും സിനിമകളിലൂടെ ലോകമെമ്പാടും എത്തിക്കുക.
സിനിമാ നിർമാണ മേഖലയിലൂടെ കൂടുതൽ ഇൻവെസ്റ്റ്‌മെന്റ് ഗുജറാത്തിലേക്ക് എത്തിക്കുക.
ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും സിനിമാ നയം ലക്ഷ്യങ്ങൾ ഏതാണ്ട് സമാനമായ സ്വഭാവം ഉള്ളവയാണ് എന്ന് പരിശോധിച്ചാൽ മനസ്സിലാകും. പ്രധാനമായും ചില പൊതുവായ കാര്യങ്ങൾ ആണ് സിനിമാ നയത്തിൽ എല്ലാ സ്റ്റേറ്റുകളും ഉൾക്കൊള്ളിച്ചിട്ടുള്ളത്
സംസ്ഥാനത്തിന്റെ ടൂറിസവുമായി ചേർന്നുള്ള സാധ്യതകൾ വിപുലപ്പെടുത്തുക
സിനിമാ നിർമാണത്തിനായി വിവിധ മാനദണ്ഡങ്ങളും അതനുസരിച്ചുള്ള മാർക്കും അടിസ്ഥാനമാക്കി ടാക്സ് റിബേറ്റുകളും സബ്സിഡികളും നിർമാതാക്കൾക്ക് നൽകുക.
അതോടൊപ്പം തന്നെ സംസ്ഥാനത്തു ചിത്രീകരണം നടക്കുമ്പോൾ സർക്കാർ ഗസ്റ്റ് ഹൗസ്, റെസ്റ്റ് ഹൗസ് മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവ റിബേറ്റ് നിരക്കിൽ അനുവദിച്ചു നൽകുക. സർക്കാരുമായി ബന്ധപ്പെട്ട ചിത്രീകരണ അനുമതികൾക്കായി ഒരു സിംഗിൾ വിൻഡോ ക്ലിയറൻസ് സംവിധാനം ഉണ്ടാകുകയും ഏതു സർക്കാർ വകുപ്പിന് കീഴിലുള്ള അനുമതി ആണെങ്കിലും ഈ ഏക ജാലകത്തിലൂടെ ചിത്രീകരണ അനുമതികൾ സമയ ബന്ധിതമായി ലഭ്യമാക്കുകയും ചെയ്യുക (കേരളത്തിലെ എല്ലാ നിർമ്മാതാക്കൾക്കും അറിയാം ഒരു സിനിമയുടെ ചിത്രീകരണത്തിനായി അഞ്ഞൂറ് സർക്കാർ വകുപ്പുകളിൽ അനുമതിയ്ക്കായി പ്രൊഡക്ഷൻ കൺട്രോളർമാർ കയറി ഇറങ്ങുന്നതിന്റെ സാങ്കേതിക ബുദ്ധിമുട്ട് )
ഇതോടൊപ്പം ശ്രദ്ധേയമായ ഒരു കാര്യമാണ് ഭൂരിഭാഗം സ്റ്റേറ്റുകളുടെയും സിനിമാ നയത്തിൽ കാര്യമായ പരിഗണന നൽകിയിരിക്കുന്നത് ഫിലിം സബ്സിഡി സംബന്ധിച്ചാണ് ഇത് രണ്ടു തരത്തിലാണ് ഉള്ളത്, സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള നേരിട്ടുള്ള ഫിലിം ഇൻസെന്റീവ്, ടാക്സ് റിബേറ്റ് എന്നിവ.
ഒരു സംസ്ഥാനത്തു ഒരു സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടു എത്ര ശതമാനം തുക ഒരു നിർമാതാവ് ചിലവഴിക്കുന്നു, ആ സംസ്ഥാനത്തിന്റെ വിഭവ ശേഷി എത്ര മാത്രം ഉൾപ്പെടുത്തുന്നു, എത്ര ദിവസങ്ങൾ ചിത്രീകരണം നടത്തുന്നു, സംസ്ഥാനത്തെ എത്ര ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു എന്നതൊക്കെ കണക്കിലെടുത്തുള്ള സ്കോറിങ് സമ്പ്രദായം നിശ്ചയിക്കുകയും ലഭ്യമാകുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ സിനിമയുടെ കോസ്റ്റ് ഓഫ് പ്രൊഡക്ഷന്റെ നിശ്ചിത ശതമാനം തുക നിർമാതാവിന് ഇൻസെന്റീവ് ആയും ടാക്സ് റിബേറ്റ് ആയും തിരികെ കൊടുക്കുന്ന രീതി ഒട്ടേറെ സംസ്ഥാനങ്ങൾ അനുവർത്തിച്ചു വരുന്നുണ്ട്.
രണ്ടാമത്തേത് ദേശീയമോ അന്തർദേശീയമോ ആയ പുരസ്കാരങ്ങൾ നേടുന്ന ആ സംസ്ഥാനത്തെ ഭാഷാ ചിത്രത്തിന് അഡീഷണൽ സബ്‌സിഡികൾ നൽകുന്ന സംവിധാനം ആണ്.
സിനിമ നേടിയ അംഗീകാരങ്ങളുടെ പ്രാധാന്യം അനുസരിച്ചുള്ള വിവിധ സബ്‌സിഡി മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനവും രൂപീകരിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള കാറ്റഗറികളിൽ ദേശീയ അന്തർദേശീയ പുരസ്കാരം ലഭിക്കുന്ന സിനിമകൾക്കും അംഗീകൃത ലോക ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾക്കും സബ്‌സിഡികൾ നൽകും. അഞ്ചു കോടി രൂപ വരെ ഇത്തരത്തിൽ പുരസ്കാരം ലഭിക്കുന്ന സിനിമകൾക്ക് സബ്‌സിഡി നൽകുന്ന നിരവധി സംസ്ഥാനങ്ങൾ ഉണ്ട് ഇന്ത്യയിൽ.
ചുരുക്കത്തിൽ സിനിമാ നയം എന്നത് ഒരു സംസ്ഥാനത്തിന്റെ സിനിമയെപ്പറ്റിയുള്ള കാഴ്ചപ്പാടും നയവും ആണ്. സിനിമയിലൂടെ സംസ്ഥാനത്തിന്റെ വിഭവ ശേഷികൾ എങ്ങനെ വർദ്ധിപ്പിക്കാം, മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും സിനിമാ ചിത്രീകരണത്തിനായി ആളുകളെ നമ്മുടെ സംസ്ഥാനത്തേക്ക് എങ്ങനെ ആകർഷിക്കാം, അതുവഴി മികച്ച ഒരു സിനിമാ നിക്ഷേപക സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റി എടുക്കാം, അതിനായുള്ള സിനിമാ സൗഹൃദ അന്തരീക്ഷം എങ്ങനെയൊക്കെ ഒരുക്കിയെടുക്കാം, ചിത്രീകരണ അനുമതികൾ സർക്കാർ നൂലാമാലകൾ എന്നിവ നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാത്ത തരത്തിൽ എങ്ങനെ ലളിതമാക്കാം, സിനിമയും ടൂറിസവും ആയി ബന്ധപ്പെടുത്തി എന്തൊക്കെ പാക്കേജുകൾ സിനിമാ നിർമാണത്തിനായി ആവിഷ്കരിക്കാം, സിനിമയിലൂടെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം, കലാപരമായ ഒരു സൃഷ്ടി എന്ന നിലയിൽ കലാമൂല്യ സിനിമകളെ എങ്ങനെ നില നിർത്താം അവയ്ക്ക് ആവശ്യമായ എന്തൊക്കെ പ്രോത്സാഹനങ്ങൾ ലഭ്യമാക്കാം. നിർമാതാക്കൾക്ക് ഏതൊക്കെ തരത്തിൽ നിക്ഷേപത്തിന് ആനുപാതികമായി ഇൻസെന്റീവുകൾ നൽകാം.
ഇങ്ങനെ ഒട്ടേറെ കാര്യങ്ങൾ ആണ് സിനിമാ നയത്തിൽ ഉണ്ടാകേണ്ടത്. ചുരുക്കത്തിൽ സിനിമയെ ഒരു കലാരൂപം എന്ന നിലയിലും ഒരു ഇൻഡസ്ട്രി എന്ന നിലയിലും സമഗ്രമായി കാണാനും അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കാനുമുള്ള ഒരു സർക്കാരിന്റെ ദീർഘ വീക്ഷണത്തോടു കൂടിയ ആലോചനയും കാഴ്ചപ്പാടുമാണ് സിനിമാ നയം. അത്തരത്തിൽ ഇതിനെ സമീപിക്കുന്ന ആളുകൾ കൂടിചേർന്നാണ് സിനിമാ നയം രൂപീകരിക്കേണ്ടത്.
കേരളത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു നിലവിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ട്. നിർമാതാക്കളും സാങ്കേതിക പ്രവർത്തകരും സംഘടനകളും ഒക്കെ ആവശ്യപ്പെടുന്ന നിരവധി പ്രശ്നങ്ങൾ ഉണ്ട്. അടിയന്തിരമായി പരിഹരിക്കേണ്ട ഒട്ടേറെ വിഷയങ്ങൾ അതിലുണ്ട്. അവയൊക്കെ പരിഹരിക്കാനും ആവശ്യമായ നിയമ നിർമാണങ്ങൾ നടത്തുവാനുമായി വേറെ ഒരു കമ്മിറ്റി ആണ് രൂപീകരിക്കേണ്ടത്. നിർമാതാക്കളുടെയും, സാങ്കേതിക പ്രവർത്തകരുടെയും , മറ്റു സംഘടനകളുടെയും , ട്രേഡ് ബോഡികളുടെയും ഒക്കെ പ്രതിനിധികൾ ഉൾപ്പെട്ട ഒരു സമഗ്രമായ കമ്മിറ്റി ആണ് അത്തരത്തിൽ സിനിമാ റെഗുലേറ്ററി വിഷയങ്ങൾ നിശ്ചയിക്കേണ്ടത്.
സിനിമാ നയം ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അത് മുൻപ് പറഞ്ഞത് പോലെ സിനിമയുടെ കലാപരവും വാണിജ്യപരവുമായ രണ്ടു മേഖലകളും ഒരുപോലെ നോക്കി കണ്ടു അത്തരത്തിൽ രണ്ടു രീതിയിലുമുള്ള സിനിമകൾ നിലനിർത്തുവാനായുള്ള സർക്കാരിന്റെ കാഴ്ചപ്പാടും ശ്രമങ്ങളുമാണ് അതിൽ ഉണ്ടാകേണ്ടത്. സിനിമയെയും കേരളത്തെയും കുറഞ്ഞത് ഇരുപത് വർഷം എങ്കിലും മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു നയ രൂപീകരണം ആണ് ഉണ്ടാവേണ്ടത്. അതിനു ഭാവനാ പൂർണ്ണവും പ്രായോഗികവും പഠനാത്മകവും ആയ കാഴ്ചപ്പാടും ദീർഘ വീക്ഷണവും ആണ് വേണ്ടത് . അത്തരം ആളുകൾ ചേർന്നാണ് അത് രൂപപ്പെടുത്തേണ്ടത് . ആ ഒരു തിരിച്ചറിവ് സർക്കാരിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.
(നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാള ചലച്ചിത്ര സംവിധായകനാണ് ഡോ. ബിജു. അഭിപ്രായങ്ങൾ വ്യക്തിപരം)