TRENDING:

Syro Malabar Church: സഭ പല തട്ടിലായാൽ അച്ചടക്കത്തിന്റെ വടിയെടുക്കുമോ വത്തിക്കാൻ?

Last Updated:

കർദിനാളായത് വൈദികൻ ജോർജ് ജേക്കബ് കൂവക്കാട്. സിറോ മലബാർ സഭാംഗം. ചങ്ങനാശേരി രൂപതാംഗം. പക്ഷേ ഏറെക്കാലമായി വത്തിക്കാനിൽ. സിറോ മലബാർ സഭയും ബിഷപ്പുമാരും ശരിക്കും ഞെട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജിമ്മി ജെയിംസ്
News18
News18
advertisement

ഒരു ജോലിയിൽ ഡബിൾ പ്രമോഷൻ സാധാരണമല്ല. ട്രിപ്പിൾ പ്രമോഷൻ അതിലും അപൂർവം. അതേസമയം ഒരു ജൂനിയർ എക്സിക്യൂട്ടീവ് കമ്പനിയുടെ സിഇഒ ആയി മാറിയാലോ? കഴിഞ്ഞ ദിവസം ജോർജ് ജേക്കബ് കൂവക്കാടിനെ കർദിനാളായി വത്തിക്കാൻ അവരോധിച്ചത് ഏതാണ്ട് അതുപോലെ ഒരു സംഭവമാണ്. ഒരു സാധാരണ വൈദികനിൽ നിന്ന് മാർപാപ്പയെ തിരഞ്ഞെടുക്കുന്ന പരമോന്നത സഭയിലേക്കാണ് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം. പ്രായം വെറും 51 വയസ്.

ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗമാണ് കത്തോലിക്കർ. വത്തിക്കാനിലെ മാർപാപ്പായ്ക്ക് കീഴിൽ 24 വ്യത്യസ്ത സഭകളായിട്ടാണ് കത്തോലിക്കാ സമൂഹത്തിൻറെ ഘടന. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ലത്തീൻ സഭയാണ് അംഗസംഖ്യയിൽ ഏറ്റവും വലുത്. രണ്ടാം സ്ഥാനത്ത് കേരളത്തിൽ സ്ഥാപിക്കപ്പെട്ട സിറോ മലബാർ സഭയും. അത്രയും പ്രാധാന്യമുണ്ട് കേരളത്തിലെ സഭയ്ക്ക്. ഈ സഭകളുടെയെല്ലാം തലവൻമാർ ചേരുന്നതാണ് മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കർദിനാൾ സംഘം. പക്ഷെ കർദിനാൾ പദവി കിട്ടിയാലേ ഇതിൽ അംഗമാകാനാവൂ.

advertisement

പുതിയ കർദിനാൾമാരെ വാഴിച്ചപ്പോൾ സിറോ മലബാർ സഭയുടെ പുതിയ പരമാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന് ആ പദവി കിട്ടിയില്ല. ഇതുവരെ നടക്കാത്ത സംഭവം. എന്നാൽ വൈദികൻ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി. സിറോ മലബാർ സഭാംഗം. ചങ്ങനാശേരി രൂപതാംഗം. പക്ഷേ ഏറെക്കാലമായി വത്തിക്കാനിൽ. സിറോ മലബാർ സഭയും ബിഷപ്പുമാരും ശരിക്കും ഞെട്ടി.

ഞെട്ടലിന് പിന്നിലേക്ക് നോക്കിയാൽ ചില കാരണങ്ങൾ കാണാം. കഴിഞ്ഞ കുറേ വർഷങ്ങളായി സിറോ മലബാർ സഭയിൽ നടക്കുന്ന അനാരോഗ്യകരമായ തർക്കങ്ങൾ മുതൽ കൈയ്യാങ്കളി വരെയുള്ള സംഭവങ്ങളുണ്ട് ഇതിൽ. ആദ്യം സഭയുടെ പരമാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽക്കൽ ആരോപണമായിരുന്നു. പിന്നീട് കുർബാനയിലെ രീതിയെ ചൊല്ലിയുള്ള തർക്കം. പുരോഹിതൻ ജനങ്ങൾക്കൊപ്പം അൾത്താരയെ നോക്കി ആരാധന നടത്തുന്ന രീതി കൂടി കുർബാനയിൽ വേണമെന്ന് സഭാ നേതൃത്വം. വത്തിക്കാനും അതേ അഭിപ്രായം. പുരോഹിതൻ മുഴുവന് സമയവവും ജനങ്ങളെ നോക്കി നിന്ന് കുർബാന നടത്തുന്ന രീതി തുടരണമെന്ന് ഏറണാകുളം – അങ്കമാലി മേഖലയിലെ വൈദികരും വിശ്വാസികളും. ഔദ്യോഗിക പക്ഷത്തിന് വാശിയായി. അത് തർക്കമായി. കൂക്കുവിളിയായി. എറണാകുളത്തെ ആസ്ഥാന പള്ളിയിൽ (ബസലിക്ക) ആദ്യം പറഞ്ഞ രീതിയിലുള്ള കുർബാന നടത്താൻ വന്ന പുരോഹിതനെ തടയാൻ, നിർത്താതെ പ്രാർത്ഥന നടത്തിക്കളഞ്ഞു മറുവിഭാഗം. ഒരു കുർബാന കഴിയുമ്പോൾ അടുത്തത്. ഒടുവിൽ ബസിലിക്ക പൂട്ടി താക്കോലുമായി ഔദ്യോഗിക പക്ഷം പോയി.

advertisement

ഔദ്യോഗിക തീരുമാനത്തെ എതിർത്ത വൈദികർക്കെതിരെ വത്തിക്കാൻ കർശന നടപടി ആവശ്യപ്പെട്ടെങ്കിലും സഭയ്ക്കുള്ളിലെ ശാക്തിക ചേരികളുടെ പ്രത്യേകതമൂലം അത് നടന്നില്ല. രണ്ട് വട്ടം അതിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഒടുവിൽ മാർപാപ്പ സ്വന്തം പ്രതിനിധിയെ അയച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കൊച്ചിയിലെത്തിയ മാർ സിറിൽ വാസിൽ കുപ്പികൊണ്ടുള്ള ഏറ് വാങ്ങിയാണ് വത്തിക്കാനിലേക്ക് വിമാനം കയറിയത്. ഒടുവിൽ സഭാ അദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനത്തുനിന്ന് മാറ്റുക എന്ന അപൂർവ നടപടി വത്തിക്കാൻ സ്വീകരിച്ചു. പകരം സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും വത്തിക്കാൻ വിചാരിച്ചതുപോലെ ഒന്നും ചെയ്തില്ല. ഇതോടെയാണ് വത്തിക്കാൻ വടി എടുത്തത്.

advertisement

ഇപ്പോൾ മാർ തട്ടിലിന് കർദിനാൾ പദവി നിഷേധിക്കുക മാത്രമല്ല വത്തിക്കാൻ ചെയ്തിരിക്കുന്നത്. സ്വതന്ത്ര പരമാധികാര സഭയായി മാറാനുള്ള സിറോ മലബാർ സഭയുടെ പാത്രിയാർക്കൽ പദവിക്കുള്ള അപേക്ഷയും മാറ്റിവച്ചിരിക്കുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ സിറോ മലബാർ സഭ ഒറ്റയ്ക്കാണ് എന്ന് കരുതേണ്ട.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമാനമായ നടപടി നേരിട്ട മറ്റൊരു സഭ കൂടിയുണ്ട്. അംഗസംഖ്യയിൽ മൂന്നാമതുള്ള യുക്രെയിനിലെ കത്തോലിക്കാ സഭ. കത്തോലിക്കാ സഭയുമായി ചേരാനുള്ള റഷ്യൻ ഓർത്തഡോക്സ് സഭയുടെ നീക്കങ്ങൾക്ക് പാരവച്ചു എന്നതാണ് അവിടുത്തെ സഭയ്ക്ക് എതിരായ കുറ്റം. അവിടെനിന്നുള്ള കർദിനാളായി ഇത്തവണ സ്ഥാനമേറ്റത് യുക്രെയിനിൽ നിന്ന് ദൂരെ, ഓസ്ട്രേലിയയിൽ സേവനം അനുഷ്ഠിക്കുന്ന (ഇതേ സഭയുടെ തന്നെ) ബിഷപ്പ് മിക്കോളാ ബൈച്ചാക്ക് (Mykola Bychok) ആണ്. പ്രായം 44. സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദിനാൾ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Opinion/
Syro Malabar Church: സഭ പല തട്ടിലായാൽ അച്ചടക്കത്തിന്റെ വടിയെടുക്കുമോ വത്തിക്കാൻ?
Open in App
Home
Video
Impact Shorts
Web Stories