1970കളുടെ മധ്യത്തിലാണ് ഞാൻ ജമ്മു കശ്മീരിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുന്നത്. ഷെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുക എന്ന ദീർവീക്ഷണമില്ലാത്ത രാഷ്ട്രീയത്തിന്റെ അങ്ങേയറ്റത്തെ നീക്കം നടത്തിയ 1953 ഓഗസ്റ്റ് 8 മുതലുള്ള ചരിത്രം നോക്കിയാൽ അന്ന് ഈ പാർട്ടിയോടു സഹകരിക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.
എന്നാൽ മഹാത്മാ ഗാന്ധി, നെഹ്റു, സർദാർ പട്ടേൽ, മൗലാനാ അബുൾ കലാം ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യസമരത്തിന്റെ പ്രകാശ ഗോപുരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണു ഞാൻ കോൺഗ്രസുകാരനായത്. തുടർന്ന് സഞ്ജയ് ഗാന്ധി വ്യക്തിപരമായി താല്പര്യമെടുത്തതിനെത്തുടർന്ന് 1975-76 കാലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ എന്ന ചുമതല ഏറ്റെടുക്കാൻ ഞാൻ സമ്മതിച്ചു. കശ്മീർ സർവകലാശാലയിൽ നിന്നു പിജി കഴിഞ്ഞശേഷം 1973-75 കാലത്ത് ജമ്മു കശ്മീർ യൂത്ത് കോൺഗ്രസിന്റെ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ അപ്പോൾ .
advertisement
പിന്നീട് സഞ്ജയ് ഗാന്ധി പ്രസിഡന്റായ യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി. 1977 മുതൽ ഞങ്ങൾ ആയിരക്കണക്കിനു പ്രവർത്തകർക്കൊപ്പം വിവിധ ജയിലിലുകളിൽ തടവിലായി.ഇന്ദിര ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ജുമാ മസ്ജിദിൽ നിന്ന് പാർലമെന്റ് ഹൗസിലേക്കു പ്രതിഷേധ റാലി നയിച്ചതിന് അറസ്റ്റിലായി 1978 ഡിസംബർ 20 മുതൽ 1978 ജനുവരി അവസാനം വരെ തിഹാർ ജയിലിൽ കിടന്നതാണ് ഏറ്റവും കൂടുതൽ കാലത്തെ ജയിൽവാസം. ജനതാ പാർട്ടി സർക്കാരിനെതിരേ ധീരോചിതം പോരാടി 1978ൽ ഇന്ദിര രൂപീകരിച്ച പാർട്ടിയെ വളർത്തി. മൂന്നുവർഷം കൊണ്ട് പുതുജീവൻ നൽകിയ പാർട്ടിക്ക് 1980ൽ അധികാരത്തിലേക്കു തിരികെവരാനും കഴിഞ്ഞു.
യുവാക്കളുടെ പ്രതീക്ഷയായിരുന്ന നേതാവിന്റെ ദാരുണാന്ത്യത്തെ തുടർന്ന് 1980ൽ ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഞാൻ ഏറ്റെടുത്തു. സഞ്ജയ് ഗാന്ധിയുടെ ഒന്നാം ചരമവാർഷികദിനമായ 1981 ജൂൺ 23ന് താങ്കളുടെ ഭർത്താവായ രാജീവ് ഗാന്ധിക്ക് യൂത്ത് കോൺഗ്രസിലേക്കും അതിന്റെ ദേശീയ കൗൺസിലേക്കും അംഗത്വം നൽകാൻ എനിക്കു കഴിഞ്ഞത് വലിയ അഭിമാനമായി കാണുന്നു. തുടർന്ന് എന്റെ അധ്യക്ഷതയിൽ അക്കൊല്ലം 29, 30 തീയതികളിൽ ബംഗളൂരുവിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ രാജീവ് ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറി.
1982 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു, ഡോ. മൻമോഹൻ സിങ് എന്നിവരുടെ സർക്കാരുകളിൽ അംഗമാകാൻ കഴിഞ്ഞു എന്നത് എനിക്കുള്ള ബഹുമതിയായി കാണുന്നു. ഒപ്പം 1980കളുടെ മധ്യകാലം മുതൽ എല്ലാ കോൺഗ്രസ് പ്രസിഡന്റുമാർക്കുമൊപ്പം ജനറൽ സെക്രട്ടറി പദവി വഹിക്കാനും അവസരം കിട്ടി.
താങ്കളുടെ ഭർത്താവും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസ് പാർലമെന്ററി ബോർഡിൽ ഞാൻ അംഗമായിരുന്നു. 1991ൽ അദ്ദേഹം കൊല്ലപ്പെട്ടതിനു ശേഷം പി.വി. നരസിംഹറാവു നേതൃത്വം കൊടുത്ത ബോർഡിലും ഞാൻ തുടർന്നു, 1992ൽ കോൺഗ്രസ് പാർലമെന്ററി ബോർഡ് എന്ന സംവിധാനം പുനഃസംഘടിപ്പിക്കേണ്ടതില്ല എന്നു തീരുമാനിക്കും വരെ.
തെരഞ്ഞെടുക്കപ്പെട്ടോ നാമനിർദേശം ചെയ്യപ്പെട്ടോ നാലു പതിറ്റാണ്ടോളം തുടർച്ചയായി കോൺഗ്രസ് വർക്കിങ് കമ്മറ്റിയിൽ അംഗമായി. 35 വർഷത്തിനിടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത്, ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ എഐസിസി ജനറൽ സെക്രട്ടറി ഇൻ- ചാർജ് പദവി വഹിച്ചു. ഞാൻ സംഘടനാ ചുമതല വഹിച്ച 90 ശതമാനം സംസ്ഥാനങ്ങളിലും അതതു കാലത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുവിജയം നേടി എന്നത് സന്തോഷത്തോടെ സൂചിപ്പിക്കട്ടെ.
സമീപകാലത്ത് ഏഴുവർഷം രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവിയും വഹിച്ചു. ഇതെല്ലാം എണ്ണിപ്പറയുന്നത് ഈ മഹാപ്രസ്ഥാനത്തിനു വേണ്ടി എന്റെ ജീവിതകാലം മുഴുവൻ സ്വാർഥതയില്ലാതെ നടത്തിയ പ്രവർത്തനങ്ങൾക്ക് അടിവരയിടാനാണ്. ആരോഗ്യവും കുടുംബവും വകവയ്ക്കാതെ, ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സേവനത്തിനു വേണ്ടിയാണു വിനിയോഗിച്ചത്.
കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ താങ്കൾ യുപിഎ-1, യുപിഎ-2 സർക്കാരുകളുടെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു എന്നതിൽ യാതൊരു സംശയവുമില്ല. എന്നാലും, അതിനു പിന്നിൽ മുതിർന്ന നേതാക്കളുടെ ഉപദേശനിർദേശങ്ങൾക്കും ഒരു സുപ്രധാന പങ്കുണ്ടായിരുന്നു. അവരുടെ നിഗമനങ്ങളെ താങ്കൾ വിശ്വസിക്കുകയും അവർക്ക് അധികാരങ്ങൾ വീതിച്ചു നൽകുകയും ചെയ്തു എന്നതും ഒരു ഘടകമാണ്.
പക്ഷേ ദൗർഭാഗ്യകരമെന്നു പറയട്ടെ, രാഹുൽ ഗാന്ധി രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചതിനു ശേഷം, പ്രത്യേകിച്ച് 2013ൽ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി താങ്കൾ നിയോഗിച്ചതിനു ശേഷം, ഈ പാർട്ടിയിൽ നിലനിന്നുപോന്ന മുഴുവൻ കൂടിയാലോചനാ സംവിധാനങ്ങളും തകർത്തെറിയപ്പെട്ടു. എല്ലാ മുതിർന്ന, പരിചയസമ്പന്നരായ നേതാക്കളും മാറ്റിനിർത്തപ്പെട്ടു, ഒട്ടും പരിചയമികവില്ലാത്ത ഒരു പുതിയ കൂട്ടം ആൾക്കാർ പാർട്ടിയുടെ കാര്യങ്ങൾ നടത്താൻ തുടങ്ങി.
അപക്വമായ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് രാഹുൽ ഗാന്ധി സകല മാധ്യമങ്ങളുടെയും മുന്നിൽ വച്ച് ഒരു സർക്കാർ ഓർഡിനൻസ് വലിച്ചുകീറി എറിഞ്ഞത്. യാഥാർത്ഥത്തിൽ കോൺഗ്രസിന്റെ കോർ ഗ്രൂപ്പ് തയാറാക്കി ബഹുമാനപ്പെട്ട പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച്, രാഷ്ട്രപതി അംഗീകാരം നൽകിയ ഓർഡിനൻസാണ് അന്ന് കീറിയെറിയപ്പെട്ടത്. ഈ "കുട്ടിക്കളി' മൂലം പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും മുഴുവൻ അധികാരങ്ങളും പൊതുമധ്യത്തിൽ ചോദ്യം ചെയ്യപ്പെടാനിടയാക്കി. 2014ൽ യുപിഎയുടെ തെരഞ്ഞെടുപ്പു പരാജയത്തിനു പല കാരണങ്ങൾ ഉണ്ടെങ്കിലും ഈ ഒരേയൊരു പ്രവൃത്തിയാണ് മറ്റെന്തിനേക്കാളും മുന്നിൽ നിൽക്കുന്നത്. .
സീതാറാം കേസരിയെ നിഷ്കാസിതനാക്കി താങ്കൾ കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്ത ശേഷം 1998ൽ പച്ച്മഡിയിൽ പാർട്ടിയുടെ ചിന്തൻശിബിരം നടത്തിയ കാര്യം താങ്കൾക്ക് ഓർമയുണ്ടാകും. പിന്നീട് 2003ൽ സിംലയിലും 2013ൽ ജയ്പുരിലും ഓരോ ചിന്തൻശിബിരം നടന്നു. മൂന്നിടത്തും സംഘനാകാര്യ പ്രവർത്തകസമിതി അധ്യക്ഷസ്ഥാനത്തു ഞാനായിരുന്നു.
നിർഭാഗ്യകരമെന്നു പറയട്ടെ, മൂന്നു ശിബിരങ്ങളിലെയും ഒരു ശുപാർശയും കൃത്യമായി നടപ്പാക്കിയില്ല. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ കൂടുതൽ സക്രിയമാക്കാൻ ഞാനും കമ്മറ്റിയിലെ മറ്റംഗങ്ങളും ചേർന്ന് വിശദമായ ഒരു കർമപദ്ധതി മുന്നോട്ടുവച്ചു. പ്രവർത്തക സമിതിയും അത് അംഗീകരിച്ചു. 2014ലെ തെരഞ്ഞെടുപ്പിനു മുൻപു സമയബന്ധിതമായി നടപ്പാക്കേണ്ട ശുപാർശകളായിരുന്നു അവ. ദൗർഭാഗ്യവശാൽ പാർട്ടി ആസ്ഥാനത്തെ സ്റ്റോർ റൂമിൽ ഒമ്പതുവർഷമായി അതു പൊടിപിടിച്ചുകിടക്കുന്നു. താങ്കളെയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെയും ഇക്കാര്യം 2013 മുതൽ പലവട്ടം ഞാൻ ഓർമിപ്പിച്ചു. പക്ഷേ, അതൊന്നു ഗൗരവമായി പരിശോധിക്കാൻ പോലും തയാറായില്ല.
2014 മുതൽ താങ്കളുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൻ കീഴിൽ രണ്ടു ലോകസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി അതിദയനീയമായാണു തകർന്നടിഞ്ഞത്. 2014-2022 കാലത്ത് നടന്ന 49 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 39 എണ്ണവും തോറ്റു. നാലിടത്തു മാത്രമേ ജയിക്കാനായുള്ളൂ. ആറിടത്ത് സഖ്യമുണ്ടാക്കി ഭരിച്ചു. ഇന്ന് കോൺഗ്രസ് ആകെ രണ്ടിടത്തു മാത്രമാണു ഭരണം. മറ്റു രണ്ടു സംസ്ഥാനങ്ങളിൽ വളരെ നേരിയ ഭൂരിപക്ഷത്തോടെ സഖ്യസർക്കാരും.
2019ലെ തെരഞ്ഞെടുപ്പോടെ പാർട്ടിയുടെ സ്ഥിതി വീണ്ടും ദയനീയമായി. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുകയും താങ്കൾ ഇടക്കാല പ്രസിഡന്റാവുകയും ചെയ്തു. മൂന്നുവർഷമായി ആ പദവിയിൽ താങ്കൾ തുടരുന്നു. യുപിഎ സർക്കാരിന്റെ സ്ഥാപനപരമായ വ്യക്തിത്വം തകർത്തെറിഞ്ഞ "റിമോട്ട് കൺട്രോൾ മോഡൽ' ഇപ്പോൾ പാർട്ടിയിലും പ്രാവർത്തികമാക്കിയിരിക്കുന്നു എന്നതാണ് ഏറ്റവും ദയനീയം. താങ്കൾ പേരിനു മാത്രമുള്ള അധികാരകേന്ദ്രം മാത്രമായിരിക്കുമ്പോൾ, രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാരോ പ്രൈവറ്റ് സെക്രട്ടറിമാരോ ആണ് സുപ്രധാന തീരുമാനങ്ങളെടുക്കുന്നത്.
ഞാനും മുൻ കേന്ദ്രമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരുമടങ്ങളുന്ന മറ്റ് 22 മുതിർന്ന നേതാക്കളും ചേർന്ന്പാർട്ടി നേരിടുന്ന പരിതാപകരമായ അവസ്ഥയും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി 2020 ഓഗസ്റ്റിൽ താങ്കൾക്കൊരു കത്തെഴുതി. അതിന്റെ പേരിൽ ഞങ്ങൾ പരസ്യമായി നിന്ദ്യമായ രീതിയിൽ ആക്രമിക്കപ്പെട്ടു. ഇന്നു പാർട്ടിയെ നയിക്കുന്ന ഉപജാപക വൃന്ദത്തിന്റെ നിർദേശപ്രകാരം ജമ്മുവിൽ എന്റ ശവമഞ്ച ഘോഷയാത്ര നടത്തി. ഈ അച്ചടക്കലംഘടനം നടത്തിയവരെ പാർട്ടി ജനറൽ സെക്രട്ടറിമാരും രാഹുൽ ഗാന്ധി നേരിട്ടും ഡൽഹിയിൽ പ്രോത്സാഹിപ്പിക്കുയായിരുന്നു. മുൻ കേന്ദ്രമന്ത്രി കപിൽ സിബലിന്റെ വീടാക്രമിക്കാൻ ഇതേ സ്തുതിപാഠകരുടെ ഗൂണ്ടകൾ തുനിഞ്ഞു. താങ്കളും ബന്ധുക്കളും നേരിടുന്ന കേസുകളെ കോടതികളിൽ പ്രതിരോധിക്കുന്ന ആളാണ് കപിൽ സിബൽ എന്നതും ഓർമിക്കണം.
പാർട്ടിയുടെ ദൗർബല്യങ്ങളും അതിനുള്ള കാരണങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും ഒരു കത്തിലൂടെ താങ്കളെ അറിയിച്ചു എന്നതു മാത്രമാണ് 23 മുതിർന്ന നേതാക്കൾ ചെയ്ത ഏക അപരാധം. അവയെ ക്രിയാത്മകമായും സഹകരണത്തോടെയും സ്വീകരിക്കുന്നതിനു പകരം പ്രത്യേകം വിളിച്ചുചേർത്ത വിപുലമായ പ്രവർത്തക സമിതി യോഗത്തിൽ ഞങ്ങളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തു.
ഇനിയൊരിക്കലും തിരിച്ചുവരാൻ കഴിയാത്തവിധത്തിൽ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം ഒരുകൂട്ടം ഉപജാപകവൃന്ദം കൈവശപ്പെടുത്തിയിരിക്കുന്നു. പാർട്ടി സമഗ്രമായി തകർക്കപ്പെട്ടിരിക്കുന്നു. ഇനിയൊരു മടങ്ങിവരവ് അസാധ്യമാണ്. എല്ലാറ്റിനുമുപരി, ഇനി "തെരഞ്ഞെടുക്കപ്പെടുക്കപ്പെടുന്ന ആൾ' കേവലമൊരു ചരടിൽ കൊരുത്ത പാവ മാത്രമായിരിക്കും.
ദേശീയതലത്തിൽ നമുക്കുണ്ടായിരുന്ന രാഷ്ട്രീയ ഇടം ബിജെപിക്കും സംസ്ഥാനതലങ്ങളിൽ പ്രാദേശിക പാർട്ടികൾക്കും നാം കൈവിട്ടുകൊടുത്തുകഴിഞ്ഞു. ഒട്ടും കാര്യഗൗരവമില്ലാത്ത ഒരു വ്യക്തിയ്ക്ക് ഈ പാർട്ടിയുടെ നിയന്ത്രണം എട്ടുവർഷം നൽകി എന്നതാണ് ഇതിനൊക്കെ കാരണം.
സംഘടനാ തെരഞ്ഞെടുപ്പു പ്രക്രിയ മുഴുവൻ നാടകവും തട്ടിപ്പുമാണ്. രാജ്യത്തെവിടെയും സംഘടനയുടെ ഒരു തലത്തിലും തെരഞ്ഞെടുപ്പു പ്രക്രിയ നടന്നിട്ടില്ല. 24 അക്ബർ റോഡിൽ ഇരുന്ന് എഐസിസിയെ നയിക്കുന്ന ഒരുകൂട്ടം സ്വാർഥമോഹികൾ തയാറാക്കുന്ന ഭാരവാഹിപ്പട്ടികയ്ക്ക് അവരുടെ കുറെ പിണയാളുകൾ ഒപ്പു വെക്കുന്നു. ബൂത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിൽ എവിടെയും ഒരു വോട്ടർ പട്ടിക തയാറാക്കപ്പെടുകയോ പത്രിക സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത്തരമൊരു തട്ടിപ്പിന് കോൺഗ്രസ് നേത്രത്വം നേരിട്ട് ഉത്തരവാദിയാണ്.രാജ്യത്തിനു സ്വാതന്ത്യം നേടിത്തരാൻ വേണ്ടിയുണ്ടായ വലിയൊരു ദേശീയപ്രസ്ഥാനത്തിൽ നിന്നും രൂപംകൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന് സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികസമയത്ത് ഇത്തരമൊരു അവസ്ഥ വേണ്ടിയിരുന്നോ എന്ന് നേതൃത്വം സ്വയം ചോദിക്കേണ്ടതാണ്.
ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി, താങ്കളുടെ ഭർത്താവ് അടക്കം ഈ കുടുംബത്തിലെ എല്ലാവരുമായും ഞാൻ വ്യക്തിപരമായി ഏറെ അടുപ്പത്തിലായിരുന്നുവെന്ന് അറിയാമല്ലോ. ആ രീതിയിൽത്തന്നെ താങ്കളുമായുള്ള വ്യക്തിബന്ധം എല്ലാ സന്നിഗ്ധാവസ്ഥയിലും തുടരുകതന്നെ ചെയ്യും.
ഇനി ഞാനും എന്റെ കുറച്ചു സഹപ്രവർത്തകരും ഞങ്ങളുടെ ജീവിതം സമർപ്പിച്ച ആദർശങ്ങൾക്ക് വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടിയുടെ ഔപചാരികമായ ചട്ടക്കൂടിനു പുറത്തു നിലകൊള്ളുക തന്നെ ചെയ്യും.
മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാൽ രാജ്യത്തിന് ഇപ്പോൾ വേണ്ടത് എന്തോ അതിനു വേണ്ടി പോരാടാനുള്ള മനസും ശേഷിയും ഉപജാപക വൃന്ദം നയിക്കുന്ന കോൺഗ്രസിന് നഷ്ടമായിരിക്കുന്നു.യഥാർത്ഥത്തിൽ "ഭാരത് ജോഡോ' യാത്ര ആരംഭിക്കും മുമ്പ് രാജ്യവ്യാപകമായി ഒരു "കോൺഗ്രസ് ജോഡോ ' പരിപാടിയാണ് പാർട്ടി നേതൃത്വം ആദ്യം നടത്തേണ്ടിയിരുന്നത്. അതിനാൽ, അങ്ങേയറ്റം വിങ്ങുന്ന ഹൃദയത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള എന്റെ അരനൂറ്റാണ്ടു കാലത്തെ ബന്ധം വിച്ഛേദിച്ചു കൊണ്ട് പാർട്ടിയുടെ പ്രാഥമിക അംഗത്വവും പാർട്ടിയിലെ മറ്റെല്ലാ സ്ഥാനങ്ങളും ഇതിനാൽ രാജിവയ്ക്കുന്നു.