വാളയാറിലെ കുട്ടികളുടെ ലൈംഗിക പീഡനവും മരണവും അതിലേക്കു കൂടി വിരൽ ചൂണ്ടുന്നു. അത് പരിഹരിക്കാൻ എന്ത് ചെയ്യാമെന്ന ചർച്ച എവിടെയും കേൾക്കുന്നില്ല. പോക്സോ കേസിൽ ഇര കുട്ടിയായതു കൊണ്ട് അന്വേഷിക്കുകയും തെളിവ് ശേഖരിക്കുകയും പൊലീസും ചൂഷകനെ ശിക്ഷിക്കാനായി വാദിക്കുന്ന പ്രോസിക്യൂട്ടറും ആ കുട്ടിയോട് പ്രേത്യേക പ്രതിബദ്ധത പ്രകടിപ്പിക്കേണ്ടതുണ്ട്. ഇത് രണ്ടും പലപ്പോഴും ഉണ്ടാകാറില്ല . ഇത് ഉറപ്പാക്കുന്ന ഒരു സിസ്റ്റത്തിന് വേണ്ടിയാണു ശബ്ദം ഉയർത്തേണ്ടത് . കോടതിക്ക് തെളിവുകളെയും വാദത്തെയും ആധാരമാക്കിയല്ലേ വിധി പറയാനാകൂ .
advertisement
പോക്സോ മാത്രം അന്വേഷിക്കുന്ന പൊലീസ് ടീം വേണം
ഒരു കേസുണ്ടാകുമ്പോൾ പോക്സോയുടെ പ്രേത്യേകതകൾ അറിഞ്ഞു അന്വേഷിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റിംഗ് ടീം വേണം . കുട്ടി സമ്മതപ്രകാരം ചെയ്തതാണെന്ന ന്യായീകരണം പറഞ്ഞ വാളയാർ കേസിലെ പോലീസ് ഉദ്യോഗസ്ഥൻ പോക്സോയുടെ അടിസ്ഥാന തത്വങ്ങൾ അറിയാത്ത ശുംഭനാണെന്ന് വ്യക്തം. കേരളത്തിലെ ബഹുഭൂരിപക്ഷം പോക്സോ കേസുകളും ഇമ്മാതിരി വിവര ദോഷികളാണ് അന്വേഷിക്കുന്നത്. മറ്റ് ക്രൈമുകൾ അന്വേഷിക്കുന്ന പൊലീസുകാരൻ യൂണിഫോം മാറ്റി സിവിൽ ഡ്രെസിൽ അന്വേഷിക്കാൻ ചെല്ലുന്നതാണ് സ്‌പെഷ്യൽ പൊലീസിന്റെ സ്റ്റൈൽ. എന്തോ പരിശീലനം ഉണ്ടെന്ന ന്യായം പറയും. ഇത് പോരാ. പോക്സോ കേസുകളുടെ ബാഹുല്യം വർധിച്ച ഈ കാലഘട്ടത്തിൽ അതിനായി ഓരോ ജില്ലയിലും ഡെഡിക്കേറ്റഡ് ടീം വേണം. കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ചു അവർ അത് മാത്രം ചെയ്യട്ടെ. അത് ഒരു വനിതാ . ജിയുടെ കീഴിൽ വരട്ടെ. പരിശീലനം നൽകാനും കേസന്വേഷണം വിലയിരുത്താനും എളുപ്പമാകും.
അന്വേഷണങ്ങളുടെ കാര്യത്തിൽ സിസ്റ്റം വല്ലാതെ പരാജയപ്പെടുന്നുണ്ട്. അന്വേഷണ ഘട്ടത്തിൽ അവർക്ക് മെഡിക്കൽ, മാനസികാരോഗ്യ, സാമൂഹ്യ പ്രവർത്തന സംവിധാനങ്ങളുമായി കൈ കോർക്കേണ്ടതുണ്ട്. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സഹായമൊക്കെ വേണ്ടി വരും. പരമ്പരാഗത പൊലീസ് മുറകൾ വിട്ട് രക്ഷാകർത്താവിന്റെ ഭാവം കൈക്കൊള്ളുന്നവർ മതി ടീമിൽ. ഇൻവെസ്റിഗേറ്റിംഗ് പരാധീനത പരിഹരിക്കാനുള്ള നടപടികൾക്ക് വാളയാർ നിമിത്തമാകട്ടെ. ഇനി ഇരകളാകുന്ന കുട്ടികൾക്കെങ്കിലും നീതി കിട്ടട്ടെ .ഒരു കുട്ടിയും ഇപ്പോൾ സുരക്ഷിതരല്ല .
പ്രോസിക്യൂട്ടർന്മാരുടെ പാനൽ വേണം
അടുത്ത ഘട്ടം കോടതിയിലാണ്. ഏതു ജാതി പ്രോസിക്യൂട്ടറന്മാരാണ് പോക്സോ കേസിൽ ഹാജരാകുന്നതെന്നതും പ്രധാനമാണ്. ഒരു പതിവ് ക്രിമിനൽ കേസ് കൈകാര്യം ചെയ്യുന്ന മട്ടിൽ പോക്സോ കേസ് കൈകാര്യം ചെയ്താൽ ശരിയാവില്ല . ഇരയായ കുട്ടിയോട് അനുഭാവവും പരിഗണനയുമുള്ള നല്ല മനസ്സുള്ളവരായിരിക്കണം അവർ . പോക്സോ കേസിൽ ഹാജരാകാൻ തയാറുള്ള പ്രോസിക്യൂട്ടറന്മാരുടെ ഒരു പാനൽ ഉണ്ടാക്കി അവർക്കു ജുഡീഷ്യൽ അക്കാദമി പ്രേത്യേക പരിശീലനം നൽകണം. അവരെ മാത്രമേ നിയോഗിക്കാവൂ . രാഷ്ട്രീയ ബന്ധമുണ്ടെന്ന സംശയമുള്ള കേസുകളിൽ അതാതു സർക്കാരുകൾ നിയമിച്ച പ്രോസിക്യൂട്ടറന്മാരെ ഒഴിവാക്കണം. പോക്സോയിൽ പ്രതി വിട്ടയക്കപ്പെടുന്ന കേസുകൾ നിശിതമായി വിലയിരുത്താനുള്ള സംവിധാനവും വേണം. കാലയളവ് നീണ്ട് പോകാതെ പോക്സോ കേസുകൾ തീർപ്പാക്കാനുള്ള ഇച്ഛാശക്തി ജുഡീഷ്യറിയും കാണിക്കണം . കെട്ടി കിടക്കുന്ന കേസുകൾ പേടിപ്പെടുത്തുന്നു. പ്രതിഷേധ ആരവങ്ങൾക്കിടയിൽ ഇത് ആരെങ്കിലും കേൾക്കുന്നുണ്ടോ?
(disclaimer: അഭിപ്രായം വ്യക്തപരം)
Also Read വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?