തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന സുപ്രീംകോടതിയുടെ തീരുമാനം തിരിച്ചടിയായത് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച നിലപാടുകള്‍ക്ക്. ഇതേത്തുടര്‍ന്നാണ് മണ്ഡലകാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ സര്‍വകക്ഷിയോഗമെന്ന സമവായ നീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഭരണഘടനാ ബഞ്ചിന്റെ വിധി ആയതിനാല്‍ അതു നടപ്പാക്കുകയല്ലാതെ മറ്റൊരു വഴികളൊന്നുമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദം. സര്‍ക്കാരും ദേവസ്വവും പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് ഹൈന്ദവ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിനിറങ്ങിയത്. അതേസമയം പ്രതിഷേധങ്ങളെ ഭരണഘടനയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടിയാണ് സര്‍ക്കാരും സി.പി.എമ്മും ഇതുവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ 12 വര്‍ഷക്കാലം വാദം കേട്ട ഒരു കേസിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വീണ്ടും കോള്‍ക്കാമെന്ന് ഭരണഘടനാ ബഞ്ച് തന്നെ പറഞ്ഞത് പ്രതിഷേധക്കാരുടെ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. ഇതുവരെ പറഞ്ഞതു പോലെ ഭരണഘടനയ്ക്ക് എതിരാണ് സമരമെന്ന വാദമുയര്‍ത്താന്‍ ഇനി സര്‍ക്കാരിനും കഴിയില്ല. കോടതി തീരുമാനം പ്രതിഷേധക്കാര്‍ക്ക് പിടിവള്ളിയുമായി.
advertisement
'ശബരിമല'യിൽ സർക്കാർ സമവായത്തിന്; വ്യാഴാഴ്ച സർവകക്ഷിയോഗം
സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചെങ്കിലും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം നിഷേധിച്ചു. തൊട്ടുപിന്നാലെ കടകംപള്ളിക്കും മാറ്റിപ്പറയേണ്ടി വന്നു. എന്നാല്‍ കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന്റെ ശക്തി മണ്ഡലകാലത്ത് ഇനിയും കൂടുമെന്നതു പരിഗണിച്ചാണ് സര്‍വകക്ഷി യോഗമെന്ന സമവായ പാത സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
സെപ്തംബര്‍ 28-ന് സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്നയുടന്‍ അതിനെ പിന്തുണച്ച് സര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും അതിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു ദേവസ്വം നിലപാട്. പിന്നീട് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടതോടെ പുനഃപരിശോധ ഹര്‍ജി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും ദേവസ്വത്തിന് പിന്നാക്കം പോകേണ്ടി വന്നു. തുലമാസ പൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ വീണ്ടും നിലപാട് മയപ്പെടുത്തി രംഗത്തെത്തി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മുഖ്യമന്ത്രി വീണ്ടും ഇടപെട്ടതോടെ ആ നിലപാടില്‍ നിന്നും ദേവസ്വത്തിന് പിന്‍വലിയേണ്ടി വന്നു.