'ശബരിമല'യിൽ സർക്കാർ സമവായത്തിന്; വ്യാഴാഴ്ച സർവകക്ഷിയോഗം
Last Updated:
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സമവായ നീക്കവുമായി സർക്കാർ. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. ഇന്നത്തെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ പോകുന്നത്. ഇത്തവണത്തെ മണ്ഡലകാലം തുടങ്ങുന്നതിന്‍റെ തലേദിവസമാണ് സർവ്വകക്ഷിയോഗമെന്നതും ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ സർക്കാർ സർവ്വകക്ഷിയോഗം വിളിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
സെപ്തംബർ 28ലെ സുപ്രീംകോടതി വിധി വന്നതു മുതൽ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു സർവകക്ഷി യോഗം. ഇതുവരെ ആ ആവശ്യത്തോട് മുഖംതിരിച്ച സർക്കാർ നിലപാട് മയപ്പെടുത്തുകയാണ്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ അനിഷ്ട സംഭവങ്ങൾ മണ്ഡലകാലത്തും ഉണ്ടായാൽ കാര്യങ്ങൾ കൈവിടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് പ്രതിപക്ഷത്തിന‍്റെ സഹകരണം തേടി സർവകക്ഷി യോഗം വിളിക്കുന്നത്. 15ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല മകരവിളക്ക് തീർഥാടന ഒരുക്കങ്ങൾക്കു പുറമേ കോടതിവിധിയെ തുടർന്നുള്ള സാഹചര്യങ്ങളും യോഗം വിലയിരുത്തും. പ്രതിപക്ഷവും ബിജെപിയും യോഗത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
advertisement
പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർഥാടകർക്ക് താമസിക്കാനുള്ള താത്കാലിക സൗകര്യങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഇടത്താവളങ്ങളിൽ സൗജന്യ ഭക്ഷണം നൽകും. തീവണ്ടി മാർഗം കൂടുതലായെത്തുന്ന ചെങ്ങന്നൂരിലും താത്കാലിക സൗകര്യം ഏർപ്പെടുത്തും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 6:45 PM IST