ഒരു കൊടുങ്കാറ്റിലും ഉലയില്ല എന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ ഇടതുപക്ഷ ദുര്‍ഗങ്ങളാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒരു സര്‍വേക്കാര്‍ക്കും മനസ്സിലായില്ല. തരംഗം മണത്തവര്‍ക്കു പോലും അതിന്റെ തോതും വ്യാപ്തിയും ഊഹിക്കാന്‍ കഴിഞ്ഞില്ല. തോല്‍വിയെക്കാളേറെ, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷമാണ് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തളര്‍ത്തുന്നത്.
advertisement
1984ല്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തിനു ശേഷം നടന്ന സഹതാപ തരംഗത്തിലാണ് കാസര്‍കോട് അവസാനമായി കോണ്‍ഗ്രസ് ജയിച്ചത്. അന്ന് ഐ.രാമറായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ഇ ബാലാനന്ദനെ തോല്‍പ്പിച്ചു. ഇതിനുശേഷം നടന്ന എട്ട് തെരഞ്ഞെടുപ്പുകളില്‍ സിപിഎം ആരെ നിര്‍ത്തിയാലും ജയിക്കുന്ന അവസ്ഥയായിരുന്നു. ഇത്തവണയും അത്ഭുതമൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. കെ. പി. സതീഷ് ചന്ദ്രനാകും സിപിഎം സ്ഥാനാര്‍ഥിയെന്ന ധാരണ നേരത്തെ തന്നെയുണ്ടായിരുന്നു. എംഎല്‍എയെന്ന നിലയിലും സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയിലും സമ്മതനായിരുന്ന സതീഷ് ചന്ദ്രന് കാര്യമായ വെല്ലുവിളി ഉണ്ടാവില്ലെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പെരിയയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വികാരം വ്യാപകമായി. അനുകൂല സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥിയുണ്ടായി എന്നതാണ്. യുഡിഎഫിന് ഏറ്റവും അനുകൂലമായ ഘടകം. രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫ് അണികള്‍ ആവേശഭരിതരായി. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ കടന്നാക്രമിക്കാറുള്ള ഉണ്ണിത്താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വീകാര്യനുമായിരുന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമെന്ന ശക്തമായ നിലപാടെടുത്തിരുന്ന ഉണ്ണിത്താന് ഭൂരിപക്ഷ വികാരം അനുകൂലമാക്കാനും ബിജെപിയുടെ വോട്ടുകള്‍ വര്‍ധിക്കുന്നത് തടയാനും കഴിഞ്ഞു. ഇതോടൊപ്പം ഉണ്ണിത്താന്റെ ചടുലമായ പ്രചാരണശൈലിയുമൊത്തു ചേര്‍ന്നപ്പോള്‍ അസംഭവ്യമെന്ന് കരുതിയത് സംഭവിച്ചു.
തെക്കൻ കേരളത്തിലും കടപുഴകി; ആറ്റിങ്ങലിൽ സംഭവിച്ചതെന്ത്?
കെ സുധാകരൻ
കണ്ണൂരിലും സമാനമായിരുന്നു സാഹചര്യം. കഴിഞ്ഞ തവണ സുധാകരന്‍ പൂര്‍ണമനസ്സോടെയായിരുന്നില്ല മത്സരിച്ചത്. ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും വലിയ വിഷയങ്ങളായിരുന്നു. പക്ഷേ ഇത്തവണ സുധാകരന് ജീവന്‍മരണ പോരാട്ടമായിരുന്നു. ഷുഹൈബ് വധത്തില്‍ നിരാഹാരം ഉള്‍പ്പെടെ നടത്തി കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള വികാരം ഉയര്‍ത്തിയതും ശബരിമല വിഷയത്തില്‍ ആദ്യം തന്നെ വിശ്വാസികള്‍ക്ക് നിലപാടെടുത്തയാളാണെന്നതും സുധാകരന് ബലമായി. ശ്രീമതി ടീച്ചറുടെ എം.പി. എന്ന നിലയിലുള്ള പ്രവര്‍ത്തനവും വിമര്‍ശന വിധേയമായി. സുധാകരന് നേരിയ മുന്‍തൂക്കം മാത്രമെന്ന് കരുതിയിടത്തു നിന്ന് ഒരു ലക്ഷത്തോളം ഭൂരിപക്ഷം ലഭിച്ചു.
കെ മുരളീധരൻ
വടകരയില്‍ പി.ജയരാജന്റെ സ്ഥാനാര്‍ഥിത്വം തന്നെയായിരുന്നു വിഷയം. കെ മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ കൊലപാതക രാഷ്ട്രീയമെന്ന വിഷയം കൃത്യമായും ശക്തമായും പ്രചാരണ ആയുധമാക്കാന്‍ കഴിഞ്ഞു. ജയരാജനെ പരാജയപ്പെടുത്തുക എന്നത് ആര്‍എംപിയുടെ അഭിമാന പ്രശ്നമായി മാറി. ഇതിനിടയില്‍ തകര്‍ന്നടിഞ്ഞത് വീരേന്ദ്ര കുമാറിന്റെ പാര്‍ട്ടിയുടെ അവകാശവാദങ്ങളാണ്.
എം.കെ രാഘവൻ
പ്രചാരണത്തിനിടയില്‍ ഒരു വലിയ ആയുധം കിട്ടിയിട്ടും അതും തിരിഞ്ഞു കൊത്തുന്ന അനുഭവമാണ് കോഴിക്കോട് ഇടതുപക്ഷ മുന്നണിക്കുണ്ടായത്. എം.കെ. രാഘവനെതിരെ ഉയര്‍ന്ന ഒളി-ക്യാമറ വിവാദം വലിയ പ്രചരണമായെങ്കിലും വോട്ടായില്ല. രാഘവന്റെ ജനകീയ പരിവേഷം ആരോപണത്തെ അതിജീവിക്കാന്‍ സഹായിച്ചു.
വി കെ ശ്രീകണ്ഠൻ
വയനാട്ടിലും മലപ്പുറത്തും പൊന്നാനിയിലും ആരും അട്ടിമറി പ്രതീക്ഷിച്ചില്ല. പക്ഷേ അത്ഭുതം നടന്ന പാലക്കാട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലാണ്. എല്‍ഡിഎഫിന് വിജയം ഉറപ്പിച്ച സീറ്റായിരുന്നു പാലക്കാട്. 1991നുശേഷം യുഡിഎഫ് പാലക്കാട് വിജയിച്ചിട്ടില്ല. ന്യൂനപക്ഷ ഏകീകരണവും ശബരിമല എഫക്ടും ഒത്തുചേര്‍ന്നെങ്കിലും അടിസ്ഥാന തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രവര്‍ത്തനമാണ് ശ്രീകണ്ഠനെ സഹായിച്ചത്. ജില്ല മുഴുവന്‍ നടത്തിയ പദയാത്രയിലൂടെ ശ്രീകണ്ഠന്‍ വോട്ടര്‍മാരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. പി.കെ. ശശി വിഷയത്തിന്റെ പേരില്‍ രാജേഷിനെതിരെ സിപിഎമ്മിനുള്ളില്‍ നിന്നുതന്നെ അട്ടിമറി ഉണ്ടായോയെന്ന് ഇനിയും വെളിവാക്കേണ്ടിയിരിക്കുന്നു.
(രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)