തെക്കൻ കേരളത്തിലും കടപുഴകി; ആറ്റിങ്ങലിൽ സംഭവിച്ചതെന്ത്?
Last Updated:
കേരളത്തില്‍ ബിജെപിക്കും ഇതേ അവസ്ഥയാണ്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നു എന്ന് വിശ്വസിച്ചിടത്തു പോലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്
നിസാം സെയ്ദ്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു കൊടുങ്കാറ്റിലും ഉലയില്ല എന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ ഇടതുപക്ഷ ദുര്‍ഗങ്ങളാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞത്. തോല്‍വിയെക്കാളേറെ, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച ഭൂരിപക്ഷമാണ് സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തളര്‍ത്തുന്നത്. കേരളത്തില്‍ ബിജെപിക്കും ഇതേ അവസ്ഥയാണ്. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നു എന്ന് വിശ്വസിച്ചിടത്തു പോലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വള്ളപ്പാടുകള്‍ക്ക് മുന്നിലെത്തുന്ന കാഴ്ചയാണ് കണ്ടത്. കേരളമൊട്ടാകെ ഇതിന് പൊതുവായ ചില കാരണങ്ങളുണ്ടായിരുന്നെങ്കിലും പല മണ്ഡലങ്ങളിലും സവിശേഷമായ ചില സാഹചര്യങ്ങളുണ്ടായിരുന്നു.
advertisement
തൃശൂരില്‍ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ സിപിഐക്ക് പിഴച്ചു. സുരേഷ് ഗോപി പിടിച്ചതില്‍ കൂടുതലും ഇടതുപക്ഷ വോട്ടുകളായിരുന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള അവയുടെ രാഷ്ട്രീയ സ്വഭാവം നിലനിര്‍ത്തി. കഴിഞ്ഞ തവണ പി സി ചാക്കോ സ്ഥാനാര്‍ഥിയായ സാഹചര്യം ഇല്ലാതായതോടെ ഇന്നസെന്റിന് സിനിമയില്‍ കൂടുതല്‍ സജീവമാകാനുള്ള അവസരമുണ്ടായി.
advertisement
ഗാഡ്ഗില്‍ പേടി വിതച്ച് 2014ല്‍ ഇടുക്കിയില്‍ വിജയിച്ച ജോയ്സിന് ആ ഭയം ഇല്ലാതായതോടെ ഭീകരമായ തോല്‍വിയിലേക്ക് കൂപ്പുകുത്തേണ്ടിവന്നു. യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായ അപശ്രുതികള്‍ മുതലാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയല്ലായിരുന്നു കോട്ടയത്ത് വാസവന്.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്റെ കാടിളക്കിയുള്ള പ്രചാരണം ന്യൂനപക്ഷങ്ങളെ ആന്റോയുടെ പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിച്ചു. ഓര്‍ത്തഡോക്സ് വിഭാഗം മാത്രമാണ് വീണയ്ക്ക് തുണയായത്. പരമ്പരാഗത ഇടതുപക്ഷക്കാരായ ഈഴവ വിഭാഗത്തില്‍ നിന്ന് സുരേന്ദ്രന് വലിയ തോതില്‍ വോട്ട് ലഭിച്ചെങ്കിലും എന്‍എസ്എസുമായി ബന്ധപ്പെട്ട നായര്‍ വോട്ടുകള്‍ ആന്റോക്കാണ് ലഭിച്ചത്. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനൊപ്പം സജീവമായി നിന്നതാണ് കൊടിക്കുന്നില്‍ സുരേഷിനെയും തുണച്ചത്. എന്‍എസ്എസിന് സ്വാധീനമുള്ള ചങ്ങനാശ്ശേരിയിലും പത്തനാപുരത്തും കൊടിക്കുന്നിലിന് വലിയ ഭൂരിപക്ഷം ലഭിച്ചു.
advertisement
കൂടുതൽ വായനയ്ക്ക്- തകർന്നടിഞ്ഞ വടക്കൻ കോട്ടകൾ; പാലക്കാട്ടും ആലത്തൂരും കാസർകോടും സംഭവിച്ചതെന്ത്?
ഷാനിമോളുടെ സ്ഥാനാര്‍ഥിത്വമാണ് തരംഗത്തെ അതിജീവിക്കാന്‍ ആലപ്പുഴയില്‍ ആരിഫിന് തുണയായത്.
മുസ്ലിം വനിതയുടെ സ്ഥാനാര്‍ഥിത്വം മുസ്ലിം യാഥാസ്ഥികര്‍ക്ക് ദഹിക്കാതെ വന്നപ്പോള്‍, ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രീകളുടെ സത്യഗ്രഹത്തിന് ഷാനിമോള്‍ അഭിവാദ്യമര്‍പ്പിച്ചു എന്ന പ്രചാരണം ക്രിസ്ത്യന്‍ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനിച്ചു. സ്വന്തം തട്ടകത്തിലെങ്കിലും അഭിമാനം രക്ഷിക്കാനുള്ള വെള്ളാപ്പള്ളിയുടെ ജീവന്മരണശ്രമം കൂടിയായപ്പോള്‍ ആരിഫ് കഷ്ടിച്ച് കടന്നുകൂടി.ചേര്‍ത്തലയിലെ ആരിഫിന്റെ ഭൂരിപക്ഷം ഇത് തെളിയിക്കുന്നു.
advertisement
പ്രേമചന്ദ്രനെ സംഘിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള പൂര്‍ണമായും നിഷേധാത്മകമായ പ്രചാരണമാണ് കൊല്ലത്ത് സിപിഎമ്മിന് തിരിച്ചടിയായത്. ബാലഗോപാലിന്റെ മികവ് അടിസ്ഥാനമാക്കി തന്ത്രം രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല, അതിനു ശ്രമിച്ചിരുന്നുമില്ല. സ്വാഭാവികമായും അപവാദപ്രചാരണം വലിയതോതില്‍ തിരിച്ചടിച്ചു.
1989 ലാണ് ഇതിനു മുന്‍പ് ആറ്റിങ്ങലിന്റെ പൂര്‍വരൂപമായ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് വിജയിച്ചത്. ഇതിനിടയില്‍ പല പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫലം കണ്ടില്ല. അടൂര്‍ പ്രകാശ് എന്ന ശക്തനായ സ്ഥാനാര്‍ഥിയുടെ സാന്നിധ്യമാണ് ഇത്തവണ യുഡിഎഫിനെ വിജയിപ്പിച്ചത്. ജനങ്ങളുമായി ഇടപെടുന്നതിലും, പ്രചരണ തന്ത്രം രൂപീകരിക്കുന്നതിലും സൂക്ഷ്മ തലത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് നടത്തുന്നതിലും പ്രകാശിന്റെ മികവ് സമ്പത്തിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചു. പരമ്പരാഗത ഇടതുപക്ഷ വോട്ടുകളില്‍ ഒരു ഭാഗം ശോഭാ സുരേന്ദ്രന് പിടിച്ചെടുത്തപ്പോള്‍ പ്രകാശിന് വിജയം എളുപ്പമായി.
advertisement
എല്ലാ പ്രീപോള്‍, എക്സിറ്റ് സര്‍വെകളെയും ഇളിഭ്യരാക്കിക്കൊണ്ടാണ് ശശി തരൂര്‍ വന്‍വിജയം നേടിയത്.
ഹിന്ദുവോട്ടുകള്‍ ഏകോപിപ്പിക്കാനായി പരമാവധി ശ്രമിച്ചിട്ടും RSS-BJPയും പരാജയപ്പെട്ടു. നായര്‍ വോട്ടുകളില്‍ ഗണ്യമായ ഒരു വിഭാഗം പ്രത്യേകിച്ചും NSS വോട്ടുകള്‍, തരൂരിന് തന്നെ ലഭിച്ചു. കുമ്മനത്തെ 'നിലയ്ക്കല്‍-മാറാട് കലാപങ്ങള്‍ക്ക്' ഉത്തരവാദിയായി ചിത്രീകരിച്ചു കൊണ്ടുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന കുമ്മനത്തിന്റെ സാത്വിക പരിവേഷം തകര്‍ത്തുടച്ചു. പതിവു പോലെ തീരദേശം തരൂരിന്റെ പിന്നില്‍ ഉറച്ചു നിന്നു. ദിവാകരന്റെ സാന്നിധ്യവും കുമ്മനത്തെയാണ് ദോഷകരമായി ബാധിച്ചത്.
advertisement
കേരളമൊട്ടാകെ പൊതുവായി ഉണ്ടായ ശബരിമല വികാരവും ന്യൂനപക്ഷ ഏകീകരണത്തിനും പുറമെ ഓരോ മണ്ഡലത്തിലെയും സവിശേഷ സാഹചര്യങ്ങളെയാണ് ഇവിടെ പരിശോധിച്ചത്.
Location :
First Published :
May 29, 2019 6:41 PM IST