TRENDING:

തെരഞ്ഞെടുപ്പിൽ പരാജയമറിയാത്ത ഉമ്മൻ ചാണ്ടിയുടെ എതിരാളിയായും സഹപ്രവർത്തകനായും പ്രവർത്തിച്ച കാലം

Last Updated:

മികച്ച ജാഗ്രതയോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കേരളത്തിന്റെ പാർലമെന്ററി ചരിത്രത്തിന്റെ ഭാഗമായി എന്നും വിളങ്ങി നിൽക്കും: വി.എൻ. വാസവൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#വി.എൻ. വാസവൻ  
ഉമ്മൻ ചാണ്ടി, വി.എൻ. വാസവൻ
ഉമ്മൻ ചാണ്ടി, വി.എൻ. വാസവൻ
advertisement

ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയനേതാവിനെ അറിഞ്ഞുതുടങ്ങുന്നത് എന്റെ വിദ്യാർത്ഥി രാഷ്ട്രീയകാലത്താണ്. അക്കാലത്താണ് അദ്ദേഹം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നതും നാട്ടിൽ സജീവമാവുന്നതും. മാധ്യമങ്ങൾ ഇന്നത്തെപോലെ സജീവമായിരുന്ന കാലമല്ല അത്. പരിപാടികൾ പോലും അപൂർവ്വം. നാട്ടിൽ വല്ലപ്പോഴും നടക്കുന്ന ഉദ്ഘാടന സമ്മേളനങ്ങളിലും, രാഷ്ട്രീയ പരിപാടികളിലും എത്തുന്ന ചെറുപ്പക്കാരനായ ജനപ്രതിനിധി എന്നതു മാത്രമായിരുന്നു ഉമ്മൻ ചാണ്ടിയെക്കുറിച്ച് അന്നത്തെ ഓർമ്മ.

വിദ്യാഭ്യാസം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി, ഗ്രന്ഥശാല സംഘത്തിന്റെയും, കെ.എസ്.വൈ.എഫിന്റെയും സജീവ പ്രവർത്തകനായി ചുമതല ഏറ്റെടുക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കൂടുതൽ അറിയുകയും പഠിച്ച് വിലയിരുത്താൻ ശ്രമിക്കുകയും ചെയ്തു തുടങ്ങി. അടിയന്തരാവസ്ഥകാലമായപ്പോൾ നാട്ടിൽ സജീവമായ ഞാൻ പാർട്ടിയുടെ ചുമതലകളിൽ എത്തി. അക്കാലത്താണ് പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റി അംഗവും പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള  ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായി പാർട്ടി ചുമതല നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പള്ളിക്കത്തോട് ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചത് അന്നാണ്. കേരള കോൺഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാൻ എത്തുന്നത് പള്ളിക്കത്തോട്ടിലാണ്. ആ രാഷ്ട്രീയ പരീക്ഷണമാണ് അവിടെ വിജയിച്ചത്.

advertisement

പള്ളിക്കത്തോട്ടിലെ വിജയത്തിനു പിന്നിലെ ആളെ താൻ അന്വേഷിച്ചിരുന്നുവെന്ന് പിന്നീട് ഒരിക്കൽ ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞു. തന്റെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ എന്താണ് എന്ന് മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അതിനു പിന്നിൽ. ഏതൊരു രാഷ്ട്രീയപ്രവർത്തകനും അനുകരിക്കേണ്ട ഒരു കാര്യമാണത്. തന്റെ തൊട്ടടുത്ത കാര്യങ്ങൾ കൃത്യമായി മനസിലാക്കുക അതിന്റെ കാരണങ്ങൾ കണ്ടത്തി പരിഹാരം തേടുക ആ ശൈലിയാണ് അരനൂറ്റാണ്ട് കാലം ഉമ്മൻ ചാണ്ടി എന്ന പൊതു പ്രവർത്തകന് സജീവമായി നിലനിൽക്കാനുള്ള ഇന്ധനം നൽകിയത്.

advertisement

പിന്നീട് ഉമ്മൻ ചാണ്ടിക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യവും ഒരുങ്ങി.  അവർ ഇടതുമുന്നണിയുടെ ഭാഗമായി എത്തിയപ്പോഴാണത്. ഇന്ദിര കോൺഗ്രസിനെതിരായ ചേരിയിൽ നിലയുറപ്പിച്ച് ആന്റണിയും കൂട്ടരും  കോൺഗ്രസിൽ നിന്ന് മാറി കോൺഗ്രസ് ( യു ) വിഭാഗമായി നിലകൊള്ളുകയായിരുന്നു ( ഇതാണ് പിന്നീട് എ വിഭാഗമായി മാറിയത്.) . കോട്ടയത്ത് അതിന്റെ മുൻനിരക്കാരയി നിന്ന് ഇടതു മുന്നണിയിൽ സജീവമായിരുന്നു അന്ന് അദ്ദേഹം.    1980-ൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയുടെ  ഭാഗമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്  ചുമതലക്കാരനായിരുന്നു ഞാൻ. ഉമ്മൻ ചാണ്ടിക്ക് പരിചിതമായ പ്രചരണരീതി ആയിരുന്നില്ല ഇടതുമുന്നണിയുടേത്. അതിനൊപ്പം പൂർണ്ണമനസോടെ നിന്ന് പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. അന്ന് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വിജയം. അവർ പുതുപ്പള്ളിയിലെ വിജയം കരുതിയിരുന്നില്ല.

advertisement

1987ലും 1991ലും ഉമ്മൻ ചാണ്ടിക്കെതിരെ ഞാൻ തിരഞ്ഞെടുപ്പിൽ മത്‌സരിച്ചതും പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു. ഉമ്മൻ ചാണ്ടിയുമായുള്ള മത്‌സരം കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരുന്നു. ഇടതുമുന്നണിയുടെ രാഷ്ട്രീയ കരുത്തിനെ മറികടക്കാനായി നിന്നത് കോൺഗ്രസ് എന്ന പാർട്ടിയോ യു ഡി എഫ് എന്ന മുന്നണിയോ അല്ല; ഉമ്മൻ ചാണ്ടി എന്ന വ്യക്തിത്വമായിരുന്നു.

പുതുപ്പള്ളിയുടെ രാഷ്ട്രീയത്തിൽ ഒരു വശത്ത് ഉമ്മൻ ചാണ്ടി എന്ന നിലയിലാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇക്കാലമത്രയും നീങ്ങിയത്. കേരളത്തിലെ മറ്റേത് സ്ഥലത്തെയും കോൺഗ്രസിൽ നിന്ന് വ്യത്യസ്ഥമായി തന്റെ മണ്ഡലത്തിലെ കോൺഗ്രസിനെ നിലനിർത്താൻ ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു എന്നാണ് എനിക്ക് വിലയിരുത്താൻ സാധിച്ചിട്ടുള്ളത്.

advertisement

തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് എല്ലാവരും  വിശേഷിപ്പിക്കുമ്പോഴും പുതുപ്പള്ളിക്കാർക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻ ചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്ന അദ്ദേഹം. ഇടപെടുന്നവർക്ക് ഒരിക്കലും വിട്ടുപരിയാൻ സാധിക്കാത്ത ആത്മബന്ധം സൃഷ്ടിക്കുമായിരുന്നു. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുമ്പോഴും മികച്ച വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അത് തകരാതെ സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന മികവ് ശ്രദ്ധേയമാണ്. ഏതു പ്രതിസന്ധിയെയും സമചിത്തതയോടെ നേരിട്ടിരുന്ന കോൺഗ്രസ് നേതൃനിരയിലെ അതികായനായിരുന്ന ഉമ്മൻ ചാണ്ടി അതേസമയം തന്നെ സൗമ്യസാന്നിധ്യവുമായിരുന്നു.

തെരഞ്ഞെടുപ്പിൽ  ഒരിക്കൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുന്നത് ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവമാണ്. ആ നിരയിലാണ് ഉമ്മൻ ചാണ്ടിയുടെ സ്ഥാനം. മികച്ച ജാഗ്രതയോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങൾ കേരളത്തിന്റെ പാർലമെന്ററി ചരിത്രത്തിന്റെ ഭാഗമായി എന്നും വിളങ്ങി നിൽക്കും.

പുതുപ്പള്ളിക്ക്, കോട്ടയത്തിന് ഇനി ഉമ്മൻ ചാണ്ടി ഇല്ലാത്ത രാഷ്ട്രീയക്കാലമാണ്. തിരക്കുകൾക്കിടയിൽ നിന്ന് തന്നെ ഊർജം കണ്ടെത്തി പ്രശ്‌നങ്ങൾക്ക് പരിഹാര കണ്ടെത്തിയിരുന്ന ആ നേതൃവൈഭവം രാഷ്ട്രീയ ചരിത്രത്തിലെ മായാമുദ്രയായി നിലനിൽക്കും.

(സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായ ലേഖകൻ രണ്ടു തവണ (1987, 1991) പുതുപ്പള്ളി  നിയോജക മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ തൊട്ടടുത്ത എതിരാളി ആയിരുന്നു)

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Minister for Cooperation V.N. Vasavan reminisces Oommen Chandy from his experience of working alongside and later contesting against him

മലയാളം വാർത്തകൾ/ വാർത്ത/Opinion/
തെരഞ്ഞെടുപ്പിൽ പരാജയമറിയാത്ത ഉമ്മൻ ചാണ്ടിയുടെ എതിരാളിയായും സഹപ്രവർത്തകനായും പ്രവർത്തിച്ച കാലം
Open in App
Home
Video
Impact Shorts
Web Stories