കർണ്ണാടക സംഗീതം അതിന്റെ ശുദ്ധിയിൽ കേൾക്കണമെങ്കിൽ ഉന്നതകുലജാതർ തന്നെ പാടണം എന്ന മിഥ്യാധാരണ സമൂഹത്തിൽ ശക്തമായി നിലനിന്നിരുന്ന കാലത്താണ് കോട്ടയത്തു നിന്ന് ജയവിജയ എന്ന പഞ്ചാക്ഷരി നാദലോകത്ത് സ്വന്തം സിംഹാസം തീർത്തത്. ആറു പതിറ്റാണ്ടിലേറ നീണ്ട സംഗീത ജീവിതത്തിന് മംഗളം പാടി അവസാനിപ്പിച്ച് ജയവിജയന്മാരിലെ ജയൻ കൂടി യാത്രയായപ്പോൾ മറയുന്നത് ഒരു കാലഘട്ടത്തിന്റെ സംഗീത ചരിത്രം കൂടിയാണ്.
കർണ്ണാടക സംഗീതത്തിന് അത്രയൊന്നും പൈതൃകം അവകാശപ്പെടാനില്ലാതിരുന്ന കോട്ടയത്തുനിന്ന് എത്തിയ ജയവിജയന്മാര്‍ മലയാള സംഗീത ചരിത്രത്തിന് നൽകിയത് ഒരു ഗാനവസന്തമായിരുന്നു. തന്റെ ഇരട്ടക്കുട്ടികളെ പാട്ടുപടിക്കാൻ വിട്ടത് അച്ഛൻ ഗോപാലൻ തന്ത്രിയുടെ തീരുമാനമായിരുന്നു. കോട്ടയത്ത് അതുവരെയും കർണ്ണാടക സംഗീതം സവർണ്ണരുടെ കലയായിരുന്നു. ജനകീയകലയായി സാധാരണക്കാരുടെ ഇടയിലേക്ക് ക്‌ളാസിക്കൽ സംഗീതം എത്തിച്ചേർന്നിരുന്നില്ല. പാട്ടുപഠിച്ചാൽ പാടാൻ വേദിപോലും കിട്ടുന്ന കാര്യം അത്ര നിശ്ചയമില്ലാതിരുന്ന സമയം. ശ്രീ നാരായണഗുരുസ്ഥാപിച്ച നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഗോപാലൻ തന്ത്രിക്ക് മക്കളുടെ സംഗീതപഠനവും സാമൂഹ്യവ്യവസ്ഥിതിയോടുള്ള പോരാട്ടം കൂടിയായിരുന്നു.
advertisement
തന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചാണ് മക്കളെ ലോകമറിയുന്ന സംഗീതജ്ഞരാക്കാനുള്ള പോരാട്ടത്തിന് അദ്ദേഹം തുടക്കമിട്ടത്. രാമൻ ഭാഗവതർ ആയിരുന്നു ആദ്യ ഗുരു. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരുടെ കീഴിൽ കർണാടക സംഗീതം പഠിച്ചു തുടങ്ങി. തുടർന്ന്, തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ നിന്ന് ഗാനഭൂഷണം പാസായി. തൃശിനാപ്പള്ളി ആലത്തൂർ ബ്രദേഴ്‌സിൽ നിന്ന് തുടർപഠനം. അതിനു ശേഷം ഡോ.ബാലമുരളീകൃഷ്ണയുടെ ശിക്ഷണത്തിൽ ആറു വർഷവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 18 വർഷവും സംഗീതത്തിൽ ഉപരിപഠനം നടത്തിയാണ് ജയവിജയന്മാര്‍ സംഗീതത്തിന്റെ പഞ്ചാക്ഷരിയായി മാറുന്നത്.
കർണ്ണാടക സംഗീതത്തിൽ തുടരണം എന്ന പിതാവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതു കൊണ്ടാവാം സിനിമാ സംഗീതത്തോട് ഇരുവർക്കും വലിയ ആവേശം ഉണ്ടായിരുന്നില്ല. 63 വർഷം സംഗീത ജീവിതത്തിൽ രണ്ടായിരത്തോളം ഗാനങ്ങൾ, ശബരിമല, ഗുരുവായൂർ മൂകാംബിക തുടങ്ങിയ മഹാക്ഷേത്രങ്ങൾ ഉൾപ്പെടെ രാജ്യത്തിന് അകത്തും പുറത്തുമായി ആയിരക്കണക്കിനു പ്രൗഢവേദികളിൽ കച്ചേരികൾ നടത്തി കർണാടക സംഗീതത്തിലും ഭക്തിഗാനരംഗത്തും ഒരുപോലെ പ്രശസ്തിയുടെ പടവുകൾ കയറിയ ഇരട്ട സഹോദരങ്ങളായി അവർ മാറി.
ഈ സംഗീത യാത്രയിൽ രണ്ട് ഗാനങ്ങൾ സംഗീതത്തിന്റെ ചരിത്രത്തിൽ തന്നെ അക്കാലത്ത് രേഖപ്പെടുത്തുന്നതായി മാറി. ഒന്ന് അയ്യപ്പ ഭക്തിഗാനം സ്ത്രീ ശബ്ദത്തിൽ പാടുക, മറ്റൊന്ന് മുസ്ലീമിനെക്കൊണ്ട് ഹിന്ദുഭക്തിഗാനമെഴുതി പാടിക്കുക . ഇത് രണ്ടും സാധ്യമാക്കിയവരായിരുന്നു ജയവിജയന്മാര്‍. ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആൽബമായ ശബരിമല അയ്യപ്പനി'ലെ ഗാനമാണ് ഒരു വനിത ആദ്യമായി പാടുന്ന ശബരിമല അയ്യപ്പ ഭക്തിഗാനം .
'ഇഷ്ട ദൈവമേ' എന്ന ഗാനം പ്രശസ്ത സംഗീത സംവിധായകൻ പുകഴെന്തിയുടെ അമ്മാവനായ എം.പി. ശിവം ആയിരുന്നു രചന. അക്കാലത്തു പെണ്ണുങ്ങളെ കൊണ്ട് അയ്യപ്പ ഭക്തിഗാനം പാടിക്കാൻ പല സംഗീത സംവിധായകരും മടിച്ചിരുന്നു. ഇവർ ധൈര്യപൂർവം ആ ചരിത്ര ദൗത്യം പി. ലീലയെ ഏൽപ്പിച്ചു. പാട്ട് സൂപ്പർ ഹിറ്റായി. സ്വാമിസംഗീതത്തിന്റെ പടികൾ സ്ത്രീകൾ കയറി തുടങ്ങിയത് ആ ഗാനത്തോടെയാണ്.
ഇസ്ലാം മതവിശ്വാസി മുരുകസ്തുതി എഴുതിയ കൗതുകമുണർത്തുന്ന കാര്യം വായിച്ചത് രവിമേനോന്റെ ഒരു ലേഖനത്തിലായിരുന്നു. കച്ചേരിക്കായി സിംഗപ്പൂരിൽ ചെന്നപ്പോൾ ജയവിജയ യാദൃച്ഛികമായി ഖാദർ എന്നൊരാളെ പരിചയപ്പെടുന്നു അവർ. ചെന്നൈയിലെ തന്റെ ഓഫീസ് മാനേജരായിരുന്ന ഫാറൂഖിനെ ജയവിജയന്മാർക്ക് പരിചയപ്പെടുത്തിയത് ഖാദറാണ്. ഫാറൂഖ് തമിഴിൽ നന്നായി കവിതയെഴുതും. അദ്ദേഹം എഴുതിവെച്ച ഒരു ഗാനം ചിട്ടപ്പെടുത്താൻവേണ്ടി അദ്ദേഹം ജയവിജയക്ക് നൽകി.
വരികൾ ഇഷ്ടപ്പെട്ട പാട്ടുചിട്ടപ്പെടുത്തി യേശുദാസിനെക്കൊണ്ട് പാടിച്ച് ഗ്രാമഫോൺ റെക്കോർഡായി ഇറക്കണമെന്നായിരുന്നു ജയവിജയന്മാരുടെ ആഗ്രഹം. അവർ അതുമായി മുന്നോട്ടു നീങ്ങി. എന്നാൽ ഇക്കാര്യം സംസാരിച്ചപ്പോൾ ഒരാളും കൂടെ നിന്നില്ല. പാട്ട് ഗംഭീരം. പക്ഷേ എഴുതിയത് ഇസ്ലാം മത വിശ്വാസി ആണെന്നറിഞ്ഞപ്പോൾ ഗ്രാമഫോൺ കമ്പനി ജനറൽ ശരിയാവില്ല എന്നു പറഞ്ഞു മടക്കി.
പക്ഷെ ഇവരൊണ്ടോ വിടുന്നു, ഏതാണ്ട് ഒരുവർഷം കഴിഞ്ഞ് അവർ വീണ്ടും അതേ ആളെ വീണ്ടും കാണുന്നു ഇത്തവണ യേശുദാസിന് പാടാൻവേണ്ടി ഒരു മുരുകഭക്തി ഗാനം ഇങ്ങോട്ട് ആവശ്യപ്പെടുന്നത് കമ്പനി. ഒട്ടു സംശയിക്കാതെ ഫാറൂഖിന്റെ പഴയപാട്ടുതന്നെ ഒന്നുകൂടി എടുത്തുകൊടുത്തു ജയവിജയന്മാർ. പഴയ കഥയെല്ലാം മറന്നുപോയിരുന്നു . പാട്ട് വായിച്ചുനോക്കിയതും അദ്ദേഹം ചോദിച്ചു ''പ്രമാദമാന പാടൽ. ഇത് ആരെഴുതി?'' അദ്ദേഹത്തിന്റെ ചോദ്യം. ഒരു നിമിഷം മുഖത്തോടുമുഖം നോക്കിയിരുന്ന ശേഷം ജയവിജയന്മാർ ഒരേസ്വരത്തിൽ പറഞ്ഞു: ''അരുളവൻ. നാഗപട്ടണത്തിനടുത്ത മായാവരം സ്വദേശിയാണ്''.ആ പേരിൽ പാട്ട് പുറത്തിറങ്ങി അക്കാലത്തെ റെക്കോര്‍ഡ് വില്‍പ്പന നേടിയ പാട്ടായി അതുമാറി .അതിനുശേഷം ജയവിജയ തന്നെ ഗാനരചയിതാവിന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തുകയായിരുന്നു എന്ന് അതിൽ പറയുന്നു.
മലയാളത്തിൽ 19 സിനിമകൾക്കും തമിഴിൽ നാലു ചിത്രങ്ങൾക്കും ഈണം നൽകി. 'ഭൂമിയിലെ മാലാഖ' എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യം സംഗീതം ചെയ്തത്. പിന്നീട് 'കുരുതിക്കളം', 'സ്‌നേഹം', 'പിച്ചിപ്പൂ', 'നിറകുടം', 'തെരുവുഗീതം' തുടങ്ങിയ ചിത്രങ്ങൾ. 'നക്ഷത്രദീപങ്ങൾ തിളങ്ങി...', ''ഹൃദയം ദേവാലയം...' തുടങ്ങിയവ മലയാളത്തിലെ നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. 1988 ലാണ് ഇരട്ട സഹോദരൻ കെ.ജി വിജയൻ യാത്രയാവുന്നത്. സഹോദരന്റെ വിയോഗത്തിനു ശേഷം ആദ്യമായി കെ.ജി ജയൻ ഒറ്റയ്ക്ക് പാടുന്നത് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിലായിരുന്നു.
അദ്ദേഹം ഒറ്റയ്ക്ക് സംഗീത സംവിധാനം നിർവഹിച്ച കൃഷ്ണ ഭക്തിഗാന സമാഹാരമാണ് 'മയിൽപ്പീലി'. ''രാധതൻ പ്രേമത്തോടാണോ...'', ''ചന്ദന ചർച്ചിത...'', ''അണിവാക ചാർത്തിൽ ഞാൻ...'' തുടങ്ങി ഇതിലെ എല്ലാ ഗാനങ്ങളും ഭക്തിഗാനത്തിനപ്പുറം അനശ്വര ഹിറ്റുകളായി . തങ്ങളുടേതായ ചുറ്റും സംഗീത പ്രപഞ്ചം തീർത്താവരാണ് ജയവിജയൻമാർ. കർണ്ണാടക സംഗീതത്തിൽ സ്വന്തം കീർത്തനം പാടി അവസാനിപ്പിച്ച് ജയവിജയൻമാർ മടങ്ങുമ്പോൾ മലയാളിക്ക് മുന്നിൽ ഓർമ്മയാവുന്നത് പോരാട്ടത്തിന്റെ സംഗീത വഴികൾ കൂടിയാണ്.