TRENDING:

മുഖ്യമന്ത്രിപദത്തില്‍ 23 വര്‍ഷവും നാല് മാസവും 17 ദിവസവും; ജ്യോതിബസുവിന്റെ റെക്കോർഡ് തകർത്ത് നവീന്‍ പട്‌നായിക്ക്‌

Last Updated:

24 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങാണ് ഒന്നാം സ്ഥാനത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എന്‍ സി സത്പതി
Naveen Patnaik
Naveen Patnaik
advertisement

ജൂലൈ 22 ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമായിരുന്നു. 23 വര്‍ഷവും നാല് മാസവും 17 ദിവസവും പിന്നിട്ട് രാജ്യത്ത് ഏറ്റവും അധികകാലം മുഖ്യമന്ത്രി കസേരയിലിരുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിന്റെ റെക്കോഡാണ് നവീന്‍ പട്‌നായിക്ക് തകര്‍ത്തത്. 24 വര്‍ഷം മുഖ്യമന്ത്രി പദത്തിലിരുന്ന സിക്കിം മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങാണ് ഒന്നാം സ്ഥാനത്ത്. നവീന്‍ പട്‌നായിക്ക് 2024-ല്‍ പവന്‍ കുമാറിന്റെ റെക്കോഡ് തകര്‍ക്കുമെന്നാണ് കരുതുന്നത്.

advertisement

1997-ല്‍ പിതാവ് ബിജു പട്‌നായിക്കിന്റെ മരണത്തോടെയാണ് നവീന്‍ പട്‌നായിക്കിന്റെ ഒഡീഷ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. അതുവരെ സംസ്ഥാനത്ത് അധികമാര്‍ക്കും അറിയില്ലായിരുന്നു അദ്ദേഹത്തെ. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കിടയിലും പപ്പു എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ന്യൂഡല്‍ഹിയിലും ന്യൂയോര്‍ക്കിലുമായി ആഢംബരജീവിതം നയിച്ചിരുന്ന വ്യക്തിയാണ്. പ്രമുഖ എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ഗീതാ മെഹ്ത അദ്ദേഹത്തിന്റെ സഹോദരിയാണ്. നവീന്‍ പട്‌നായിക്കും ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജകീയ കലകള്‍, ബികാനേര്‍ രജപുത്രര്‍, ഇന്ത്യയിലെ ഔഷധസസ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള രചനകളാണ് അദ്ദേഹത്തിന്റെ പ്രമുഖ രചനകള്‍.

advertisement

പിതാവിന്റെ മരണത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്ന അദ്ദേഹം 1997-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ലോക്‌സഭയിലെത്തി. പിതാവിന്റെ മരണത്തോടെ ഒഴിഞ്ഞുകിടന്ന സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്. അതേവര്‍ഷം തന്നെ അദ്ദേഹം പാര്‍ട്ടി പിളര്‍ത്തി ബിജു ജനതാദള്‍ (ബിജെഡി) എന്ന പാര്‍ട്ടി രൂപീകരിച്ചു. 1998-ല്‍ ഈ പാര്‍ട്ടി ബിജെപിയുമായി കൈകോര്‍ത്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി ബാജ്‌പേയിയുടെ മന്ത്രിസഭയില്‍ എത്തിയ അദ്ദേഹം സ്റ്റീല്‍, ഖനന വകുപ്പ് മന്ത്രിയായി. 2000 വരെ അദ്ദേഹം മന്ത്രിസഭയില്‍ തുടര്‍ന്ന്.

1999-ല്‍ ഒഡീഷയില്‍ മൂന്ന് പ്രധാന സംഭവങ്ങള്‍ അരങ്ങേറി. ഇവയ്ക്ക് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജെബി പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നേരിട്ട് ബന്ധമില്ലായിരുന്നുവെങ്കിലും സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം ആളിക്കത്തി. മിഷനറി ഗ്രഹാം സ്‌റ്റെയിന്‍സിന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊല, കൂട്ടബലാത്സഗം, ചുഴലിക്കാറ്റിനെ നേരിടുന്നതിലെ പരാജയം എന്നിവയായിരുന്നു അവ. വളരെ പെട്ടെന്ന് ജെബി പട്‌നായിക്ക് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വില്ലനായി മാറിയത്. തൊട്ട് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ജെബി പട്‌നായിക്ക് തോല്‍വിയറിയുകയും നവീൻ പട്നായിക് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് എത്തുകയും ചെയ്തു. 2000 മാര്‍ച്ചില്‍ അദ്ദേഹം ഒഡീഷയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

advertisement

തുടര്‍ന്ന് തടസ്സങ്ങളില്ലാതെ ഇതുവരെ ഒഡീഷ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുന്നു. ഒഡീഷയിലെ ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ സ്‌നേഹബന്ധം തകരാതെ തുടരുന്നതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ ജനകീയ പ്രവര്‍ത്തനങ്ങളാണ്. കൂടാതെ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടി കേഡറും. ബ്യൂറോക്രാറ്റിക് വിഭാഗങ്ങളെ അമിതമായി ആശ്രയിക്കുന്ന അദ്ദേഹത്തിന്റെ രീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയായിട്ടുണ്ട്. എന്നാൽ ഇത് അദ്ദേഹത്തിന്റെ വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിന് ഏറെ സഹായിച്ചിട്ടുമുണ്ട്. ഭരണനേട്ടങ്ങള്‍ ഓരോരുത്തരുടെയും വീട്ടുപടിക്കല്‍ എത്തിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഈ കൂട്ട്‌കെട്ട് സഹായിച്ചിട്ടുണ്ട്.

advertisement

നിരന്തരം ചുഴലിക്കാറ്റ് ഭീഷണി നേരിടുന്ന ഒഡീഷയെ അതില്‍ നിന്ന് സംരക്ഷിക്കുന്നതിന് നവീന്‍ പട്‌നായിക്ക് സ്വീകരിച്ച നടപടികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദേശീയ ഹോക്കി ടീമുകള്‍ക്ക് ഒഡീഷ നല്‍കുന്ന പിന്തുണയും രാജ്യത്തിന് അകത്തും പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു. ഒഡീഷയെ ഇന്ത്യയുടെ ഹോക്കിയുടെ തലസ്ഥാനമാക്കി അദ്ദേഹം മാറ്റി. ദേശീയ രാഷ്ട്രീയത്തിലേക്ക് വരാന്‍ തീരെ താത്പര്യപ്പെടാതെ ഒഡീഷയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്നതിനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിക്കാന്‍ താത്പര്യപ്പെടാത്ത അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നു.

മികച്ച റോഡുകള്‍, സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയ നിര്‍ണായക ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ സംസ്ഥാനത്ത് നിര്‍മിക്കുന്നു. മതപരമായ വിശ്വാസം ഏറെ പുലര്‍ത്തുന്ന ഒഡീഷയിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നു. അതേസമയം തന്നെ ന്യൂനപക്ഷ സമുദായങ്ങളുടെ എണ്ണം കുറവാണെങ്കിലും അവരുടെ വികാരം വ്രണപ്പെടുത്താതെ അദ്ദേഹം തന്റെ മതേതര പ്രതിച്ഛായ കൂടി നിലനിര്‍ത്തുന്നുണ്ട്. 2009-ലെ കാണ്ഡമാല്‍ കലാപത്തിന് ശേഷം ബിജെപിയുമായുള്ള ബന്ധം അദ്ദേഹം വേണ്ടെന്ന് വെച്ചത് എന്തുകൊണ്ടാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. എല്ലാ വോട്ടുകളും പ്രധാനമാണെന്നും ഓരോ വോട്ടും കണക്കിലെടുക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു.

അക്രമസംഭവങ്ങള്‍ കുറഞ്ഞ, സമാധാന അന്തരീക്ഷം നിറഞ്ഞ ഒരു സംസ്ഥാനമെന്ന ഖ്യാതി അദ്ദേഹത്തിന്റെ കീഴില്‍ സംസ്ഥാനം നേടിയെടുത്തിട്ടുണ്ട്. അടുത്തിടെ പശ്ചിമബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കില്‍, കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെഡി മികച്ച വിജയം നേടുകയും സമാധാനപരമായ അന്തരീക്ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ വലിയ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാതെ സൂപ്പര്‍ ക്ലീന്‍ ഇമേജും അദ്ദേഹം നിലനിര്‍ത്തിയിട്ടുണ്ട്. ചിട്ടി ഫണ്ട്, ഖനന അഴിമതികള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു.

പട്‌നായിക്കിന്റെ പേരിലാണ് എല്ലാ ബിജെഡി നേതാക്കന്മാരും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്ന് പറയപ്പെടുന്നു. പാര്‍ട്ടിയുടെ നാഥനും അവസാന വാക്കും അദ്ദേഹമാണ്. പട്‌നായിക്ക് ഒരു കൗശലക്കാരനും അതേസമയം തെറ്റുകള്‍ പൊറുക്കാത്തയാളുമാണെന്ന് പാര്‍ട്ടിക്കിടയില്‍ തന്നെ സംസാരമുണ്ട്. പ്രശ്‌നക്കാരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നില്ല. അദ്ദേഹത്തിന്റെ പിതാവിന്റെ സഹായികള്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയജീവിതം ഇത്തരത്തിൽ അകാലത്തില്‍ പൊലിഞ്ഞിരുന്നു. തെറ്റുകള്‍ മറക്കുകയോ പൊറുക്കുകയോ ചെയ്യാത്തതാണ് അദ്ദേഹത്തിന്റെ ശീലം.

ഒഡീഷ രാഷ്ട്രീയത്തില്‍ മിക്കപ്പോഴും ഉയര്‍ന്നുവരുന്ന രണ്ട് ചോദ്യങ്ങളുണ്ട്. 76 വയസ്സുകാരനായ പട്‌നായിക്കിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചാണിത്. ആരായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമി? അദ്ദേഹത്തിന്റെ വിശ്വസ്തനും പ്രൈവറ്റ് സെക്രട്ടറിയുമായ വികെ പാണ്ഡ്യന്‍ നടത്തുന്ന ജില്ലകളിലെ സന്ദര്‍ശനവും മുഖ്യമന്ത്രിയെ പ്രതിനിധീകരിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളും ചില സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ബിജെഡിയുടെ അനന്തരാവകാശം ആര്‍ക്കായിരിക്കുമെന്നതിനെക്കുറിച്ച് യാതൊരു ഊഹാപോഹത്തിനും സ്ഥാനമില്ലെന്ന് വേണം കരുതാന്‍. അതിനെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല.

ഒഡീഷയിലെ അമ്മമാരും സഹോദരിമാരും ബിജെഡി സര്‍ക്കാര്‍ അടുത്ത 25 അല്ലെങ്കില്‍ 50 വര്‍ഷത്തേക്ക് വേണമെന്നല്ല, മറിച്ച് അടുത്ത 100 വര്‍ഷത്തേക്ക് വേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാപകദിനത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നവീന്‍ പട്‌നായിക്ക് പറഞ്ഞിരുന്നു. ബിജെഡി ഒരു സാമൂഹിക മുന്നേറ്റമാണെന്നും അത് ഒരാളെയോ രണ്ടാളെയോ മാത്രമല്ല ആശ്രയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യത്തെക്കുറിച്ച് പല ആശങ്കകളും ഉയരാറുണ്ടെങ്കിലും അദ്ദേഹം അത് ചിരിച്ച് തള്ളാറാണ് പതിവ്. ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോള്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്തരത്തിൽ പല ഊഹാപോഹങ്ങളും പരക്കാറുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നെറ്റ് ഫ്‌ളിക്‌സ് പരമ്പരയായ റൊമാന്റിക്‌സില്‍, ചലച്ചിത്ര നിര്‍മാതാവ് ആദിത്യ ചോപ്ര തന്റെ അച്ഛന്‍ യാഷ് ചോപ്രയുടെ പാരമ്പര്യത്തെ മറികടന്നു എന്ന് നടൻ അനിൽ കപൂർ പറയുന്നുണ്ട്. ഇതുപോലെ തുടര്‍ച്ചയായുള്ള അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടിയതോടെ തന്റെ പിതാവ് ബിജു പട്‌നായിക്കിന്റെ നേട്ടങ്ങളെനവീന്‍ പട്‌നായിക്ക് പിന്നിലാക്കിയിരിക്കുകയാണ്. 1997-ല്‍ അസ്‌കയില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നവീന്‍ പട്‌നായിക്ക് ഇതുവരെ ഒരു തിരഞ്ഞെടുപ്പില്‍പോലും തോറ്റിട്ടില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം അദ്ദേഹത്തിന്റെ പിതാവ് തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടിരുന്ന സ്ഥാനത്താണിത്. മറ്റ് രാഷ്ട്രീയ ചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നവീന്‍ പട്‌നായിക്ക് സ്വയം ഉയർന്നു വന്ന ഒരു രാഷ്ട്രീയ നേതാവാണ്. ബിജു പട്‌നായിക്ക് തന്റെ മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. എന്നാല്‍ തന്റെ പിതാവിന്റെ പാരമ്പര്യം അദ്ദേഹം പിന്തുടർന്നു. അത് പുതിയൊരു തലത്തിലേക്ക് എത്തിച്ചു എന്നതിൽ സംശയമില്ല. മറ്റൊരു സമാന്തര ശക്തിയില്ലാതെ ഒഡീഷയിലെ രാഷ്ട്രീയ ചരിത്രത്തില്‍ അതികായനായാണ് നവീന്‍ പട്‌നായിക്ക് ഉയര്‍ന്നുവന്നത്. അതില്‍ അദ്ദേഹം സ്ഥായിയായ ഒരു സ്ഥാനം കെട്ടിപ്പടുക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Opinion/
മുഖ്യമന്ത്രിപദത്തില്‍ 23 വര്‍ഷവും നാല് മാസവും 17 ദിവസവും; ജ്യോതിബസുവിന്റെ റെക്കോർഡ് തകർത്ത് നവീന്‍ പട്‌നായിക്ക്‌
Open in App
Home
Video
Impact Shorts
Web Stories