കേരളത്തിൽ കോവിഡ് കാലത്ത് കുറഞ്ഞിരുന്ന വാഹനാപകടങ്ങൾ വീണ്ടും വർധിച്ച് പഴയ സ്ഥിതിയിൽ എത്തിയിരിക്കയാണ്. മുൻകാലങ്ങളിൽ വാഹനാപകടം മൂലം വർഷംതോറും 4000 ത്തോളം പേർ മരണമടയുകയും അതിന്റെ പത്തിരട്ടിപേർക്ക് പലതരത്തിലുള്ള പരിക്കുകൾ പറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ ലഭ്യമായിട്ടുള്ള കണക്കനുസരിച്ച് 2021 ൽ 3262 പേർ മരണമടയുകയും 33,296 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട് ഇവരിൽ തന്നെ 24,275 പേർക്ക് ഗുരുതരമായ (Grievous Injury) പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. ഇവരിൽ പലർക്കും പിന്നീട് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
advertisement
ഈ വർഷം ഒക്ടോബറിൽ ടൂറിസ്റ്റ് ബസ്സപകടത്തിൽ അഞ്ച് കുട്ടികളടക്കം ഒമ്പത് പേർ മരണമടഞ്ഞത് കേരളസമൂഹത്തെ ഞെട്ടിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. ട്രാഫിക്ക് നിയമലംഘനം, അമിതവേഗത, മദ്യപാനം, വാഹനങ്ങളുടെ തകരാറ് തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ് വാഹനാപകടം ഉണ്ടാവുന്നത്. കേരളത്തിലെ ഒരു പ്രത്യേകത, റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗത പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാണ്. നിർഭാഗ്യവശാൽ അടുത്തകാലത്ത് ആംബുലൻസ് വാഹന അപകടങ്ങളും തുടർന്ന് പലർക്കും ജീവൻ നഷ്ടപ്പെടുന്നതും വർദ്ധിച്ച് വരുന്നുണ്ട്.
അപകടമുണ്ടാവുമ്പോൾ ഗുരുതരമായ പരിക്ക് പറ്റുന്നവരിൽ കൂടുതൽ പേരും ആദ്യത്തെ ഒരു മണിക്കൂറിലാവും മരണമടയുന്നത്. അതുകൊണ്ട് ഈ സമയത്തെ സുവർണ്ണ മണിക്കൂർ (Golden Hour) എന്ന് വിളിക്കാറുണ്ട്. പരിക്ക് പറ്റുന്നവരെ സുവർണ്ണ മണിക്കൂറിനുള്ളിൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കാൻ കഴിയാത്തത് കൊണ്ടാണ് മരണം ഉയർന്ന് തന്നെ നിൽക്കുന്നത്. കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ആംബുലൻസ് സംവിധാനവും പ്രധാനവീഥികൾക്കരികെയുള്ള ആശുപത്രികളിൽ അപകടചികിത്സക്കുള്ള ആധുനിക സംവിധാനങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിവിധ കമ്മറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പല നടപടികളും സർക്കാർ സ്വീകരിച്ച് വരുന്നുണ്ട്. എന്നാൽ അതെല്ലാം ഇനിയും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നാണ് 2021 ലെ കണക്കുകളും സമീപകാലത്ത് നടന്ന സംഭവങ്ങളും സൂചിപ്പിക്കുന്നത്.
വാഹനാപകടങ്ങൾ ഒഴിവാക്കാനും അപകടത്തിൽ പെട്ടവർക്കു ഉചിതപരിചരണം നൽകാനും ആരോഗ്യവകുപ്പും, മോട്ടോർ വാഹന വകുപ്പും ട്രാഫിക്ക് പോലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ ഒട്ടും വൈകരുത്. മാത്രമല്ല ഒരു വൻദുരന്തമുണ്ടാവുമ്പോൾ താതകാലികമായി ചില നടപടികൾ സ്വീകരിക്കയും പിന്നീടെല്ലാം പഴയപടിയാവുകയും ചെയ്യുന്ന സ്ഥിരംരീതി ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
(പൊതുജനാരോഗ്യപ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസിലറുമാണ് ലേഖകൻ )