കുമാരസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനലബ്ധിക്ക് അച്ഛൻ ദേവെഗൗഡ തൊണ്ണൂറുകളുടെ പകുതിക്ക് നടത്തിയ രാഷ്ട്രീയ ഇടപെടലുകളുമായി സമാനതകളുണ്ടെന്നത് യാദൃശ്ചികമാകാം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നടത്തിയ നീക്കങ്ങളാണ് അന്നത്തെ ദേവെഗൗഡയെപ്പോലെ കുമാരസ്വാമിയെ അധികാരത്തിലെത്തിച്ചത്.
സിനിമാമോഹങ്ങളുമായി നടന്ന കുമാരസ്വാമി ആകസ്മികമായാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1996ലെ പൊതുതെരഞ്ഞെടുപ്പിൽ കനകപുരയിൽനിന്ന് മൽസരിച്ചാണ് കുമാരസ്വാമി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നത്. 1998ൽ കനകപുരയിൽ തോൽക്കുന്നതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കളംമാറ്റുന്നത്. 1999ൽ സാതന്നൂരിൽനിന്ന് നിയമസഭയിലേക്ക് മൽസരിക്കുന്നു. 2004ൽ രാമനഗരയിൽനിന്ന് വീണ്ടും നിയമസഭയിലേക്ക്. അന്ന് കര്‍ണാടകത്തില്‍ ഇതുപോലൊരു തൂക്കുസഭ വന്നപ്പോള്‍ കുമാരസ്വാമിയുടെ പിന്തുണ ആദ്യം കോണ്‍ഗ്രസിന് ലഭിച്ചു. പലരും അമ്പരന്നു. ദേവഗൗഡ എന്ന പ്രധാനമന്ത്രിയെ സീതാറാം കേസരി എന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധികാരത്തില്‍ നിന്നു പുറത്താക്കി പതിറ്റാണ്ടു തികയും മുന്‍പായിരുന്നു കുമാരസ്വാമിയുടെ ആ പിന്തുണ. അതൊരു നാടകം മാത്രമായിരുന്നു. ഏറെ കഴിയും മുന്‍പ് ധരസിംങ്ങിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് കുമാരസ്വാമി കരുത്തറിയിച്ചു. പിന്നെ ബിജെപി പിന്തുണയോടെ ആദ്യമായി മുഖ്യമന്ത്രിയായി. കുമാരസ്വാമി ഉണ്ടാക്കിയ ആ കരാര്‍ ആണ് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി യെദ്യൂരപ്പയെ മാറ്റിയത്. ആ പിന്തുണ കൊണ്ടാണ് 2008ലെ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപപ്പെട്ടതും.
advertisement
ഇപ്പോള്‍ കുമാരസ്വാമി വന്നുനില്‍ക്കുന്നത് രണ്ടരപതിറ്റാണ്ടു മുന്‍പ് ദേവഗൗഡ നിന്ന അതേസ്ഥാനത്താണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയെല്ലാം ഒന്നിച്ചുകൊണ്ടുവന്ന് പുതിയ തണലൊരുക്കി. വോട്ടെടുപ്പിനു വോട്ടെണ്ണലിനും ഇടയിലെ രണ്ടുദിവസം സിംഗപ്പൂരിലെ ഹോട്ടലില്‍ ഇരന്നു നടത്തിയ നീക്കങ്ങളുടെ കൂടി ഫലമാണ് ഇന്നത്തെ സ്ഥാനാരോഹണം.
ഈ കസേരയിലേക്കുള്ള കടന്നുവരവ് ഒരു ലോട്ടറിയാണെന്ന് ആരു പറഞ്ഞാലും അതംഗീകരിക്കാത്ത ഒരാളുണ്ടാകും. അത് ഹരദനഹള്ളി ദേവെഗൗഡെ കുമാരസ്വാമി ആണ്. ആശയരാഷ്ട്രീയത്തിലല്ല അധികാര രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞയാള്‍. അച്ഛന്‍ ദേവഗൗഡ കടന്നുവന്ന അനുഭവങ്ങളുടെ കരുത്തായിരുന്നു എന്നും കൈമുതല്‍. ഹസനിലെ വീട്ടില്‍ നിന്ന് ദേവഗൗഡ പോയ വഴികളിലൂടെയായിരുന്നില്ല ഒരിക്കലും കുമാരസ്വാമിയുടെ യാത്രകള്‍. അച്ഛന്‍ സോഷ്യലിസ്റ്റ് വഴികളിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ കുമാരസ്വാമിക്ക് എന്നും വേറിട്ടവഴികളായിരുന്നു.