വാഹനാപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ അഞ്ചു മെഡിക്കൾ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞുപോയ ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. നിരവധി നടപടികൾ വിവിധതലങ്ങളിൽ സ്വീകരിച്ച് പോരുന്നുണ്ടെങ്കിലും കേരളത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നമായ വാഹനാപകടങ്ങളെ തുടർന്നുണ്ടാകുന്ന മരണങ്ങളും ഗുരുതരങ്ങളായ ശാരീരിക പരിക്കുകളും കാര്യമായി കുറഞ്ഞതായി കാണുന്നില്ല. വാഹനാപകടം മൂലം വർഷംതോറും 4000 ത്തോളം പേർ മരണമടയുകയും അതിന്റെ പത്തിരട്ടിപേർക്ക് പലതരത്തിലുള്ള പരിക്കുകൾ പറ്റുകയും ചെയ്ത് വന്നിരുന്നത് തുടരുകയണ്. നിർഭാഗ്യവശാൽ കോവിഡ് കാലത്ത് കുറഞ്ഞിരുന്ന വാഹനാപകടങ്ങൾ വീണ്ടും വർധിച്ച് പഴയ സ്ഥിതിയിൽ എത്തിയിരിക്കുന്നു.
advertisement
2020 ൽ കോവിഡ് വ്യാപകമായിരിക്കയും ക്വാറന്റൈൻ നടപ്പിലാക്കയും ചെയ്ത അവസരത്തിൽ പോലും 2929 പേർ മരണമടഞ്ഞു. 30510 പേർക്ക് പരിക്കേറ്റു. കോവിഡ് കുറഞ്ഞ് തുടങ്ങിയതോടെ 2021 ൽ 3262 പേർ മരണമടയുകയും 33,296 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഇവരിൽ തന്നെ 24,275 പേർക്ക് ഗുരുതരമായ (Grievous Injury) പരിക്കുകളാണ് സംഭവിച്ചിട്ടുള്ളത്. 2024 ഇതുവരെ 40,821 വാഹനാപകടകളിൽ പെട്ട് 40,821 പേർക്ക് പരിക്ക് പറ്റുകയും 3168 മരണമടയുകയും ചെയ്തിട്ടുണ്ട്. പരിക്ക് പറ്റിയവരിൽ പലർക്കും പിന്നീട് ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അടുത്തകാലത്ത് ആംബുലൻസ് വാഹന അപകടങ്ങളും തുടർന്ന് നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നതും വർദ്ധിച്ച് വരുന്നുണ്ട്.
2019ൽ 119, 2020ൽ 156, 2021ൽ 186 എന്നിങ്ങനെ ആംബുലൻസ് അപകടങ്ങൾ നിരന്തരം വർദ്ധിച്ച് വരികയാണ്. 2018 മുതൽ 2021 വരെയുള്ള നാലു കൊല്ലത്തിൽ ആംബുലൻസ് അപകടത്തിൽ 125 പേർ മരണമടഞ്ഞു. ഇതേകാലത്ത് 746. പേർക്ക് അപകടത്തിൽ പരിക്കേൽക്കയുണ്ടായി. ട്രാഫിക്ക് നിയമലംഘനം, അമിതവേഗത, മദ്യപിച്ചുള്ള വാഹനമോടിക്കൽ, വാഹനങ്ങളുടെ തകരാറ് തുടങ്ങി നിരവധി കാരണങ്ങൾ മൂലമാണ് വാഹനാപകടം ഉണ്ടാവുന്നത്. ദേശീയപാതക്കും സംസ്ഥാന പാതയേക്കാളുമേറെ അപകടം നടക്കുന്നത് മറ്റ് അനുബന്ധപാതകളിലാണെന്ന് കാണുന്നു. നമ്മുടെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിയും മറ്റും കാലകാലങ്ങളിൽ മുടങ്ങാതെ നടത്തി അവയെ സഞ്ചാരയോഗ്യമാക്കേണ്ടതാണ്. കേരളത്തിലെ ഒരു പ്രത്യേകത, റോഡുകളുടെ സ്ഥിതി മോശമാവുമ്പോൾ അതുമൂലവും റോഡുകൾ മെച്ചപ്പെടുമ്പോൾ അമിതവേഗത പ്രവണത മൂലവും അപകടമുണ്ടാവുന്നു എന്നതാണ്.
അപകടമുണ്ടാവുമ്പോൾ ഗുരുതരമായ പരിക്ക് പറ്റുന്നവരിൽ കൂടുതൽ പേരും ആദ്യത്തെ ഒരുമണിക്കൂറിലാവും മരണമടയുന്നത്. അത് കൊണ്ട് ഈ സമയത്തെ സുവർണ്ണ മണിക്കൂർ (Golden Hour) എന്ന് വിളിക്കാറുണ്ട്. അപകടസ്ഥലത്ത് വച്ച് തന്നെ പരിക്ക് പറ്റിയവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിലും സുവർണ്ണ മണിക്കൂറിനുള്ളിൽ ചികിത്സാസൗകര്യമുള്ള ആശുപത്രികളിൽ എത്തിക്കുന്നതിലും വീഴ്ച സംഭവിക്കുന്നത് കൊണ്ടാണ് അപകട മരണങ്ങൾ ഉയർന്ന് തന്നെ നിൽക്കുന്നതെന്ന് വേണം കരുതാൻ. ഗുരുതരമായ പരിക്ക് പറ്റിയവർക്ക് അപകടസ്ഥലത്ത് വച്ച് തന്നെ അടിയന്തിര പരിചരണം നൽകാനുള്ള സംവിധാനം ആംബുലൻസുകളിൽ ഒരുക്കേണ്ടതുണ്ട്. ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം നൽകേണ്ടതുണ്ട്. ശ്വാസം തടസ്സം നീക്കി ശ്വാസോച്ഛ്വാസം ക്രമാനുഗതമാക്കുക, ലായനികൾ ആവശ്യമെങ്കിൽ ഡ്രിപ്പ് നൽകുക തുടങ്ങിയ പ്രാഥമിക ചികിത്സകൾ വൈകാതെ നൽകിയാൽ നിരവധി ജീവൻ രക്ഷപ്പെടുത്താൻ കഴിയും. കഴുത്തിലെ കശേരുക്കൾക്ക് പരിക്ക് പറ്റിയാൽ പിന്നീട് കൈകാലുകൾ തളർന്ന് പോവാൻ സാധ്യതയുണ്ട് ഇതൊഴിവാക്കാൻ കോളറുകൾ (Cervical Collar) അവശ്യമുള്ളവർക്ക് ലഭ്യമാക്കേണ്ടതാണ്.
അപകടസ്ഥാലത്ത് നിന്നും പരിക്ക് പറ്റിയവരെ ആംബുലൻസിലേക്ക് മാറ്റുന്നതിലും സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അപകടത്തിൽ സംഭവിച്ചതിന് പുറമേ കൂടുതൽ ഗുരുതരങ്ങളായ ശാരീരിക പ്രശ്നങ്ങളുണ്ടാവാനിടയുണ്ട്. ഇതിനെ രണ്ടാം പരിക്ക് (Second Injury) എന്ന് വിശേഷിപ്പിക്കാറുണ്ട്. കാർ, സ്കൂട്ടർ, മോട്ടോർ സൈക്കിൾ, ജീപ്പ്, ട്രിപ്പർ ലോറികൾ എന്നിവയാണ് അപകടത്തിൽ പെടുന്ന പ്രധാനവാഹനങ്ങൾ, ഡ്രൈവ് ചെയ്യുന്നവരുമായി ബന്ധപ്പെട്ട കാരണങ്ങളാണ് കൂടുതൽ അപകടങ്ങളിലേക്കും നയിക്കുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഹെൽമറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെങ്കിലും പുറകിലിരുന്ന് യാത്രചെയ്യുന്നവർ പലരും ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ താത്പര്യം കാട്ടുന്നില്ല. മോട്ടോർ സൈക്കിൾ-സ്കൂട്ടർ യാത്രക്കാരിൽ അപകടത്തെ തുടർന്ന് തലക്ക് പരിക്കു പറ്റുകയും മരണമടയുകയും ചെയ്യുന്നവരിൽ കൂടുതലും പിൻഭാഗ യാത്രക്കാരാണെന്ന് (Pillion Riders) പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ തരത്തിലുള്ള വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് ഇടക്കിടെ അപകടം നിയന്ത്രണത്തിൽ പരിശീലനം നൽകേണ്ടതുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അപകടസാധ്യതയുള്ള പ്രധാനവീഥികൾക്കരികിലുള്ള ആശുപത്രികളിൽ അപകടചികിത്സക്കുള്ള ആധുനിക സംവിധാനങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. സ്വകാര്യ ആശുപത്രികളെയും ഇക്കാര്യത്തിൽ പങ്കാളികളക്കേണ്ടണ്ടതാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിനും പരിക് പറ്റിയവർക്ക് ചികിത്സ നൽകുന്നതിലും വിവിധ കമ്മറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടികളും സർക്കാർ സ്വീകരിച്ച് വരുന്നുണ്ട്.
കാഷ്വാലിറ്റിയിൽ പരിക്ക് പറ്റിയവരടക്കമുള്ള ഗുരുതരസ്വഭാവമുള്ളവരുടെയും ഇടനടി ചികിത്സനൽകേണ്ടവരുടെയും പരിചരണം ഉറപ്പുവരുത്തുന്നതിനായി എമർജൻസി മെഡിസിൻ വിഭാഗം ചില മെഡിക്കൽ കോളെജുകളിലും സ്വകാര്യ ആശുപത്രികളിലും ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. പരിക്ക്പറ്റിയവരെ സമയനഷ്ടം ഒഴിവാക്കി വേർതിരിച്ച് (Triage) സവിശേഷപരിചരണം നൽകാൻ ഇതുവഴി കഴിയുന്നതാണ്. കാഷ്വാലിറ്റിയിൽ നിന്നും അഡ്മിറ്റ് ചെയ്യപ്പെടുന്ന, തീവ്രപരിചരണം ആവശ്യമുള്ളവർക്കായി ക്രിറ്റിക്കൽ കെയർ ഐസിയുകളും ആരംഭിച്ചിട്ടുണ്ട്. മനുഷ്യവിഭവശേഷിയും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കി എല്ലാം മെഡിക്കൽ കോളേളുകളിലും, ഘട്ടം ഘട്ടമായി ജില്ലാ ആശുപത്രികളിലും, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്. ഏതാനും സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ മെഡിക്കൾ കോളേജുകളിലും മാത്രമാണ് എമർജൻസി മെഡിസിൻ, ക്രിട്ടികൽ കെയർ വിഭാഗവുമായി ബന്ധപ്പെട്ട പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകൾ ആരംഭിച്ചിട്ടുള്ളത്. എല്ലാ മെഡിക്കൽ കോളേജുകളിലും ഇവർക്കുള്ള കോഴ്സുകൾ ആരംഭിക്കേണ്ടതുണ്ട്. പരിക്ക് പറ്റിയവരെ പുന:രധിവസിപ്പിക്കുന്നതിനുള്ള (Rehabilitation) സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്ട്മെന്റുകൾക്ക് പ്രത്യേക പങ്ക് വഹിക്കാനുണ്ട്.വാഹനാപകടങ്ങൾ ഒഴിവാക്കാനും അപകടത്തിൽ പെട്ടവർക്കു ഉചിതപരിചരണം നൽകാനും നിരവധി സംരംഭങ്ങൾ വിവിധ തലങ്ങളിലായി നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോഷിയേഷൻ പോലുള്ള പ്രൊഫഷണൽ സംഘടനകളും ഇക്കാര്യത്തിൽ ഇടപെട്ട് തുടങ്ങിയിട്ടുള്ളത് സ്വാഗതാർഹമാണ്.
എങ്കിലും അവയൊന്നും വേണ്ടത്ര ഫലവത്തായിട്ടില്ലെന്നാണ് വാഹനാപകടങ്ങളെ സംബന്ധിച്ച പോലീസ് ഡിപ്പാർട്ട്മെന്റിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. എവിടെയൊക്കെയാണ് പഴുതുകൾ എന്ന് കണ്ടെത്തി ഉചിതമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മോട്ടോർ വാഹന വകുപ്പും ട്രാഫിക്ക് പോലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും, പ്രൊഫഷണൽ സംഘടനകളും സ്വകാര്യ ആശുപത്രികളും, പ്രവർത്തനങ്ങൾ ഏകോപ്പിച്ച് കൂടുതൽ ഫലവത്തായി പ്രവർത്തിക്കാൻ ഒട്ടും വൈകരുത്. മാത്രമല്ല ഒരു വൻദുരന്തമുണ്ടാവുമ്പോൾ താതകാലികമായി ചില നടപടികൾ സ്വീകരിക്കയും പിന്നീടെല്ലാം പഴയപടിയാവുകയും ചെയ്യുന്ന സ്ഥിരംരീതി ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
(പ്രശസ്ത പൊതുജനാരോഗ്യപ്രവർത്തകനും ന്യൂറോ സർജനുമാണ് ലേഖകൻ)