അഞ്ചു വര്‍ഷം കാലാവധിയുള്ള ഒരു സര്‍ക്കാരിന്റെ ആദ്യ 100 ദിനങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ടതുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ കേരളത്തെ മുന്‍നിര്‍ത്തി പറയുമ്പോള്‍ രണ്ടു കാര്യങ്ങള്‍ കണക്കിലെടുക്കണം. ഒന്ന്; സംസ്ഥാനത്തുണ്ടായ ഭരണത്തുടര്‍ച്ച, രണ്ട്; തുടരുന്ന കോവിഡ് പ്രതിസന്ധി. പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേതൃത്വവും ഭരണരീതിയും തുടരുന്നുവെന്ന് മാത്രമല്ല, പുതിയ ലോകക്രമവും പാന്‍ഡമിക്കും മുന്നോട്ടു വെച്ച പ്രതിസന്ധികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഭരണ സംവിധാനത്തിന്റെ പുനര്‍ നിര്‍വചനത്തിനോ പുനര്‍ക്രമീകരണത്തിനോ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടുമില്ല. തുടര്‍ച്ചയായി ലഭിച്ച ജനവിധി എന്തു ജനവിരുദ്ധ സമീപനവും സ്വീകരിക്കാനും തുടരാനുമുള്ള ലൈസന്‍സായാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്. കോവിഡ് നിയന്ത്രണത്തില്‍ പരാജയപ്പെട്ടെന്നു മാത്രമല്ല ജീവിതം വഴിമുട്ടിയ പൊതുജനത്തിന്റെ ദൈന്യത കണ്ടില്ലെന്നു നടിച്ച് മരംകൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഭരണകൂടമായി മാറിയിരിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.
advertisement
കോവിഡ്- തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും രണ്ടു സമീപനം
ഈ മഹാമാരിക്കാലത്ത് അടച്ചിടലും അനിശ്ചിതത്വവുമാണ് ജനങ്ങള്‍ക്ക് ചുറ്റും. ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഈ പ്രതിസന്ധിയില്‍ എന്താണ് കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നത്? കോവിഡ് മരണക്കണക്ക് ശരിയാക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടത് സര്‍ക്കാരിനെതിരെ രാഷ്ട്രീയമായ പോര്‍മുഖം തുറക്കാനല്ല. മനുഷ്യരുടെ കടുത്ത ദുരന്തങ്ങളെ, തീരാനഷ്ടങ്ങളെ ആര്‍ക്കാണ് അങ്ങനെ കാണാനാവുക. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം, അതെത്ര അപര്യാപ്തമാണെങ്കിലും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം തന്നെയാണ്. അതു നഷ്ടപ്പെടാതിരിക്കാനാണ് കോവിഡ് മരണക്കണക്കുകള്‍ ശരിയായി ക്രോഡീകരിക്കണമെന്ന് പറയുന്നത്. അതില്‍ പോലും രാഷ്ട്രീയവും അസഹിഷ്ണുതയും സമം കലര്‍ത്തി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയാല്‍ ആ സര്‍ക്കാരിനെക്കുറിച്ച് എന്തു പറയാനാണ്?
മഹാമാരിക്കാലത്ത് ജനങ്ങളുടെ ദുരിതം പഠിക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കണമെന്ന പ്രതിപക്ഷ നിര്‍ദ്ദേശത്തോട് പോലും തികഞ്ഞ അസഹിഷ്ണുതയാണ് സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കോവിഡ് വിഷയത്തില്‍ സര്‍ക്കാരിന് രണ്ട് സമീപനമാണ്. ഒന്നാം തരംഗത്തേക്കാള്‍ ദുരന്തം വിതച്ച രണ്ടാം തരംഗത്തില്‍ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ച് സാമ്പത്തിക പ്രതിസന്ധിയിലായ ജനത്തെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദിവസേന ആയിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് വീടുകളിലേക്കെത്തുന്നത്. വട്ടിപ്പലിശക്കാര്‍ വീട്ടമ്മമാരോട് ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കടക്കെണിയില്‍പ്പെട്ട് സംസ്ഥാനത്ത് ഇപ്പോഴും ആത്മഹത്യകള്‍ തുടരുകയാണ്. ജീവിത മാര്‍ഗം വഴിമുട്ടി 65 ദിവസത്തിനിടെ 35 പേരാണ് ആത്മഹത്യ ചെയ്‌തെന്നാണ് അനൗദ്യോഗികമായ കണക്ക്. (ഓഗസ്റ്റ് 24 വരെ). സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡാനന്തര ചികിത്സയ്ക്ക് പണം നല്‍കണമെന്ന ഉത്തരവും ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
ജനത്തെ കൊള്ളയടിച്ച് 'പെറ്റി' പൊലീസ്
മഹാമാരിക്കാലത്ത് അന്നം തേടി ഇറങ്ങുന്നവരെ കൊള്ളയടിക്കുന്ന സമീപനമാണ് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ട പൊലീസ് ചെയ്യുന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജനം നട്ടംതിരിയുമ്പോഴും അവരെ കൊള്ളയടിച്ച് ഖജനാവ് നിറയ്ക്കമെന്ന നിര്‍ദ്ദേശമാണ് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. പാരിപ്പള്ളിയില്‍ വൃദ്ധയുടെ മത്സ്യക്കൊട്ട വലിച്ചെറിഞ്ഞതും ചിക്കന്‍ വാങ്ങിവാനെത്തിയവര്‍ക്കും എ.ടി.എമ്മിന് മുന്നില്‍ വരി നിന്നവര്‍ക്കും പെറ്റി നല്‍കിയതും ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. പുല്ലരിയാന്‍ ഇറങ്ങിയ ആള്‍ക്കും വാര്‍പ്പ് പിടിച്ചവര്‍ക്കും പെറ്റി നല്‍കിയ പൊലീസ് നടപടി പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖങ്ങളില്‍ ഒന്നു മാത്രമാണ്.
പൊലീസ് ക്രൂരത പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും
ലോക ആദിവാസി ദിനത്തിന്റെ തൊട്ടു തലേന്ന് അട്ടപ്പാടി ഊരുമൂപ്പനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത് ഇത്തരം ജനവിഭാഗങ്ങളോട് സര്‍ക്കാരിന് എത്രത്തോളം കരുതലുണ്ടെന്നതിനു തെളിവാണ്. നിയമ വിരുദ്ധമായി പുലര്‍ച്ചെയാണ് പൊലീസ് സംഘം ഊരിലെത്തിയത്. ഇരുവരെയും കുടുംബാംഗങ്ങളെയും ക്രൂരമായി മര്‍ദ്ദിച്ചു. ഭരണകക്ഷിയുമായി ബന്ധമുള്ള ഭൂമാഫിയയ്ക്കു വേണ്ടിയാണ് പൊലീസ് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് ആക്ഷേപം. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പൊലീസ് നടപടി പരിശോധിക്കാമെന്നു പറയാനുള്ള ജനാധിപത്യപരമായ മര്യാദ പോലും മുഖ്യമന്ത്രി കാട്ടിയില്ല.
മരംമുറിയിലെ ധര്‍മ്മടം ബന്ധത്തില്‍ ഇപ്പോഴും മൗനം
കേരളം കണ്ട ഏറ്റവും വലിയ മരം കൊള്ളയാണ് വയനാട് മുട്ടില്‍ നടന്നത്. ഉദ്യോഗസ്ഥ, രാഷ്ട്രീയ, തടിവെട്ട് മാഫിയകള്‍ ഒത്തുചേര്‍ന്നു നടത്തിയ ഈ കൊള്ളക്ക് വഴിവെച്ച വിവാദ റവന്യൂ ഉത്തരവ് മാത്രം മതി ഇതിന്റെ വേരുകള്‍ ഏതറ്റം വരെ നീളുന്നുവെന്ന് മനസിലാക്കാന്‍. കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിക്കുന്നത്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന ഫയല്‍ മുഖ്യമന്ത്രി മുക്കി. വിവരാവകാശ പ്രകാരം രേഖകള്‍ നല്‍കിയ സെക്രട്ടേറിയറ്റിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രതികാര നടപടിയെടുത്തു. ഉദ്യോഗസ്ഥയ്ക്ക് നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി പ്രിന്‍സിപ്പല്‍ സെക്രട്ടറി പിന്‍വലിച്ചതും കേട്ടുകേള്‍വിയില്ലാത്തതാണ്. ജനം ആട്ടിപ്പുറത്താക്കുമെന്ന ഭയംകൊണ്ടാണ് വിവരാവകാശ നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്ന് 2016-ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിച്ച പിണറായി വിജയനാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് ഇതൊക്കെ ചെയ്യുന്നതെന്നതും കൗതുകകരമാണ്. കണ്ണൂര്‍ ചക്കരക്കല്ലില്‍ വനം മാഫിയയ്‌ക്കെതിരെ മൊഴി നല്‍കിയ യുവാവിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ സംഭവവും ഭരണകൂടം ആര്‍ക്കൊപ്പമെന്നതിന്റെ ദൃഷ്ടാന്തമാണ്.
ഉമ്മന്‍ ചാണ്ടിക്ക് കിട്ടാത്ത നീതി പിണറായിക്ക് ലഭിക്കുമോ?
മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന, സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയില്‍ ഒരു നിയമ നടപടികളും കേന്ദ്ര- സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്വീകരിക്കാത്തത് ജനാധിപത്യ വ്യവസ്ഥയിലെ അത്ഭുതമാണ്. വിഷയത്തില്‍ പിണറായി വിജയന്‍ ഇപ്പോഴും മൗനം തുടരുകയാണ്. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ ലഭിക്കും. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഭരണകക്ഷി ഇടപെട്ടെന്ന് സ്ഥലം മാറിപ്പോയ കസ്റ്റംസ് കമ്മിഷണര്‍ ആരോപണം ഉന്നയിച്ചതും ഏറെ ഗൗരവകരമാണ്. ഇക്കാര്യത്തില്‍ സി.പി.എമ്മും മുഖ്യമന്ത്രിയുമാണ് മറുപടി പറയേണ്ടത്.
പ്രാകൃതമായി ഓണ്‍ലൈന്‍ അധ്യയനം
മഹാമാരിക്കാലത്ത് ഓണ്‍ലൈന്‍ വഴിയാണ് സംസ്ഥാനത്ത് അധ്യയനം നടക്കുന്നത്. എന്നാല്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ ഇപ്പോഴും ഓണ്‍ലൈന്‍ അധ്യയനത്തിന് പുറത്താണ്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കണ്ണവം വനമേഖലയില്‍ മൊബൈലില്‍ റേഞ്ചില്ലാത്തതിനാല്‍ പഠനാവശ്യത്തിന് മരത്തിനു മുകളില്‍ കയറിയ വിദ്യാര്‍ഥി താഴെ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവം ഏറെ ഞെട്ടിക്കുന്നതാണ്. ഓണ്‍ലൈന്‍ അധ്യയനം ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും വനമേഖലകളിലുള്‍പ്പെടെ താമസിക്കുന്ന കുട്ടികള്‍ അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്ന യാഥാര്‍ഥ്യമാണ് ഈ ദാരുണ അപകടത്തിലൂടെ പുറത്തുവരുന്നത്. ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കുമെന്നും പറയുന്നതല്ലാതെ പ്രയോഗിക നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ഓണ്‍ലൈന്‍ അധ്യയനത്തിലാകട്ടേ പ്രാകൃതമായ രീതിയിലാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനോ ക്ലാസുകള്‍ ആകര്‍ഷകമാക്കാനോ വിദ്യാഭ്യാസ വകുപ്പും മുന്‍കൈയ്യെടുക്കുന്നില്ല. പുസ്തകം ക്യാമറയ്ക്കു മുന്നില്‍ കാണിച്ചാണ് പല അധ്യാപകരും ഇപ്പോഴും ക്ലാസെടുക്കുന്നത്.
കള്ളക്കടത്തിനും പാര്‍ട്ടി സൈബര്‍ പോരാളികള്‍
കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കു ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് ഭരണകക്ഷിയുടെ സൈബര്‍ പോരാളിയായ അര്‍ജുന്‍ ആയങ്കി അറസ്റ്റിലാകുന്നത്. സ്വര്‍ണക്കടത്തു സംഘത്തിന് ടി പി ചന്ദ്രശേഖരന്‍ വധ കേസിലെ പ്രതികള്‍ സഹായം നല്‍കിയെന്നും ഇയാള്‍ കസ്റ്റംസിനു മൊഴി നല്‍കി. പ്രതികളിലൊരാള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകുയും ചെയ്തു. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലിലിരുന്നുകൊണ്ട് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നതെന്നു വിശദീകരിക്കാന്‍ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.
കുഴല്‍പ്പണ കേസില്‍ ഒത്തുതീര്‍പ്പ്
ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളാകില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെപിയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഫലമാണ്. സ്വര്‍ണക്കടത്തു കേസിലെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഒരു സുപ്രഭാതത്തില്‍ പത്രസമ്മേളനങ്ങള്‍ പൊടുന്നനെ അവസാനിപ്പിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടിയതാണ്. പൊലീസിനൊപ്പം കേന്ദ്ര ഏജന്‍സികള്‍ കൂടി കുഴല്‍പ്പണ കേസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ ബി.ജെ.പിയെ സഹായിക്കാനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ പൊലീസ് നല്‍കിയ കുറ്റപത്രത്തിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പോള്‍ ആരാണ് ശരിക്കും ബി.ജെ.പി നേതാക്കളെ സഹായിക്കുന്നത്. തട്ടിപ്പു കേസുകളില്‍പ്പെട്ട ഈ രണ്ടു കൂട്ടരും പര്‌സ്പര സഹായക സംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
ക്രിമിനല്‍ കേസില്‍ വിചാരണ നേരിടേണ്ടയാള്‍ വിദ്യാഭ്യാസ മന്ത്രി
നിയമസഭാ കൈയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച വി. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറാകാത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വാദിക്കും പ്രതിക്കും വേണ്ടി സര്‍ക്കാര്‍ ഹാജരാകുന്നത് അത്യപൂര്‍വമാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. കെ എം മാണിക്കെതിരെ നിയമസഭയില്‍ അക്രമം കാട്ടിയവര്‍ മാണിയുടെ മകനെ ഇപ്പോള്‍ ഒപ്പംകൂട്ടിയതും മറ്റൊരു രാഷ്ട്രീയ ആഭാസമാണെന്നതു പറയാതെവയ്യ. യുവതിയെ കടന്നു പിടിച്ച കേസ് ഒതുക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ നിഘണ്ടു ഉദ്ധരിച്ച് മന്ത്രി ശശീന്ദ്രനെ പൊലീസ് കുറ്റ വിമുക്തനാക്കി. സ്ത്രീ പീഡനകേസ് മന്ത്രി ഇടപെട്ട് എങ്ങനെയാണ് ഒത്തുതീര്‍പ്പാക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കലാണോ മന്ത്രിമാരുടെ പണി, അതും സ്ത്രീ പീഡന കേസുകള്‍. പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട മന്ത്രി ശശീന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ഇരയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഏത് നിഘണ്ടു ഉപയോഗിച്ച് നിയമോപദേശം നല്‍കിയാലും ഇവ രണ്ടും അതീവ ഗൗരവകരമായ കുറ്റകൃത്യങ്ങളാണ്.
പ്രതികളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും ചെലവിട്ടത് 19 കോടി
പിണറായി സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ പാര്‍ട്ടി നേതാക്കളോ ബന്ധുക്കളോ ഉള്‍പ്പെട്ട കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ 19 കോടി രൂപയാണ് ഖജനാവില്‍ നിന്നും ചെലവഴിച്ചത്. പെരിയ ഇരട്ടക്കൊലപാതകം, ഷുഹൈബ് വധം എന്നീ കേസുകളിലുള്‍പ്പെടെയാണ് സുപ്രീംകോടി അഭിഭാഷകരെ സര്‍ക്കാര്‍ ചെലവില്‍ ഹാജരാക്കി പ്രതികളെ രക്ഷിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇത് ജനങ്ങളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്.
വാളയാര്‍ ആകരുത്, വണ്ടിപ്പെരിയാര്‍
മനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ സംഭവമാണ് മലയോരപ്രദേശമായ വണ്ടിപ്പെരിയാറില്‍ നടന്നത്. മൂന്നു വര്‍ഷത്തോളം പീഡനത്തിന് ഇരയാക്കിയ ശേഷം ആറു വയസുകാരിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഭരണകക്ഷിയുടെ പ്രാദേശിക നേതാവാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് എന്നതിനാല്‍ വാളയാറിലെ സഹോദരിമാരുടെ കൊലപാതകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവവും. അതുകൊണ്ടു തന്നെ വാളയാര്‍ കേസിലുണ്ടായ അട്ടിമറി വണ്ടിപ്പെരിയാറില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചു
ഓഗസ്റ്റ് 4 ന് 500 ഓളം പി.എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് അവസാനിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പിന്നീട് പാലിച്ചില്ല. സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ശത്രുക്കളെ പോലെയല്ല, അവരെ മക്കളെ പോലെയാണ് കാണേണ്ടത്. ആള്‍മാറാട്ടം നടത്തിയും ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് ചോദ്യക്കടലാസുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കി റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നല്‍കിയവരാണ് പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ത്തത്.
സഹകരണമേഖലയെ തകര്‍ക്കാന്‍ നിക്ഷേപ തട്ടിപ്പ്
തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എം ഭരണസമിതിയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പാണ് നടന്നത്. സി.പി.എം ജില്ലാ- ഏരിയാ കമ്മിറ്റികള്‍ തട്ടിപ്പ് വിവരം തുടക്കം മുതല്‍ക്കേ അറിഞ്ഞിട്ടും മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. അതിനു ശേഷവും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ടെ സി.പി.എം പ്രദേശിക നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് തുടക്കം മുതല്‍ക്കെ സ്വീകരിച്ചു പോരുന്നത്.
മത്സ്യത്തൊഴിലാളികളെ കൊലയ്ക്ക് കൊടുത്ത് സര്‍ക്കാര്‍
പ്രളയകാലത്ത് ആയിരക്കണക്കിന് പേരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. അശാസ്ത്രീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ആറു വര്‍ഷത്തിനിടെ 60 മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ഈ വര്‍ഷം മാത്രം പത്തിലധികം പേര്‍ മരിച്ചു. ഈ വിഷയം അടൂര്‍ പ്രകാശ് എം.പി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പടുത്തിയപ്പോള്‍ ഒരു പ്രശ്നവും ഇല്ലെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴും നിഷേധാത്മക നിലപാടാണ് വകുപ്പ് മന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്.
പലായനം ചെയ്ത് കുട്ടനാട്ടുകാര്‍
എല്ലാം നഷ്ടപ്പെട്ട കുട്ടനാട്ടുകാര്‍ പലായനം ചെയ്യുകയാണ്. കുട്ടികള്‍ക്കും വയോധികര്‍ക്കും വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാല്‍ ചെളിയില്‍ താഴ്ന്നു പോകും. എ.സി കാനാല്‍ വഴിയുള്ള നീരൊഴുക്ക് തടസപ്പെട്ടതിനു പിന്നാലെ സര്‍ക്കാരിന്റെ വാഗ്ദാനപ്പെരുമഴ കൊണ്ടുള്ള വെള്ളവും കുട്ടനാട്ടില്‍ കെട്ടിക്കിടക്കുകയാണ്. കുട്ടനാടിനെ സഹായിക്കാനെന്ന പേരില്‍ തോട്ടപ്പള്ളി സ്പില്‍ വേയില്‍ മണ്ണുനീക്കലല്ല കരിമണല്‍ ഖനനമാണ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെ കുട്ടനാടിനു വേണ്ടിയുള്ള 500 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങി.
ഞങ്ങള്‍ പ്രതിപക്ഷമല്ല, ജനപക്ഷം
നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ അഴിമതി, പൊതുമുതല്‍ കൊള്ളയടിക്കല്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയോട് സര്‍ക്കാര്‍ കാട്ടുന്ന അസഹിഷ്ണുതയും ധാര്‍ഷ്ഠ്യവും ജനാധിപത്യത്തോടുള്ള വെല്ലുവളിയാണ്. തുടക്കത്തില്‍ പറഞ്ഞത് ആവര്‍ത്തിക്കട്ടേ, നൂറു ദിവസമെന്നത് വലിയൊരു കാലയളവാണെന്നു ഞങ്ങള്‍ കരുതുന്നില്ല, പക്ഷെ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും തിരുത്തല്‍ ശക്തിയായിരുന്നു. സര്‍ഗാത്മക പ്രതിപക്ഷമെന്നത് പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു. ഞങ്ങള്‍ പ്രതിപക്ഷമല്ല, ജനപക്ഷമാണ്.
(പ്രതിപക്ഷ നേതാവും പറവൂർ എംഎൽഎയുമാണ് ലേഖകൻ, അഭിപ്രായങ്ങൾ വ്യക്തിപരം)